
തിരുവനന്തപുരം: നിവേദനങ്ങളുമായി രാവിലെ മുതൽ കാത്തു നിൽക്കുന്നവരുടെ നീണ്ട നിര മുറികൾക്ക് പുറത്ത്. അവരെ തള്ളി മാറ്റി, പേഴ്സണൽ
സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്ന നേതാക്കളുടെ ശുപാർശക്കത്തുകളുമായെത്തുന്ന ഖദർ കുപ്പായക്കാർ അതിലേറെ. അകത്ത് കടന്നുകൂടിയാലും ആരെ കാണണമെന്നറിയാതെ അലഞ്ഞ് ജനം. മൊത്തത്തിൽ ഒരു ചെറുപൂരത്തിന്റെ ആൾക്കൂട്ടം. സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫീസുകളിലെ പതിവ് കാഴ്ചയാണിത്.
ഭരണമേറ്റ് രണ്ട് മാസം കഴിഞ്ഞു. പക്ഷേ, പല മന്ത്രിമാർക്കും പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ പേഴ്സണൽ സ്റ്റാഫായിട്ടില്ല. ചില മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫായെന്ന് പറയുന്നതല്ലാതെ, ഉത്തരവിറങ്ങാത്തതിനാൽ ഉറപ്പില്ല. കോൺഗ്രസിലെ ചുരുക്കം മന്ത്രിമാർക്ക് മാത്രമാണ് പേഴ്സണൽ സ്റ്റാഫ് നിയമനം ഏറെക്കുറെ പൂർത്തിയായത്. ടി.സിദ്ദിഖ്, എം.ലിജു, പി.സി. വിഷ്ണുനാഥ് തുടങ്ങിയ മന്ത്രിമാരുടെ ഓഫീസുകളിലാണ് സ്ഥിതി ദയനീയം. മുസ്ലിം ലീഗിന്റെ മന്ത്രിമാർക്ക് സ്റ്റാഫായെന്ന് പറയുന്നുണ്ടെങ്കിലും ഉത്തരവിറക്കുന്നതിൽ അനിശ്ചിതത്വം. ആർ.എസ്.പി, സി.എം.പി മന്ത്രിമാരുടെ അവസ്ഥയും വ്യത്യസ്തമല്ല. പേരിന് എല്ലാ ഓഫീസുകളിലും കുറച്ചുപേരെ നിയമിച്ചിട്ടുണ്ടെങ്കിലും, സുഗമമായ പ്രവർത്തനം തുടങ്ങിയിട്ടില്ല.
എം.പിമാരുടെയും എം.എൽ.എമാരുടെയും, പാർട്ടി ജില്ലാ കമ്മിറ്റികളുടെയും ശുപാർശകളാണ് മുഖ്യം. ചില സമുദായ സംഘടനാ നേതാക്കളുടെ ശുപാർശകളുമുണ്ട് ഇക്കൂട്ടത്തിൽ. നിയമനങ്ങൾ നടത്തി വെട്ടിലാകാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തുകയാണ് മന്ത്രിമാർ. 30 സ്റ്റാഫിനെ വരെ നിയമിക്കാമെങ്കിലും 25 പേർ മതിയെന്നാണ് തീരുമാനം. കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ കെ.പി.സി.സിയുടെ തീരുമാനവും ബാധകം
തള്ളൽ സാംസ്കാരിക സ്ഥാപനങ്ങളിലേക്കും
സാംസ്കാരിക സ്ഥാപനങ്ങളുടെ നേതൃസ്ഥാനം ലക്ഷ്യമാക്കി സെക്രട്ടേറിയറ്റ് കയറിയിറങ്ങുന്നവരുടെ എണ്ണവുമേറെ. സാഹിത്യ അക്കാഡമി, കേരള കലാമണ്ഡലം, ചലച്ചിത്ര അക്കാഡമി ഒഴികെ 40 ഓളം സാംസ്കാരിക സ്ഥാപനങ്ങളുടെ ചുമതലയാണ് വീതം വയ്‌ക്കേണ്ടത്. ഇവയുടെ തലപ്പത്ത് പുതുമുഖങ്ങൾ വരണമെന്ന അഭിപ്രായം മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രകടിപ്പിച്ചിരുന്നു. ചില പഴയ മുഖങ്ങളും സമ്മർദ്ദവുമായി രംഗത്തുണ്ട്. 15 ഓളം പേരെ തലപ്പത്ത് കൊണ്ടു വരരുതെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അനുകൂല സാംസ്കാരിക കൂട്ടായ്മ സർക്കാരിന് കത്തും നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |