
അടിമാലി: കൊന്നത്തടിയുടെ സ്വപനം യാഥാർത്ഥ്യമാകുന്നു, റോഡ് നിർമ്മാണം തുടങ്ങി.കൊന്നത്തടിയുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് ബിഎം ബിസി നിലവാരത്തിലുള്ള അഞ്ചാംമൈൽ കൊന്നത്തടി റോഡിന്റെ നിർമ്മാണ ജോലികൾക്ക് തുടക്കമായി. സംരക്ഷണ ഭിത്തിയുടെ നിർമ്മാണമാണ് ഇന്നലെ തുടങ്ങിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ പ്രസാദ്, പഞ്ചായത്തംഗം കെ.പി.ശ്രീനിവാസൻ രാഷട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരടക്കമുള്ളവർ പങ്കെടുത്തു.ഇടതു മുന്നണി സർക്കാരിന്റെ ഭരണകാലത്ത് 5 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ച റോഡാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. 4.750 മീറ്റർവീതിയിൽ ടാറിംഗിനു പുറമേറോഡിന്റെ ഇരുവശവും ഐറീഷ് ഓടയുമുണ്ടാകും.റോഡ് യാഥാർത്ഥ്യമാകുന്നതോടെ പഞ്ചായത്ത് ആസ്ഥാനത്തേക്ക് ഉള്ള യാത്രാദുരിതത്തിന് വിരാമമാകും. അഞ്ചാംമൈൽ ജംഗ്ഷനിൽ നിന്നും മൂന്ന് കിലോമീറ്ററോളം ദുരമുള്ള റോഡിൽ കൊന്നത്തടിക്ക് സമീപം തോടിന് കുറുകെയുള്ള കലുങ്ക് പൊളിച്ചുമാറ്റി പുനർനിർമ്മിക്കും. കൂടാതെ രണ്ടിടങ്ങളിൽ റോഡിന്റെ വളവുകൾ നിവർത്തിയാകും നിർമ്മാണം. പഞ്ചായത്ത് ആസ്ഥാനത്തേക്ക് നല്ലൊരു റോഡ് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ, രണ്ട് സ്‌കൂളുകൾ, ഹോമിയോ ആശുപത്രി,സർവീസ് സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ്, ക്ഷീര സഹകരണ സംഘം അടക്കമുള്ള വിവിധ ഓഫീസുകൾ ഇവിടെ പ്രവർത്തിക്കുന്നു. വി സ്തൃതമായ പഞ്ചായത്ത് ആസ്ഥാനത്തേക്ക് ദിവസേന നൂറു കണക്കിനാളുകളാണ് ഇതുവഴിയാത്ര ചെയ്യുന്നത്.
ടൂറിസം മേഖലയിൽ കുതിച്ചുചാട്ടമുണ്ടാകും
ഇവിടെ ഹോം സ്റ്റേകളും റിസോർട്ടുകളും ഉയർന്നതോടുകൂടി വി നോദ സഞ്ചാരികളും അധികമായെത്തുന്നുണ്ട്. കൊന്നത്തടി ടൗണിലെ വെള്ളക്കെട്ടിനും ഇതോടെ ശാശ്വത പരിഹാരമാകും.മരക്കാനം ഭാഗത്ത് ബിഎം ബിസി നിലവാരത്തിലുള്ളരണ്ട് കിലോമീറ്ററോളം ദൂരത്തിലുള്ള റോഡിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ ആദ്യകാല പഞ്ചായത്തായ കൊന്നത്തടിയുടെ മുഖഛായ തന്നെ മാറുകയും, ടൂറിസം ഉൾപ്പെടെയുള്ള വികസന രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |