SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.15 AM IST

പയ്യന്നൂർ കോളേജ്‌ വനിതാ ഹോസ്റ്റലിലെ സാമ്പത്തിക തിരിമറിയിൽ വിജി. റെയ്ഡ്

vigilance
വിജിലൻസ്‌ റെയ്ഡ്‌

കണ്ണൂർ: പയ്യന്നൂർ കോളേജ്‌ വനിതാ ഹോസ്റ്റലിലെ സാമ്പത്തിക തിരിമറിയിൽ കോളേജ്‌ മാനേജ്‌മെന്റ്‌ കമ്മിറ്റി ഓഫീസിലും കോളേജ്‌ ഹോസ്റ്റലിലും വിജിലൻസ്‌ റെയ്ഡ്‌ നടത്തി. ചൊവ്വാഴ്‌ച വൈകിട്ട്‌ വിജിലൻസ്‌ ഡി.വൈ.എസ്‌.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ക്രമക്കേടുകൾ സംബന്ധിച്ച്‌ വ്യക്തമായ തെളിവുകളും അന്വേഷണ സംഘത്തിന്‌ ലഭിച്ചു. ഹോസ്റ്റലിലെ താമസക്കാരിൽനിന്ന്‌ വിജിലൻസ്‌ വിശദമായ മൊഴിയെടുത്തു. പ്രിൻസിപ്പൽ ഓഫീസിലും വിജിലൻസ്‌ പരിശോധന നടത്തി.
ഹോസ്റ്റലിലേക്ക്‌ സാധനങ്ങൾ വാങ്ങിയതിലും പാചകവാതക സിലണ്ടർ, ചിക്കൻ, വിറക്‌ ഉൾപ്പെടെയുള്ളവയിലും വൻതുക ബില്ലെഴുതി എടുത്തിട്ടുണ്ടെന്ന്‌ അന്വേഷണത്തിൽ വ്യക്തമായി. വാർഡന്‌ ഇക്കാര്യത്തിൽ വലിയ പങ്കുള്ളതായി കുട്ടികളും തെളിവ്‌ നൽകി. ഹോസ്റ്റലിലെ പാചകവാതക സിലിണ്ടറുകൾ സ്വന്തം ആവശ്യത്തിനായി കടത്തിക്കൊണ്ടുപോയിരുന്നതും സ്വകാര്യ ആവശ്യങ്ങൾക്ക്‌ ഹോസ്റ്റലിൽനിന്ന്‌ ഭക്ഷണം പാചകം ചെയ്‌തുകൊണ്ടുപോയതായും വിജലൻസിന്‌ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. രാത്രി വൈകിയാണ്‌ റെയ്ഡ്‌ അവസാനിച്ചത്‌. വിശദമായ അന്വേഷണത്തിനു ശേഷം തുടർനടപടികളെടുക്കും.
നേരത്തെ ഹോസ്റ്റൽ നടത്തിപ്പിൽ ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന്‌ ഹോസ്റ്റൽ വാർഡനും കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ്‌ അംഗവുമായ പ്രൊഫ. പി. പ്രജിതയ്‌ക്കെതിരെ മാനേജ്‌മെന്റ് കമ്മിറ്റി നടപടിയെടുത്തിരുന്നു. തുടർന്ന്‌ മാനേജ്‌മെന്റ്‌ നിയോഗിച്ച മൂന്നംഗ സമിതി തട്ടിപ്പ്‌ സംബന്ധിച്ച്‌ പ്രാഥമിക അന്വേഷണം നടത്തിയതിലും പ്രജിത വൻ തുക വെട്ടിപ്പ്‌ നടത്തിയതായും മാനേജ്‌മെന്റിനെ ഉൾപ്പെടെ കബളിപ്പിച്ചതായും കണ്ടെത്തി. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ സാമ്പത്തികകാര്യ വിശദീകരണം ഈ മാസത്തിനകം നൽകാനും പ്രജിതയോട്‌ മാനേജ്‌മെന്റ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
കോളേജ്‌ ഹോസ്റ്റൽ വിദ്യാർത്ഥികൾ എസ്‌.എഫ്‌.ഐ നേതൃത്വത്തിൽ വാർഡന്റെ ക്രമക്കേടിനെതിരെ സമരം നടത്തിയിരുന്നു. തുടർന്നാണ് മാനേജ്‌മെന്റ്‌ കമ്മിറ്റി മൂന്നംഗസമിതിയെ നിയോഗിച്ച്‌ അന്വേഷണം നടത്തിയത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, VIGILANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL