SignIn
Kerala Kaumudi Online
Saturday, 05 September 2026 12.33 PM IST

ഷെഡിൽ മയങ്ങുന്നു കൊല്ലത്തെ ജലപീരങ്കി

സമരങ്ങളെ നേരിടാൻ പൊലീസിന് ആശ്രയം ലാത്തി മാത്രം

കൊല്ലം: സമരക്കാരെ തുരത്താൻ വെള്ളം ചീറ്റി​ക്കേണ്ട ജലപീരങ്കി 'വരുൺ’ ആറു വർഷമായി ഷെഡിൽ. അറ്റകുറ്റപ്പണിക്കായി 2007ൽ മാറ്റിയ വാഹനം 15 വർഷം കഴിഞ്ഞതോടെ കണ്ടം ചെയ്യണമെന്ന അവസ്ഥയി​ലാണ്. എന്നാൽ അധി​കൃതരുടെ അനാസ്ഥ മൂലം നേരത്തെ അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നസ് നേടിയെടുക്കാനായില്ല.

പകരം ജലപീരങ്കി അനുവദിക്കണമെന്ന ജില്ലാ പൊലീസിന്റെ ആവശ്യം വർഷങ്ങളായി പരിഗണനയില്ലാതെ കിടക്കുന്നു. തകരാറിലായ ഓപ്പൺ ജീപ്പിന് പകരം വാഹനം എത്തിച്ചെങ്കിലും സമരങ്ങളെ നേരിടേണ്ട ജലപീരങ്കിക്ക് മാത്രം പകരക്കാരനായില്ല. കഴിഞ്ഞ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ജില്ലയിൽ ഒരു സമരത്തിലും ജലപീരങ്കി ഉപയോഗിക്കാനായില്ല. യു.ഡി.എഫ് ഉൾപ്പെടെയുള്ള കക്ഷികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോഴും ലാത്തിച്ചാർജായിരുന്നു പൊലീസിന്റെ പ്രധാന ആശ്രയം.

ഒന്നിലേറെ തവണ ജില്ലാ പൊലീസ് മേധാവി​ തിരുവനന്തപുരത്തേക്ക് കത്തയച്ചിട്ടും പുതിയ ജലപീരങ്കി അനുവദിച്ചില്ല. സാമ്പത്തികമില്ലെന്നാണ് ലഭിച്ച അനൗദ്യോഗിക മറുപടി. സാധാരണ വാഹനങ്ങളെപ്പോലെ കാര്യമായ കിലോമീറ്റർ ഓടാത്ത ജലപീരങ്കിക്ക് നിയമത്തിൽ ഇളവ് ലഭിക്കാത്തതും വേണ്ടവിധം അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് പ്രതിസന്ധിയായത്. കേന്ദ്ര പദ്ധതിയിൽ വാങ്ങുന്ന ജലപീരങ്കി ജില്ലയ്ക്കും കിട്ടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

'പുലി'യാണ് പതുങ്ങി​യത്!

12,000 ലീറ്ററാണ് ‘വരുണി’ന്റെ ടാങ്ക് ശേഷി. 50 മീറ്റർ ദൂരത്തേക്ക് ലക്ഷ്യം തെറ്റാതെ വെള്ളം ചീറ്റിക്കാനാകും. മിനിറ്റിൽ 2000 മുതൽ 10,000 ലി​റ്റർ വരെ വെള്ളം പുറന്തള്ളാം. വെള്ളത്തിന്റെ ശക്തി ആവശ്യാനുസരണം കൂട്ടാനും കുറയ്ക്കാനും കഴിയും. ശരാശരി ശക്തിയിൽ അഞ്ച് മിനിറ്റിൽ ടാങ്ക് കാലിയാകും. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ജില്ലയിൽ സമരങ്ങൾ ശക്തമാകുകയാണ്. കഴിഞ്ഞദിവസം കമ്മി​ഷണർ ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചും ജലപീരങ്കിയില്ലാതെയാണ് പൊലീസ് നേരിട്ടത്. എല്ലാ സാഹചര്യത്തിലും ലാത്തിച്ചാർജ് പ്രായോഗികമല്ല. ആറു വർഷമായി ജലപീരങ്കി ഷെഡിൽ കിടന്നിട്ടും പകരം സംവിധാനം ഒരുക്കാത്തതാണ് പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL