
കൊല്ലം: നാടകത്തെ തൊട്ടറിഞ്ഞും ശ്വസിച്ചും അതിന്റെ ആഴങ്ങളിൽ ഗവേഷണം നടത്തിയും സമ്പൂർണ നാടകക്കാരിയായി മാറിയിരിക്കുകയാണ് ദിവ്യാ ദേവകി (42). അഭിനയം,നാടക രചന,സംവിധാനം ഉൾപ്പെടെയുള്ളവ ദിവ്യയിൽ ഭദ്രമാണ്. കൊട്ടാരക്കര കുടവട്ടൂരിലെ ബാലചന്ദ്രൻ-ദേവകി ദമ്പതികളുടെ മകളായ ദിവ്യ നാടകത്തിലേക്ക് എത്തിയത് അമ്മാവനിലൂടെയാണ്. നടൻ മുരളിക്കൊപ്പം അമ്മാവൻ നാടക പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ മലയാള സാഹിത്യത്തിൽ പി.ജി ചെയ്തു. കെ.ആർ. രമേശിന്റെ ഒറ്റമുറി അടുക്കളത്തിണ്ണയെന്ന നാടകത്തെക്കുറിച്ചുള്ള പഠനമായിരുന്നു (ഡെസർട്ടേഷൻ) നടത്തിയത്. 'രംഗഭാഷാ പരിണാമം തിരഞ്ഞെടുത്ത നാടകങ്ങളിൽ' എന്ന വിഷയമാണ് പിഎച്ച്.ഡിക്ക് തിരഞ്ഞെടുത്തത്. ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്സിന്റെ 'പള്ളിയറ വാസു" നാടകത്തിൽ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങൾക്ക് ജീവൻ നൽകി നാടകത്തട്ടിൽ കാലൂന്നി. ഒപ്പം മാധവിക്കുട്ടിയുടെ 'നഷ്ടപ്പെട്ട നീലാംബരി"ക്ക് അരങ്ങ് ഭാഷ്യമൊരുക്കി നാടക രചനയ്ക്കും തുടക്കമിട്ടു. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെ ചേർത്തുവച്ചെഴുതിയതാണ് 'ബഷീറിന്റെ നാലു പെണ്ണുങ്ങൾ". എം.ടിയുടെ എഴുത്തുകളുടെ സ്വതന്ത്ര ആവിഷ്കാരമാണ് 'കാത്തിരിപ്പിന്റെ കന്മദം പൂക്കുമ്പോൾ". അയ്യങ്കാളിയെ അനുസ്മരിച്ചെഴുതിയ 'മഹാത്മ", സരസ്വതിയമ്മയെക്കുറിച്ചുള്ള 'ദേവദൂതി",ബേപ്പൂരിലെ സായാഹ്നം എന്നിവയും അരങ്ങിലെത്തി.
പാർവൈ
നാടകവേദി
'പച്ചത്തീയാട്ട്" നാടകം ഇന്റർപോളി കലോത്സവത്തിൽ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജ് അരങ്ങിലെത്തിച്ച് എ ഗ്രേഡ് സ്വന്തമാക്കി. സംസ്കൃത സർവകലാശാലയിൽ 'പാർവൈ" എന്ന നാടകവേദിയുണ്ടാക്കിയതിൽ പിന്നിൽ ദിവ്യയുടെ പരിശ്രമമുണ്ട്. പുതിയ നാടകമായ 'തിരസ്കൃതൻ",'മൃത്യുഞ്ജയൻ' എന്നിവയുടെ പരിശീലനത്തിരക്കുകളിലാണ് ദിവ്യ.
പുരസ്കാരങ്ങൾ
പി.ജെ.ആന്റണി അഖിലകേരള നാടക രചനാ മത്സരം (പച്ചത്തീയാട്ട്)
എം.ജി.സോമൻ നാടക മത്സരം (മികച്ച നടി)
എൻ.എൻ.പിള്ള സംസ്കാര സാഹിതി (മികച്ച നടി)
ദക്ഷിണ കേരള അമച്വർ നാടക മത്സരം (മികച്ച മൂന്നാമത്തെ നാടകം- പച്ചത്തീയാട്ട്)
.........................................
ദിവ്യയുടെ കവിതാ സമാഹാരങ്ങൾ: വേനൽമഴ, ശിഖരങ്ങളില്ലാത്ത ഒറ്റമരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |