
കോട്ടയം: ഓണത്തിന് തൂശനിലയിൽ ചോറ് വിളമ്പണമെങ്കിൽ കീശകീറുമെന്നതാണ് അവസ്ഥ. അരി വില കുതിക്കുമ്പോൾ പൊതുജനം കിതയ്ക്കുകയാണ്. മറ്റു ജില്ലകളേ അപേക്ഷിച്ച് കുത്തരിയുടെ ആരാധകരാണ് കോട്ടയത്തുകാർ. കുത്തരിയുടെ ചില്ലറവിലയിൽ 5 മുതൽ 8 രൂപയുടെ വരെ വർദ്ധനയുണ്ടായി. വില 60 രൂപയിലേക്കെത്തി. വില താഴാനുള്ള ലക്ഷണങ്ങളൊന്നുമില്ലെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. ദിവസം മൂന്നുനേരം വരെ ചോറ് പ്രധാന ഭക്ഷണമാകുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ അരിവില വർദ്ധനവ് ഉലയ്ക്കുകയാണ്. പച്ചക്കറിയ്ക്കും പലചരക്കിനുമെല്ലാം വില വർദ്ധിച്ചതിന് പിന്നാലെ അരിവിലയും കുതിച്ചതോടെ ഇടത്തരം കുടുംബങ്ങളൂടെ അടുക്കള ബഡ്ജറ്റ് അപ്പാടെ തകർന്നു.
ക്ഷാമം സൃഷ്ടിക്കാൻ ശ്രമം
വിലക്കയറ്റം മൂലം കർണാടകയിൽ നിന്നുള്ള കുത്തരി പല കടകളിലും എത്തുന്നില്ല. മനപൂർവം ക്ഷാമം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കേരളത്തിലെ ബ്രാൻഡുകൾ എല്ലാം വിലകൂട്ടിത്തുടങ്ങി. കഴിഞ്ഞയാഴ്ച വന്ന പായ്ക്കറ്റുകളെല്ലാം പുതുക്കിയ വില രേഖപ്പെടുത്തി. ഗുണമേന്മയിൽ, ഒപ്പം നിൽക്കില്ലെങ്കിലും റേഷൻകടകളിൽ നിന്നും കുത്തരി ആവശ്യാനുസരണം ലഭിക്കാത്തത് തിരിച്ചടിയാകുന്നതായി ഉപയോക്താക്കൾ പറയുന്നു
23 രൂപയുടെ വർദ്ധനവ്
റേഷൻകടകളിൽ നിന്നു പച്ചരിയും പുഴുക്കലരിയും ലഭിക്കുന്നതിനാൽ വെള്ളഅരികൾക്ക് വലിയതോതിൽ വില വർദ്ധിച്ചുതുടങ്ങിയിട്ടില്ല. ജയ, സുരേഖ ഇനങ്ങൾ ശരാശരി 42-45 രൂപയ്ക്ക് ലഭിക്കും, 23 രൂപയുടെ വർദ്ധനയാണുണ്ടായിരിക്കുന്നത്.
പൊന്നിഅരി ശരാശരി വില: 45 രൂപ
പച്ചരി വില: 35 മുതൽ 50 രൂപ വരെ
ഇന്ധനവില ഇരട്ടിപ്രഹരം
2021ന് ശേഷം ഇതാദ്യമായാണ് അരിവില ഈരീതിയിൽ ഉയരുന്നത്. ഇന്ധന വിലവർദ്ധനവ് ചരക്കുഗതാഗതത്തെ സാരമായി ബാധിച്ചതും നിലവിലെ പ്രതിസന്ധിക്ക് കാരണമായി.
വില്ലനായത് മഴ
കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ മഴയില്ല
കർഷകർ കൃഷി ചെയ്യാതെ മാറി നിൽക്കുന്നു
പൊതുവിപണിയിൽ അരിവില കുറയണമെങ്കിൽ റേഷനരിവിഹിതം വർദ്ധിപ്പിക്കണം. റേഷൻ അരി വെട്ടിയ്ക്കുറയ്ക്കാനുള്ള കേന്ദ്രനീക്കമാണ് അരി വിലക്കയറ്റത്തിന് പ്രധാന കാരണം.ബ്രാൻഡഡ് അരിവില നിയന്ത്രിക്കാൻ ഭക്ഷ്യവകുപ്പ് അടിയന്തിര ഇടപെടൽ നടത്തണം.
കെ.കെ ശിശുപാലൻ
(റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |