കണ്ണൂർ: ആറളം ആദിവാസി പുനരധിവാസ മേഖലയിൽ ആനപ്പേടിയിൽ കഴിയുന്നത് അഞ്ഞൂറോളം കുടുംബങ്ങൾ. ആനകൾ വീണ്ടും ജനവാസ മേഖലയിലേക്കെത്തുമെന്ന ആശങ്കയിലാണ് ആറളത്തെ കുടുംബംങ്ങൾ. കഴിഞ്ഞ 10 വർഷത്തിനിടെ 15 പേരുടെ ജീവനാണ് കാട്ടാനയുടെ ആക്രമണത്തിൽ മേഖലയിൽ പൊലിഞ്ഞത്.
കാട്ടാനഭീതി കാരണം പല ബ്ലോക്കുകളിൽ നിന്നും ഒഴിഞ്ഞു പോയ കുടുംബങ്ങൾ നിരവധിയാണ്. ആനപ്പേടിയിൽ ഒറ്റയ്ക്കുള്ള സഞ്ചാരം വരെ ഒഴിവാക്കിയാണ് പലരും കഴിയുന്നത്. രാത്രി ഉറങ്ങാതെ പലരും കുടുംബങ്ങൾക്ക് കാവലിരിക്കുകയാണ്. ഏത് നിമിഷവും ആനയെത്തുമെന്ന ആശങ്കയിലാണ് ഇവിടെയുള്ളവർ കഴിയുന്നത്.
ജനവാസ കേന്ദ്രത്തിലേക്ക് ആനകളെത്തുന്നത് തടയാൻ സോളാർ തൂക്കുവേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സോളാർ വേലികൾ തകർക്കാൻ പുത്തൻ തന്ത്രം പഠിച്ചിരിക്കുകയാണ് കാട്ടാനകൾ. തൂക്കുവേലിക്ക് മുകളിലേക്ക് വലിയ മരങ്ങൾ തള്ളിയിട്ട് ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നു വരുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. നേരത്തെ വനത്തിലേക്ക് കയറ്റി വിട്ട ആനകൾ തിരികെ ഫാമിലേക്ക് പ്രവേശിക്കാതിരിക്കാൻ പട്രോളിംഗ് ഒരുക്കിയിരുന്നെങ്കിലും നിലവിൽ അത് കാര്യക്ഷമമല്ല.
ആനവേലിയുടെ നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും കോൺക്രീറ്റ് തൂണുകൾക്കിടയിൽ ആനകൾക്ക് കടന്നു വരാനുള്ള വിടവ് നിലനിൽക്കുകയാണ്. ആനമുക്ക് മുതൽ ഇഞ്ചിമുക്ക് വരെയുള്ള 500 മീറ്ററോളം നീളത്തിൽ ആനമതിൽ പൂർത്തിയാക്കിയിട്ടുമില്ല. ഇതുവഴിയാണ് ആനകൾ ജനവാസ മേഖലയിൽ എത്തുന്നത്. ആനമതിൽ എത്രയും വേഗം പൂർത്തീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
രാത്രിയിൽ അഭയം അയൽ വീടുകൾ
രാത്രിയിൽ വീടിന്റെ മേൽക്കൂരയിലോ അയൽ വീടുകളിലോ അഭയം തേടുകയാണ് ഇവിടുത്തെ കുടുംബങ്ങൾ.
കണ്ണൂർ മഖ്‌നയെ പിടികൂടുന്നത് വൈകുന്നു
കണ്ണൂർ മഖ്‌ന (കെ.എം 1) എന്ന മോഴയാനയെ മയക്കുവെടിവച്ചു പിടിക്കുന്ന ദൗത്യവും നീളുകയാണ്. മയക്കുവെടിവച്ച ശേഷം ആനക്കൊട്ടിലിലാക്കി ദിവസേനയെന്നോണം നിരീക്ഷിക്കണമെന്ന നിർദേശവും നിലവിലുണ്ട്. ഇതെല്ലാം ദൗത്യം താമസിക്കുന്നതിന് കാരണമാവുകയാണ്. നേരത്തെ ആനയെ മയക്കിയ ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് വനമേഖലയിലേക്ക് മാറ്റാൻ ഉത്തരവുണ്ടായിരുന്നു. ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘവുമെത്തിയിരുന്നു. അപ്പോഴേക്കും മോഴയാന ഉൾവനത്തിലേക്ക് കടന്നു. ഇതേ മോഴയാന വീണ്ടും ഫാമിലെത്തിയതായാണ് പറയപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |