SignIn
Kerala Kaumudi Online
Monday, 21 September 2026 2.19 AM IST

പത്രാധിപരുടെ കുളത്തൂർ പ്രസംഗം ഇന്നും പ്രസക്തം: ഡോ.ജി.ജയദേവൻ

കൊല്ലം: പത്രാധിപരുടെ കുളത്തൂർ പ്രസംഗം ഇന്നും പ്രസക്തമാണെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷററും എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ പ്രസിഡന്റുമായ ഡോ. ജി. ജയദേവൻ പറഞ്ഞു. കേരളകൗമുദി കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പത്രാധിപർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാട് വെട്ടിത്തെളിച്ച ഗുരുവിന് ചുറ്റും കാട് വളർത്തുന്നുവെന്ന് ആ പ്രസംഗത്തിൽ പത്രാധിപർ പറഞ്ഞു. ഗുരുദേവ ദർശനത്തെക്കുറിച്ച് ഒരുപാട് പുസ്തകങ്ങൾ ഇപ്പോൾ ഇറങ്ങുന്നു. അതിൽ പലതും ഗുരുദേവദർശനത്തിന് ഘടകവിരുദ്ധമാണ്. തെറ്റായ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച് ഗുരുദേവനെ നമ്മളിൽ നിന്ന് അകറ്റുകയാണ്. അതുകൊണ്ടാണ് ഗുരുദേവന് ചുറ്റും കാടുവളർത്തുന്നുവെന്ന പത്രാധിപരുടെ വാക്കുകൾ ഇന്നും പ്രസക്തമാകുന്നത്.

അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസിനെ വേദിയിലിരുത്തിയായിരുന്നു സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരായ പത്രാധിപരുടെ കുളത്തൂർ പ്രസംഗം. ഇ.എം.എസ് ഒളിവിൽ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് നീരും ചോറും കൊടുത്ത, കിളിയും പരുന്തും കൊണ്ടുപോകാതെ സംരക്ഷിച്ചവരുടെ വംശത്തിലുള്ളവരുടെ നിലനിൽപിനെ ബാധിക്കുന്ന പ്രമേയം പാസാക്കിക്കൊണ്ടാണ് വന്നിരിക്കുന്നതെന്നും പത്രാധിപർ പറഞ്ഞു. ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് ഗുരുദേവനാണെന്നും പത്രാധിപർ കുളത്തൂർ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയെന്നും ഡോ. ജി.ജയദേവൻ പറഞ്ഞു.

കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവുമായ പി.സുന്ദരൻ പത്രാധിപർ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവുമായ മോഹൻ ശങ്കർ, കേരളകൗമുദിയിലെ മികച്ച പ്രാദേശിക ലേഖകനുള്ള പത്രാധിപർ സ്മാരക അവാർഡ് തഴവ ലേഖകൻ ദിലീപ് കുറുങ്ങപ്പള്ളിക്കും 2025-26ലെ ബെസ്റ്റ് അച്ചീവർ അവാർഡ് കേരളകൗമുദി റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാറിനും സമ്മാനിച്ചു.

എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവുമായ എൻ.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കൊല്ലം പ്രസ് ക്ലബ് സെക്രട്ടറി സനൽ.ഡി പ്രേം ആശംസ നേർന്നു. സാമൂഹ്യ, സാംസ്കാരിക, സാമുദായിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) എച്ച്.അജയകുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL