തിരുവനന്തപുരം: കേരളത്തിലെ നിരത്തുകളിൽ ധാരാളം പഴി കേൾക്കുമെങ്കിലും കേരളത്തിന് പുറത്ത് ഹീറോയുടെ പരിവേഷമുള്ള ഒന്ന്. അതാണ് നമ്മുടെ നാട്ടിലെ ആനവണ്ടികൾ. സംസ്ഥാനത്തിന് പുറത്ത് അടിയന്തര ഘട്ടങ്ങളിൽ സേവനത്തിനെത്തിയിട്ടുണ്ട് പലപ്പോഴും കെഎസ്‌ആർടിസി ബസുകൾ. ആനവണ്ടി മുന്നിലുണ്ടെങ്കിൽ ഒരു ധൈര്യമാണെന്ന് സോളോ ടൂർ പോകുന്നവർ പോലും സോഷ്യൽ മീഡിയയിൽ പറയാറുണ്ട്.
ഫേസ്‌ബുക്ക് കാലത്തിന് മുൻപ് 2009ൽഓർക്കൂട്ട് കൂട്ടായ്‌മയായി തുടങ്ങിയ ആനവണ്ടി ഫാൻസ് സൗഹൃദമാണ് പിന്നീട് 'ഐ ലവ് മൈ കെഎസ്ആർടിസി' എന്ന പേരിലായി മാറിയത്. കെഎസ്‌ആർടിസി വാഹനങ്ങൾ സൗജന്യമായി വൃത്തിയാക്കുകയും യാത്രാ കൂട്ടായ്‌മ ഉണ്ടാക്കുകയും മാത്രമല്ല ബസുകൾക്ക് വേണ്ട ബോർഡ് നൽകുക, ബസ് നമ്പരും റൂട്ടും ഗ്രൂപ്പുകളിലൂടെ അറിയിക്കുക എന്നിങ്ങനെ ഒരു ബസ്‌സർവീസ് നാട്ടിൽ നിലനിന്നുപോകാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ഈ യുവാക്കളുടെ കൂട്ടായ്‌മ ചെയ്‌തുവന്നു. 2011 ഡിസംബർ മുതലാണ് കൂട്ടായ്‌മ സമൂഹമാദ്ധ്യമങ്ങൾ വിട്ട് പുറമേ പ്രവർത്തിക്കാൻ തുടങ്ങിയത്.
കൂട്ടായ്‌മയിലുള്ളവർക്കെല്ലാം നേരിൽ കാണാനും ആനവണ്ടി സ്‌നേഹം പങ്കിടാനും ഒരു ട്രിപ്പ് തന്നെ നടത്തി. ആദ്യ ട്രിപ്പ് മലയാളികളുടെ ഇഷ്‌ട ടൂറിസ്റ്റ് കേന്ദ്രമായ ഗവിയിലേക്കായിരുന്നു. പത്തനംതിട്ടയിൽ നിന്നും രാവിലെ 6.30ന് പുറപ്പെടുന്ന ഗവി വഴി കുമളിക്ക് പോകുന്ന കുട്ടി ബസിലായിരുന്നു ആ യാത്ര. അതിന്റെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതോടെ കൂടുതൽ ആളുകൾ താൽപര്യപ്പെട്ട് വന്നു. ഇതോടെ മാസങ്ങൾക്കകം അടുത്ത യാത്ര ഗ്രൂപ്പിൽ പ്ളാൻ ചെയ്‌തു. കേരളത്തിലെ എല്ലാ ഡിപ്പോകളിൽ നിന്നും ബസുകൾ വന്നുചേർന്ന് സ്‌പെഷ്യൽ സർവീസ് നടത്തുന്ന പമ്പയിലായിരുന്നു അടുത്ത കൂട്ടായ്‌മ.
തിരുവനന്തപുരം മുതൽ കാസർകോട് വരെ ജില്ലകളിലും പുറത്തുമായി ജോലിനോക്കുന്നവരും പഠിക്കുന്നവരുമായ ഒരുപറ്റം ചെറുപ്പക്കാർ ഇത്തവണ ഒത്തുകൂടി. ഒരു മലയാളി മലയാളിയാകണമെങ്കിൽ ഒരു തവണയെങ്കിലും കെഎസ്‌ആർടിസി ബസിൽ യാത്ര ചെയ്യണമെന്നാണല്ലോ സിനിമയിൽ ജേക്കബ് മകനോട് പറയുന്നത് അതുപോലെ 'ഒരു ആനവണ്ടി ഭ്രാന്തൻ ഒരിക്കലെങ്കിലും സീസൺ സമയത്ത് പമ്പ ബസ് സ്റ്റാന്റിൽ എത്തണം' എന്നാണ് ഈ കൂട്ടായ്‌മയിലെ അംഗങ്ങൾ പറയുന്നത്.
പിന്നീട് റോഡ് വഴിയുള്ള പൊതുഗതാഗതം കേരളത്തിൽ വർദ്ധിപ്പിക്കണം എന്ന കൂട്ടായ്‌മയിലെ അംഗങ്ങളുടെ ആവശ്യം ഉയർന്നതോടെ സൊസൈറ്റി ഫോർ പ്രൊമോഷൻ ഓഫ് റോഡ് ട്രാൻസ്‌പോർട്ട് (സ്‌പോർട്ട്) എന്ന സംഘടനയും രൂപീകരിച്ചു. ഇതുവഴി പുതിയ റൂട്ട് സജഷനുകൾ, ബസ് സജഷനുകൾ എന്നിങ്ങനെ ജനങ്ങളുടെ ആവശ്യങ്ങൾ കെഎസ്‌ആർടിസിയിൽ ഇവർ നിവേദനമായി നൽകി.
പിന്നീടുള്ള വർഷങ്ങളിൽ മലബാറിലെ വിവിധ ഡിപ്പോകളിലേക്കും കണ്ണൂരിലെ ബാവലിയിലേക്കും ആനവണ്ടികളിലുമെല്ലാം ഈ കൂട്ടായ്‌മ ഒത്തുചേർന്ന് ട്രിപ്പ് നടത്തി. ഗവി ബസ് മാത്രമല്ല മണ്ണാർക്കാട് നിന്നും സൈലന്റ് വാലി വഴി മേട്ടുപ്പാളയത്തിനുള്ള ബസ് സർവീസ്, ആനക്കട്ടി ബസ് സർവീസ് അങ്ങനെ കേരളത്തിലെ ഏത് വഴിയുള്ള ബസ് സർവീസിനെക്കുറിച്ചും അംഗങ്ങളോട് ചോദിച്ചാൽ അറിയാനാകും. ബസ് നമ്പർ, ഓരോ പോയിന്റിലും ബസ് എത്തുന്ന സമയം എല്ലാം അവർ നിമിഷനേരം കൊണ്ട് ആവശ്യക്കാരെ അറിയിക്കും. നിലവിൽ ഇവരുടെ ഫേസ്‌ബുക്ക് കൂട്ടായ്‌മയായ ഗ്രൂപ്പിൽ രണ്ടര ലക്ഷത്തോളം അംഗങ്ങളുണ്ട്.
The “I Love My KSRTC” group began as the “Aanavandi Fans” friendship community on Orkut in 2009, before the Facebook era. The young members have supported KSRTC by cleaning buses for free, organizing travel groups, providing route boards Their efforts have helped keep bus services running and accessible in local communities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |