പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതമാക്കി ആരോഗ്യവിഭാഗം
ഇരിട്ടി: മലയോര പഞ്ചായത്തായ അയ്യൻകുന്നിൽ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വ്യാപിക്കുന്നതിനിടയിൽ മലേറിയയും കണ്ടെത്തി. ഇതോടെ മേഖലയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
ആറളം പഞ്ചായത്തിൽ രണ്ടാഴ്ചയ്ക്കിടയിൽ ആറ് ഡെങ്കിപ്പനിയും മൂന്ന് മഞ്ഞപ്പിത്തവുമാണ് റിപ്പോർട്ട് ചെയ്തത്. അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ ഭാഗങ്ങളിലും മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിക്ക് മലേറിയയുടെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മേഖലയിൽ പരിശോധന ശക്തമാക്കി. രോഗലക്ഷണം കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കി നാട്ടിലേക്ക് വിട്ടു. മേഖലയിൽ കൊതുകിന്റെ സാന്ദ്രത കണ്ടെത്താൻ പരിശോധനയും നടത്തി.
ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടി, പയോറ, വീർപ്പാട്, വട്ടപ്പറമ്പ് പ്രദേശങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഫോഗിംഗ്, ഉറവിട നശീകരണം, മരുന്ന് തളിക്കൽ, ബോധവത്കരണ ക്ലാസ് തുടങ്ങിയവയും നടത്തി. ജനങ്ങളോട് അധികൃതർ നൽകുന്ന നിർദേശം കർശനമായി പാലിക്കണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അദ്ധ്യക്ഷ മേഴ്‌സി മരിയ, മെഡിക്കൽ ഓഫീസർ ഡോ. ജയ്മി തോമസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ജോഷി ഫിലിപ്പ്, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ അവലോകന യോഗം
മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴയിലും കരിക്കോട്ടക്കരി സമീപപ്രദേശങ്ങളിലും ആരോഗ്യവകുപ്പും അയ്യൻകുന്ന് ഗ്രാമപഞ്ചായത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ എടപ്പുഴയിൽ അവലോകന യോഗം ചേർന്നു. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിന് മുൻപാണ് രോഗപ്പകർച്ച സാദ്ധ്യത കൂടുതൽ എന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പ്രതിരോധവും മുൻകരുതലും
1. വീട്ടിലും പരിസരത്തും കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കുക, വീട്ടിനുള്ളിൽ ഫ്രിഡ്ജിന്റെ ട്രേ, അലങ്കാര ചെടികൾ എന്നിവയിൽ കൊതുക് വളരുന്ന സാഹചര്യമില്ലാതാക്കുക, രോഗബാധിതർ കൊതുകു വല ഉപയോഗിക്കുക, കൊതുകുകളെ പ്രതിരോധിക്കാൻ ലേപനങ്ങൾ പുരട്ടുക, ശരീരം മുഴുവൻ മൂടത്തക്ക രീതിയിൽ വസ്ത്രങ്ങൾ ധരിക്കുക, എല്ലാ ഞായറാഴ്ചയും വീടുകളിൽ ഉറവിട നശീകരണം നടത്തുക
2. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, മലവിസർജനത്തിന് ശേഷവും ഭക്ഷണത്തിനു മുൻപും നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകി വൃത്തിയാക്കുക, കിണറുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക, ഭക്ഷണപാനീയങ്ങൾ വിളമ്പുന്ന പൊതു പരിപാടികൾ ആരോഗ്യവകുപ്പ് നിർദേശപ്രകാരം മാത്രം നടത്തുക, കുട്ടികളുടെ വിസർജ്യങ്ങൾ കക്കൂസിൽ മാത്രം നിക്ഷേപിക്കുക, രോഗികളും കുടുംബാംഗങ്ങളും മൂന്ന് ആഴ്ചയെങ്കിലും പൊതുസമ്പർക്കം ഒഴിവാക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |