
കോട്ടയം: ഒരുനിമിഷത്തെ അശ്രദ്ധ. പക്ഷേ അതിന് വില നൽകേണ്ടിവരിക സ്വന്തം ജീവനാകാം. പാറക്കുളങ്ങൾ, കിടങ്ങുകൾ, ആറുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിൽ മുങ്ങിമരണങ്ങൾ വർദ്ധിക്കുകയാണ്. ജില്ലയിലെ പല പ്രകൃതിരമണീയമായ സ്ഥലങ്ങളിലേക്ക് ആളുകളുടെ ഒഴുക്ക് കൂടുമ്പോൾ ദുരന്തങ്ങളും ആവർത്തിക്കുകയാണ്. ഇന്നലെ മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ച സംഭവമാണ് ഒടുവിലത്തേതാണ്. അപകടത്തിൽപ്പെടുന്നവരിൽ ഏറെയും വിദ്യാർത്ഥികളും യുവാക്കളുമാണ്.
ജലാശയങ്ങളുടെ ആഴം, അടിയൊഴുക്ക്, വെള്ളത്തിനടിയിലെ പാറക്കുഴികൾ, വഴുക്കൽ തുടങ്ങിയ അപകടസാദ്ധ്യതകൾ മനസിലാക്കാതെയാണ് പലരും വെള്ളത്തിലിറങ്ങുന്നതാണ് ദുരന്തം വിളിച്ചുവരുത്തുന്നത്. മഴക്കാലത്ത് ജലനിരപ്പും ഒഴുക്കും പെട്ടെന്ന് ഉയരുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും. സാമൂഹിക മാദ്ധ്യമങ്ങളിൽ റീലുകളും ചിത്രങ്ങളും പകർത്താനുള്ള ശ്രമവും സാഹസിക പ്രകടനങ്ങളും പലപ്പോഴും ദുരന്തങ്ങളിൽ കലാശിക്കും. ഒരാൾ മുങ്ങുമ്പോൾ രക്ഷിക്കാൻ ഇറങ്ങുന്ന സുഹൃത്തുക്കളും അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ പതിവാണ്.
മൂന്ന് മാസം ആറ് മരണം
കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിവിധ സംഭവങ്ങളിലായി വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പെടെ ആറ് പേരാണ് മുങ്ങി മരിച്ചത്.
അയ്മനം ചാമത്തറ ഷാപ്പ് കടവിൽ കുളിക്കാനിറങ്ങിയ പുനലൂർ സ്വദേശി ഷാഹുദ്ദീൻ നവാസ് (26) മുങ്ങി മരിച്ചത് സമീപകാലത്താണ്.
ഒരുമാസം മുമ്പ് മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ അയ്മനം പൂന്തോട്ടത്തിൽ അഭിഷേക് (24)നും ജീവൻ നഷ്ടമായി.
കൊടിത്തോട്ടം ഭാഗത്തെ പാറക്കുളത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്.
അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ, സുരക്ഷാ വേലികൾ എന്നിവ സ്ഥാപിക്കണം. (പ്രസന്നൻ, മൂന്നിലവ് സ്വദേശി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |