തഴവ: നിർമ്മാണം പൂർത്തിയാകുന്നതോടെ ദേശീയ പാതയിലെ സർവ്വീസ് റോഡുകളിലൂടെയുള്ള യാത്ര കൂടുതൽ ദുരിതത്തിലാകുമെന്ന ആശങ്ക വ്യാപകമായി. ആറുവരി പാതയുടെ ഇരു വശത്തുമായി ക്രമീകരിച്ചിരിക്കുന്ന സർവ്വീസ് റോഡുകളാണ് പ്രാദേശിക യാത്രകൾക്കായി നിയമാനുസൃതം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഇരുചക്ര വാഹന യാത്രക്കാർ, ഓട്ടോ റിക്ഷകൾ എന്നിവയും യാത്രയ്ക്കായി സർവ്വീസ് റോഡുകളെയാണ് പൂർണ്ണമായും ആശ്രയിക്കേണ്ടി വരുന്നത്. എന്നാൽ പ്രാദേശികമായി കൂടുതൽ പേർ ആശ്രയിക്കേണ്ടി വരുന്ന സർവ്വീസ് റോഡുകൾ യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെയാണ് നിലവിൽ നിർമ്മിച്ചിരിക്കുന്നത്.
മഴവെള്ളം സർവീസ് റോഡിലേക്ക്
ദീർഘദൂര വലിയ വാഹനങ്ങൾക്കായി ക്രമീകരിച്ചിരിക്കുന്ന ആറ് വരി പാതയിൽ വീഴുന്ന മഴവെള്ളം ഉൾപ്പടെയുള്ളവ സർവീസ് റോഡിലേക്ക് നിർബാധം ഒഴുക്കിവിടുന്ന തരത്തിലാണ് പൈപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതു മൂലം മഴക്കാലത്ത് സർവീസ് റോഡുകൾക്ക് കുറുകെ വലിയ അളവിൽ വെള്ളം നിരന്നൊഴുകുകയും യാത്രക്കാരെ വലിയ രീതിയിൽ ദുരിതത്തിലാക്കുകയും ചെയ്യുമെന്ന ആശങ്കയാണ് വ്യാപകമായി ഉയരുന്നത്. ദേശീയ പാതയുടെ ഇരുവശങ്ങളിലുമായി സർവീസ് റോഡുകളോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഓടകളിലേക്ക് പ്രധാന പാതയിൽ നിന്നുള്ള മഴവെള്ളം പൈപ്പ് ലൈൻ വഴി നേരിട്ടൊഴുക്കിയാൽ ഈ പ്രതിസന്ധി പരിഹരിക്കാവുന്നതാണ്. ഇതിന് റോഡ് നിർമ്മാണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സർവീസ് റോഡിന് അടിയിലൂടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കേണ്ടതായിരുന്നു. എന്നാൽ ജില്ലയിൽ നിർമ്മാണം പൂർത്തിയായ സ്ഥലങ്ങളിൽ ഉൾപ്പടെ സർവീസ് റോഡുകൾക്ക് മുകളിൽ വെള്ളം പരന്ന് വീഴത്തക്ക തരത്തിൽ അശാസ്ത്രീയമായ രീതിയിൽ പൈപ്പുകൾ ക്രമീകരിച്ച ശേഷം സർവീസ് റോഡിലെ കോൺക്രീറ്റ് പ്രവൃത്തികൾ ഉൾപ്പടെ ഇപ്പോൾ പൂർത്തീകരിച്ച് വരികയാണ്.
ഉയരമില്ലാത്ത സുരക്ഷാ ഭിത്തിയും തകരുന്ന ഓടകളും
കൂടാതെ പ്രധാന ആറ് വരി പാതയ്ക്ക് നിലവിൽ നൽകിയിരിക്കുന്ന സുരക്ഷാ ഭിത്തിയ്ക്ക് വെറും ഒരടി ഉയരം മാത്രമാണ് ഉള്ളത്. ഇതും മഴക്കാലത്ത് സർവ്വീസ് റോഡുകളിലെ യാത്രക്കാർക്ക് വിനയാകുമെന്നും വിദഗ്ദ്ധർ പറയുന്നു. മഴ ബാധിത സമയങ്ങൾ വർഷത്തിൽ ആറ് മാസത്തിൽ അധികം കൂടുതലായുള്ള കേരളത്തിൽ വടക്കേന്ത്യൻ സംസ്ഥാനത്തിന്റെ പൊതു സ്ഥിതി പരിഗണിച്ച് റോഡ് നിർമ്മാണം നടത്തിയ നടപടിയിൽ തുടക്കം മുതൽ പ്രാദേശികമായി നിരവധി പ്രക്ഷോപങ്ങളും പ്രതിഷേധ പ്രകടനങ്ങളുമാണ് നടന്നിട്ടുള്ളത്.
സർവ്വീസ് റോഡുകൾക്ക് ഇരുവശവും നിർമ്മിച്ചിരിക്കുന്ന ഓടകളുടെ കവറിംഗ് സ്ലാബുകൾ വാഹനങ്ങളുടെ ഭാരം താങ്ങുവാൻ കഴിയാതെ ഉടഞ്ഞ് വീഴുന്നതും ഇപ്പോൾ പതിവാണ്.
അടിയന്തരമായി ഇടപെടണം
പദ്ധതി പ്രവർത്തനത്തിൽ അശാസ്ത്രീയതയുണ്ടായി എന്നത് പല ഘട്ടങ്ങളിലും ദേശീയ പാത അധികൃതർ തന്നെ അംഗീകരിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് ദീർഘകാല ദുരിതങ്ങൾക്ക് കാരണമാകുന്ന വൈകല്യങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ മുൻ കൈയ്യെടുക്കണമെന്ന ജനകീയ ആവശ്യം ശക്തമായിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |