കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാർ ഫേസ്ബുക്കിൽ ആരംഭിച്ച 'ഇന്ന് വായിച്ച കവിത' എന്ന പംക്തി പതിനാറാം വർഷത്തിലേക്ക്. ദിവസവും പുലർച്ചെ ഒരു കവിത വായിച്ച് ഫേസ് ബുക്കിൽ പങ്കുവയ്ക്കുന്നതാണ് രീതി.
കെ.പി.സീനയുടെ 'ചരിത്രം' എന്ന കവിതയോടെ ആരംഭിച്ച ഈ വായനാ യാത്രയിൽ ഇതിനകം 5,500ലധികം കവിതകളാണ് അദ്ദേഹം വായനക്കാരിലേക്ക് എത്തിച്ചത്. പ്രശസ്തരുടെയും തുടക്കക്കാരുടെയും വിദ്യാർത്ഥികളുടെയും മൺമറഞ്ഞുപോയ കവികളുടെയുമെല്ലാം രചനകൾ ഈ പംക്തിയിലൂടെ വായനക്കാരിലെത്തുന്നു. മലയാള കവിതകൾക്ക് പുറമെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അന്യഭാഷാ കവിതകളും കുരീപ്പുഴ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ വർഷം മാത്രം ബംഗ്ളാദേശ് (2), ഉറുദു (3), ബംഗാളി (8), തമിഴ് (7), ഹിന്ദി (6), ഇന്ത്യൻ ഇംഗ്ളീഷ് (5), ചൈനീസ് (3), മറാഠി (2), കന്നഡ (2), കാശ്മീരി (2), പഞ്ചാബി (1), ഒഡിയ (1), നേപ്പാളി (1), നാഗാലാൻഡ് (1), ഗുജറാത്തി (1), സിംഹള (1) എന്നിങ്ങനെ വൈവിദ്ധ്യമാർന്ന നിരവധി വിവർത്തന കവിതകൾ അദ്ദേഹം ഈ പംക്തിയിലൂടെ പരിചയപ്പെടുത്തി.
കമൽഹാസൻ എഴുതി ബാലചന്ദ്രൻ ചുള്ളിക്കാട് വിവർത്തനം ചെയ്ത ഇംഗ്ളീഷ് കവിതയും കൂട്ടത്തിലുണ്ട്. സ്വന്തം കവിതയായ 'ജയിൽവീട്' പങ്കുവച്ചുകൊണ്ടാണ് കുരീപ്പുഴ 'ഇന്ന് വായിച്ച കവിത'യുടെ പതിനാറാം വാർഷിക പോസ്റ്റിട്ടത്. കവിതകൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്യുന്നതിനൊപ്പം ചില കവിതകൾ സ്വന്തം ശബ്ദത്തിൽ ചൊല്ലി വീഡിയോയായും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ലോകമെമ്പാടുമുള്ള മലയാളി കവിതാ സ്നേഹികൾക്കിടയിൽ വലിയൊരു സൗഹൃദ കൂട്ടായ്മ രൂപപ്പെടുത്താൻ കുരീപ്പുഴ ഈ പംക്തിക്ക് കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |