SignIn
Kerala Kaumudi Online
Friday, 04 September 2026 10.42 AM IST

വിദഗ്ദ്ധസമിതി റിപ്പോർട്ടിൽ ആശങ്കയൊഴിയാതെ ബസ് വ്യവസായമേഖല

priyadarshini
ബസ് സർവ്വീസ് മേഖല

തൊടുപുഴ: സ്വകാര്യബസ് സർവ്വീസ് മേഖലയെ സംരക്ഷിക്കുവാനായി സമർപ്പിച്ച വിദഗ്ദ്ധസമിതി റിപ്പോർട്ടിൽ പൂർണതയില്ലാത്തതിൽ ജില്ലയിലെ ബസ് ഉടമകൾക്ക് ആശങ്ക. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾക്ക് ആര് മുൻകൈ എടുക്കുമെന്നതിൽ വ്യക്തതയില്ലാത്തതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. പ്രിയദർശിനി സൗജന്യയാത്രാപദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ നിയോഗിച്ച കെ.പത്മകുമാർ കമ്മിറ്റി സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിന്മേലാണ് ആശങ്ക തുടരുന്നത്. സൗജന്യയാത്രാപദ്ധതി പ്രഖ്യാപിച്ചതിനുശേഷം ജില്ലയിൽ ഹൈറേഞ്ച് മേഖലയിലടക്കം പ്രതിസന്ധിരൂക്ഷമാണ്. ആളില്ലാത്തതിനെതുടർന്ന് സർവ്വീസ് നിറുത്തിയബസുകളും ജി ഫോം നൽകിയവയും ധാരാളമുണ്ട്. ബസുകളുടെ കാലാവധി ഉയർത്തുന്നതും സ്വകാര്യബസ് സർവ്വീസിനെ വ്യവസായമായി പ്രഖ്യാപിക്കുമെന്നതും അടക്കമുള്ള കാര്യങ്ങൾ നല്ലതാണെങ്കിലും ഇതിനൊക്കെ ആര് മുൻ കൈ എടുക്കുമെന്നതിൽ വ്യക്തതയില്ലാത്തതാണ് പുതിയ പ്രതിസന്ധി.

 പ്രധാന സമിതി നിർദ്ദേശവും ബസുകാരുടെ ആശങ്കകളും

1. പ്രതിമാസവാഹനനികുതി അടയ്ക്കാൻ സൗകര്യമൊരുക്കുക

നിലവിൽ 3 മാസം കൂടുമ്പോഴാണ് നികുതി അടയ്ക്കുന്നത്. നിലവിലെ രീതിയും പ്രതിമാസം അടയ്ക്കുന്നതും ബസ് ഉടമകൾക്ക് ഒരുപോലെയാണ്.

2. ഫ്യൂവൽസ് പമ്പുകളിൽ നിന്നും ഡീലർനിരക്കിൽ ഇന്ധനം ലഭ്യമാക്കുക

 ഇതിന് എത്രപമ്പുടമകൾ തയ്യാറാകും. ഇന്ധനം നൽകുന്നതിൽ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക

3. അവധിദിനങ്ങളിൽ പ്രത്യേകപെർമിറ്റുകൾ ഓൺലൈനാക്കുക

 തീരുമാനം നല്ലതാണെങ്കിലും ദീർഘമായ സർക്കാർ അവധിദിനങ്ങൾ ഇല്ല എന്നതാണ് യാഥാർത്ഥ്യം

4.ബസുകളിൽ പരസ്യംപതിക്കാൻ അനുവദിക്കുക

 സിറ്റി സർവ്വീസുകൾക്ക് മാത്രമായിരിക്കും ഇക്കാര്യം ഗുണകരം. ഗ്രാമീണമേഖലകളിൽ പണം മുടക്കി പരസ്യം നൽകാൻ ആരും തയാറാകില്ല.

5. സംസ്ഥാന ഇൻഷുറൻസ് വകുപ്പ് വഴി സ്വകാര്യബസുകൾക്ക് ഇൻഷുറൻസ് പരിരക്ഷ

 ഇൻഷുറൻസ് നൽകുന്നത് സ്വാഗതാർഹം. പക്ഷെ ജീവനക്കാരെയും ബസ് ഉടമകളെയും ഉൾപ്പെടുത്തുമോ എന്നതിൽ വ്യക്തതയില്ല.

6. പ്രിയദർശിനി റൂട്ടുകളിലെ തർക്കം പരിഹരിക്കാൻ ഏകോപന സമിതി

 സമയക്രമത്തിൽ ധാരണഎത്തിയാലും സൗജന്യയാത്ര ഉപേക്ഷിച്ച് സ്ത്രീകൾ സ്വകാര്യബസുകളിൽ യാത്രചെയ്യാൻ തയാറാകില്ല. അൽപംകാത്തുനിന്നാലും പ്രിയദർശിനിയിലാകും വനിതകൾ കയറുക.

 ഗ്രാമവണ്ടിയും ഭീഷണിയെന്ന്

യാത്രക്കാരില്ലാത്തതിനാൽ പലയിടത്തും ഗ്രാമീണമേഖലകളിൽ സർവ്വീസുകൾ പ്രതിസന്ധിയാലാണ്. ഇതിനൊപ്പം പഞ്ചായത്ത് അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി സർവീസുകൾ ആരംഭിക്കുന്നത് തങ്ങളെ പ്രതിസന്ധിയാകുന്നതായി സ്വകാര്യബസ് ഉടമകൾ ആരോപിക്കുന്നു. ഗ്രാമവണ്ടികളിൽ സ്ത്രീകൾക്ക് പ്രിയദർശിനി സൗജന്യയാത്രലഭിക്കും. ഇത് ഗ്രാമീണ മേഖലയിലെ സർവീസുകൾക്ക് ഭീഷണിയാകുന്നതായാണ് പരാതി.

''കമ്മീഷൻ റിപ്പോർട്ടുമായിബന്ധപ്പെട്ട ആശങ്കകൾ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയുമായും സംഘടനയിലെ ഉന്നതനേതൃത്വം ഉടൻ ചർച്ച ചെയ്യും '' കെ.എം സലീം ( പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാവൈസ്. പ്രസിഡന്റ് )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL