കൊല്ലം: വെള്ളിമണിൽ ഭർത്താവിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി ലേഖാ മേരിയെ (48) വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനിടെയായിരുന്നു തെളിവെടുപ്പ്. വെള്ളിമൺ വ്ളാവേത്ത് രാജു മന്ദിരത്തിൽ രാജുവിനെ (56) കൊലപ്പെടുത്തിയ കേസിലാണ് ബുധനാഴ്ച രാവിലെ 12 ഓടെ കുണ്ടറ സി.ഐ സുനുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രേഖ മേരിയുമായി തെളിവെടുപ്പിന് വീട്ടിലെത്തിയത്.
ഈ സമയം സംഘടിച്ചെത്തിയ നാട്ടുകാർ അസഭ്യവർഷം നടത്തുകയും ചീമുട്ട ഏറിയുകയും ചെയ്തു. കൊലപാതകം നടത്തിയ രീതി ലേഖാമേരി പൊലീസിനോട് വിവരിച്ചു. നാട്ടുകാർ പ്രകോപിതരായതോടെ പത്ത് മിനിറ്റിൽ തെളിവെടുപ്പ് പൂർത്തിയാക്കി ഉടൻതന്നെ മടങ്ങി.
കഴിഞ്ഞ 2ന് വെളുപ്പിന് 5.30നാണ് ബന്ധുക്കൾ രാജുവിനെ അബോധാവസ്ഥയിൽ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ മരിച്ചതായി സ്ഥിരീകരിച്ചു. വീട്ടിൽ കുഴഞ്ഞുവീണെന്നാണ് ലേഖാ മേരി അറിയിച്ചത്. പോസ്റ്റ്മോർട്ടത്തിൽ സംശയം തോന്നിയ ഡോക്ടർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ലേഖാമേരി കുറ്റം സമ്മതിച്ചു.
പെയിന്റിംഗ് തൊഴിലാളിയായ രാജുവും ലേഖാമേരിയും തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. ഒരുവർഷത്തോളമായി അകന്ന് കഴിയുകയായിരുന്നു. ഏക മകൾ ബന്ധുവീട്ടിൽ നിന്നാണ് പഠിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |