
ഏലൂർ: ലോകം കൃത്രിമബുദ്ധിയിൽ ചലിക്കുന്ന കാലമെത്തിയിട്ടും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് ഡിസ്പെൻസറികളുടെയും പാതാളം ഇ.എസ്.ഐ.സി. യുടെയും പ്രവർത്തനം ഇന്നും ഇരുണ്ട കാലഘട്ടത്തിൽ. കാർഡ്, ചീട്ട്, നോട്ട്ബുക്ക് ഫയൽ, ചികിത്സാ രീതി എല്ലാം പഴയ പടിയാണ്. കമ്പ്യൂട്ടറൈസേഷൻ ചിന്തയിൽ പോലുമില്ല.
പതിനായിരക്കണക്കിന് സാധാരണക്കാരായ തൊഴിലാളികളും കുടുംബാംഗങ്ങളും നിരന്തരം ആശ്രയിക്കുന്ന ഈ ആതുരാലയങ്ങളുടെ അവസ്ഥ പരമ ദയനീയം. ചികിത്സ ലഭിക്കണമെങ്കിൽ ആശുപത്രിയിലെയും ഡിസ്പെൻസറികളിലെയും ഓഫീസുകൾ കയറിയിറങ്ങണം.
ഡോക്ടർമാരടക്കം 22 ജീവനക്കാരാണ് ഇവിടെ ഉള്ളത്. പ്രവർത്തന സമയം രാവിലെ 8 മുതൽ 6 വരെയാണെങ്കിലും ഡോക്ടർമാർ വരുന്നതും പോകുന്നതും തോന്നിയതു പോലെയാണ്. 5 മണി കഴിഞ്ഞാൽ മഷിയിട്ടു നോക്കണം. 4 ഡോക്ടർമാർ ഉണ്ടെന്നാണ് കണക്കെങ്കിലും ഡ്യൂട്ടിയിൽ ഒരാളെങ്കിലും ഉണ്ടായാൽ ഭാഗ്യം. ജീവനക്കാർക്ക് മാത്രമേ പഞ്ചിംഗ് ഉള്ളൂ. വിദഗ്ദ്ധ ചികിത്സ ആവശ്യമെങ്കിൽ ഡിസ്പെൻസറിയിൽ എത്തി ചീട്ടെടുത്ത് ക്യൂ നിന്ന് ഡോക്ടറെ കണ്ടു റഫറൻസ് എടുത്ത് പാതാളം ആശുപത്രിയിലെത്തി വീണ്ടും ടോക്കൺ എടുത്ത് ക്യൂ പാലിച്ച് ഡോക്ടറെ കാണുമ്പോഴേയ്ക്കും ഉച്ച കഴിയും.
ആവശ്യത്തിന് മരുന്നുകളില്ല
ഫാർമസിയിൽ മരുന്നില്ലെങ്കിൽ വീണ്ടും അര കിലോമീറ്റർ ദൂരമുള്ള ഡിസ്പെൻസറിയിലെത്തി ക്യൂ നിന്ന് ഡോക്ടറെ കണ്ട് മരുന്ന് എഴുതിച്ചാൽ പുറത്തു നിന്നു വാങ്ങാം. വൈകിട്ട് 6ന് ശേഷമാണെങ്കിൽ പാതാളം ആശുപത്രിയിൽ കാഷ്വാലിറ്റിയിൽ ഡോക്ടറെ കണ്ടാൽ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യും. പക്ഷെ, അടുത്ത ദിവസം വീണ്ടും ഡിസ്പെൻസറിയിൽ എത്തി റെക്കോഡാക്കണം! ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്നവർക്കാണ് ദുരിതം കൂടുതൽ ഡിസ്പെൻസറിയിൽ നിന്ന് പാതാളം ആശുപത്രിയിലേക്കും രണ്ടും മൂന്നും തവണ സഞ്ചരിക്കണം. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഇ.എസ്.ഐ ഡിസ്പെൻസറി കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള പാതാളം ഇ.എസ്.ഐ.സി കോമ്പൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ചാൽ യാത്രാ ദുരിതത്തിന് പരിഹാരമാകും. ആധുനികവത്കരിച്ചാൽ കാലതാമസവും പല തവണയായുള്ള നെട്ടോട്ടവും കുറയ്ക്കാം.
ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ് ഇ.എസ്.ഐ ഡിസ്പെൻസറി.
അകത്ത് ഫാർമസിക്ക് സമീപം മാലിന്യ കൂമ്പാരം.
പൊടിപടലങ്ങളും ചിലന്തിവലയും നിറഞ്ഞ ഇരുണ്ട മുറികളിൽ പൊട്ടിപൊളിഞ്ഞ ഫർണിച്ചറുകളിൽ ഇരുന്നാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. തീൻ മുറി ഇല്ലാത്തതിനാൽ എവിടെയെങ്കിലും ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്.
ബില്ലുകളും സർട്ടിഫിക്കറ്റുകളും കോർത്ത് കെട്ടി സൂക്ഷിക്കാൻ ആവശ്യത്തിന് നൂലുകളില്ല.
ഡിസ്പെൻസറിക്ക് സമീപം 4 ക്വാട്ടേഴ്സുകൾ താമസയോഗ്യമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |