SignIn
Kerala Kaumudi Online
Monday, 27 July 2026 2.27 AM IST

പ്രൊഫ. ജി.കെ.ശശിധരൻ കേരളത്തിന്റെ അഭിമാനം: ബിന്ദുകൃഷ്ണ

കൊല്ലം: അദ്ധ്യാപകനും ഗവേഷകനും സാഹിത്യകാരനുമായ പ്രൊഫ. ജി.കെ.ശശിധരൻ കേരളത്തിന്റെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ അറിവും ഗവേഷണ സംഭാവനകളും പുതുതലമുറയ്ക്ക് പ്രചോദനമാണെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ടി.പി.പത്മനാഭൻ ആചാരി സ്മാരക ട്രസ്റ്റിന്റെ 2026ലെ സാഹിത്യ പുരസ്കാരം പ്രൊഫ. ജി.കെ.ശശിധരന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അദ്ധ്യാപകനെന്നതിനപ്പുറം ഗവേഷകനും ഗ്രന്ഥകാരനുമായി സമൂഹത്തിന് വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹം നൽകിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. പ്രൊഫ.ജി.കെ.ശശിധരൻ രചിച്ച അദ്വൈതത്തെ ശാസ്ത്രമാക്കിയ മഹർഷി ശ്രീനാരായണ ഗുരുദേവൻ എന്ന കൃതിക്കാണ് സാഹിത്യ പുരസ്കാരം ലഭിച്ചത്. കെ.ലക്ഷ്മണൻ സ്മാരക സാഹിത്യ പുരസ്കാരം ഡോ.വെള്ളിമൺ നെൽസൺ ഏറ്റുവാങ്ങി. ആറ്റൂർ ശരച്ചന്ദ്രന്റെ വിവസ്ത്രയായ പാഞ്ചാലി എന്ന കാവ്യസമാഹാരവും മന്ത്രി പ്രകാശനം ചെയ്തു.

മറുപടിപ്രസംഗത്തിൽ ലഭിച്ച പുരസ്കാരത്തിനും ആദരവിനും പ്രൊഫ. ജി.കെ.ശശിധരൻ സംഘാടകരോട് നന്ദി രേഖപ്പെടുത്തി. ശ്രീനാരായണഗുരു വെറുമൊരു സന്യാസി മാത്രമായിരുന്നില്ലെന്നും ഗുരുവിന്റെ കുണ്ഡലിനിപ്പാട്ട് പോലുള്ള കൃതികളിൽ പ്രപഞ്ചത്തെക്കുറിച്ചുള്ള ശാസ്ത്രീയ സത്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആറ്റൂർ ശരച്ചന്ദ്രൻ അദ്ധ്യക്ഷനായി. ആശ്രാമം സുനിൽകുമാർ സ്വാഗതം പറഞ്ഞു. വി.സുധാകരൻ, ഗോപിനാഥ് പെരിനാട്, പി.വിജയബാബു, ടി.പി.ശശാങ്കൻ, കെ.പ്രസാദ്, പുതിയപാലം മോഹൻ, രാമചന്ദ്രൻ കടകമ്പള്ളി, ആറ്റൂർ ശാർങധരൻ എന്നിവർ സംസാരിച്ചു. കാവ്യസമ്മേളനവും ടി.പി.പത്മനാഭൻ വൈദ്യർ സ്മാരക ആറ്റൂർ കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL