SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.15 AM IST

വ്യോമാക്രമണ സങ്കല്പത്തിൽ കളക്ടറേറ്റിൽ മോക് ഡ്രിൽ

കൊല്ലം: യുദ്ധം പോലുള്ള അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള മുന്നൊരുക്കം ഉറപ്പുവരുത്തുന്നതിന് അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനത്തിൽ കലക്ടറേറ്റിൽ മോക് ഡ്രിൽ സംഘടിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയായി അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് രാജ്യത്തുടനീളം തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സിവിൽ ഡിഫൻസ് മോക് ഡ്രില്ലിന്റെ ഭാഗമായിട്ടായിരുന്നു കളക്ടറേറ്റിലെ മോക് ഡ്രിൽ.

'വ്യോമാക്രമണവും അത് മൂലം സംഭവിക്കുന്ന അഗ്‌നിബാധയും കെട്ടിടങ്ങളുടെ തകർച്ചയും' എന്ന സാങ്കല്പിക സാഹചര്യം മുൻനിറുത്തിയായിരുന്നു മോക് ഡ്രിൽ. വൈകിട്ട് മൂന്നോടെ വ്യോമാക്രമണം നടന്നതായി സൂചിപ്പിക്കുന്ന സൈറൺ മുഴങ്ങിയതോടെയാണ് മോക് ഡ്രില്ലിന് തുടക്കമായത്. തുടർന്ന് കെട്ടിടത്തിന്റെ പുറത്തും വരാന്തയിലും നിന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടി മാറി.

ആക്രമണം അവസാനിച്ചതായി രണ്ടാം സൈറൺ മുഴങ്ങിയതോടെ കെട്ടിടത്തിനുള്ളിൽ നിന്ന് ആളുകൾ കോണിപ്പടികൾ വഴി അസംബ്ലി പോയിന്റിലെത്തി. കലക്ടറേറ്റ് കൺട്രോൾ റൂമിൽ നിന്ന് പൊലീസ് കൺട്രോൾ റൂമിലേക്കും ചാമക്കട ഫയർ സ്റ്റേഷനിലേക്കും അറിയിപ്പ് നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. ആംബുലൻസടക്കം സജ്ജീകരണങ്ങളുമായി മെഡിക്കൽ സംഘവും സ്ഥലത്തെത്തി.

കെട്ടിടത്തിൽ പരിക്കേറ്റ് കുടുങ്ങിക്കിടന്ന അഞ്ചുപേരെ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും ചേർന്ന് കലക്ടറേറ്റ് വളപ്പിൽ സജ്ജമാക്കിയ മെഡിക്കൽ എയ്ഡ് പോസ്റ്റിലെത്തിച്ചു.

ഗുരുതരമായി പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തും വരെ തെരച്ചിൽ തുടർന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. അവലോകനയോഗത്തിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള സംഘങ്ങളെ നയിച്ച ഉദ്യോഗസ്ഥർ ഓരോ വിഭാഗവും സ്വീകരിച്ച നടപടികൾ വിശദീകരിച്ചു. ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിക്കുന്നതിന് കളക്ടറേറ്റ് ജീവനക്കാർക്ക് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പ്രായോഗിക പരിശീലനവും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL