കൊല്ലം: മാവേലിനാടാക്കി മാറ്റിയ മലയാളികൾ ഇന്ന് പൊന്നിൽ തിരുവോണം കളറാക്കും. അത്തം മുതൽ പത്തുനാൾ നീണ്ടുനിന്ന ആഘോഷങ്ങളുടെയും പൂക്കളങ്ങളുടെയും പാരമ്യത്തിലാണ് ഇന്ന് മലയാളക്കര. വീടുകളുടെ സ്വീകരണമുറികളിൽ പത്തു ദിവസവും മാറിമാറി വിരിഞ്ഞ വലിയ പൂക്കളങ്ങളുടെ ഏറ്റവും മനോഹരവും വലുതുമായ രൂപമാണ് തിരുവോണനാളായ ഇന്ന് ഒരുക്കിയിരിക്കുന്നത്.
മാവേലിത്തമ്പുരാനെ വരവേൽക്കാനായി ഒരുക്കിയ പത്തുദിവസത്തെ പൂക്കളങ്ങൾക്ക് ഇന്നത്തോടെ വിരാമമാവും. വീടുകളിൽ തീർത്ത വലിയ പൂക്കളങ്ങൾക്ക് ചുറ്റും കുടുംബാംഗങ്ങൾ ഒത്തുകൂടിയും ഓണക്കോടിയുടുത്തും തിരുവാതിര പാട്ടുകൾ പാടിയും തിരുവോണത്തെ വരവേൽക്കുകയാണ് നാടെങ്ങും. ജാതിമത ഭേദമന്യേ കേരളക്കരയാകെ ഓണാഘോഷ ലഹരിയിലാണ്.
തിരുവോണ നാളിലെ ആഘോഷങ്ങൾക്കായി ആവശ്യമായ സദ്യവട്ടങ്ങൾക്കുള്ള സാധനങ്ങളും വസ്ത്രങ്ങളും പൂക്കളും എല്ലാം ഇന്നലെ തന്നെ ജനങ്ങൾ വാങ്ങിയിരുന്നു. തിരുവോണ ദിവസം യാതൊരു തടസവുമില്ലാതെ ആഘോഷം നടത്താനായി ഇന്നലെ ഉത്രാടപ്പാച്ചിലിലായിരുന്നു ജനം. കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും വകവയ്ക്കാതെ അവസാന നിമിഷവും സാധനങ്ങൾ വാങ്ങാൻ വൻ ജനക്കൂട്ടമാണ് ഇന്നലെ കടകളിലേക്കും ഓണച്ചന്തകളിലേക്കും ഒഴുകിയെത്തിയത്.
തുണിക്കടകൾ, പച്ചക്കറി മാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവടങ്ങളിലെല്ലാം രാത്രി വൈകിയും റെക്കാർഡ് തിരക്കായിരുന്നു. അടുക്കളകളിൽ എരിവും പുളിയും നിറഞ്ഞ നാടൻ വിഭവങ്ങളുടെ മണം പരന്നപ്പോൾ, കൂട്ടത്തോടെയുള്ള ഇരിപ്പും വർത്തമാനങ്ങളുമായി ഓണസദ്യ ഉണ്ണാനുള്ള ഒരുക്കത്തിലാണ് ഓരോ കുടുംബവും.
കൂട്ടായ്മകൾ ഒരുക്കി ക്ളബുകൾ
വീടുകൾക്ക് പുറമെ നാടൻ കൂട്ടായ്മകളും ക്ലബുകളും നേതൃത്വം നൽകുന്ന ഓണാഘോഷ പരിപാടികളും ഇന്ന് സജീവമാണ്. പ്രാദേശിക ക്ലബുകളുടെ നേതൃത്വത്തിൽ ഗ്രൗണ്ടുകളിലും വായനശാലകളിലും വടംവലി മത്സരങ്ങൾ, ഉറിയടി, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ പരമ്പരാഗത ഓണക്കളികളും വിവിധ കലാപരിപാടികളും നടത്തുന്നുണ്ട്.
തിരുവോണ ദിവസമായ ഇന്ന് പരസ്പരം വീടുകൾ സന്ദർശിക്കുന്നതിന്റെയും സ്നേഹവും സമ്മാനങ്ങളും കൈമാറുന്നതിന്റെയും തിരക്കിലാണ് ഓരോരുത്തരും. ബന്ധുവീടുകളിലേക്കും സുഹൃത്തുക്കളുടെ അടുത്തേക്കുമുള്ള യാത്രകളും ക്ലബ് ആഘോഷങ്ങളും ഓണാഘോഷത്തിന്റെ സന്തോഷം ഇരട്ടിയാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |