അഞ്ചൽ: സ്വർണ്ണക്കടയിൽ നിന്ന് മോതിരം മോഷ്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച നെടുമങ്ങാട് സ്വദേശി സുലൈമാനെ (50) നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ അഞ്ചൽ ചന്തമുക്കിലെ ജൂവലറിയിലായിരുന്നു സംഭവം. മോതിരം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ സുലൈമാൻ, കടയുടമ മോതിരങ്ങൾ എടുത്തു കാണിക്കുന്നതിനിടെ തന്ത്രപൂർവ്വം യഥാർത്ഥ മോതിരം കവരുകയായിരുന്നു.
തുടർന്ന് കൈയ്യിൽ കരുതിയിരുന്ന മുക്കുപണ്ടം മേശപ്പുറത്ത് വച്ച ശേഷം എ.ടി.എമ്മിൽ നിന്ന് പണമെടുത്തു വരാമെന്ന് പറഞ്ഞ് കടയിൽ നിന്നിറങ്ങി. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കടയുടമ നടത്തിയ പരിശോധനയിലാണ് മേശപ്പുറത്ത് ഇരിക്കുന്നത് മുക്കുപണ്ടമാണെന്ന് മനസിലായത്. തുടർന്ന് കടയുടമ പിന്നാലെയോടി നാട്ടുകാരുടെ സഹകരണത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഞ്ചൽ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |