SignIn
Kerala Kaumudi Online
Monday, 21 September 2026 2.17 AM IST

കാടിറങ്ങി വനൃമൃഗങ്ങൾ; നശിപ്പിച്ചത് ഒരു കോടിയുടെ കൃഷി

krishi
വന്യമൃഗ അക്രമണം

കോഴിക്കോട്: കാടിറങ്ങിയ വന്യമൃഗങ്ങൾ എട്ടുമാസത്തിനിടെ നശിപ്പിച്ചത് ഒരുകോടിയുടെ കൃഷി. കഴിഞ്ഞ ജനുവരി മുതൽ ആഗസ്ത് 14 വരെയുള്ള കൃഷി വകുപ്പിന്റെ കണക്കുകളിലാണ് ജില്ലയിൽ 1,35,29,000 രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. വാഴ കൃഷിയാണ് കൂടുതലും നശിച്ചത്. 72.42 ഹെക്ടർ ഭൂമിയിലെ വാഴ, റബ്ബർ, തെങ്ങ്, കവുങ്ങ്, ജാതി കാർഷിക വിളകളും നശിച്ചു. കഷ്ടപ്പെട്ട് നട്ടുവളർത്തിയ വിളകൾ നശിച്ചതോടെ ആശങ്കയിലാണ് കർഷകർ. ദിവസേന രൂക്ഷമാകുന്ന വന്യമൃഗശല്യത്തിൽ വലഞ്ഞ ഇവർ കൃഷിയിൽനിന്ന് പിന്മാറുന്ന അവസ്ഥയിലേക്കെത്തി.

കൃഷിഭവനിൽ റിപ്പോർട്ട് ചെയ്ത എഫ്.ഐ.ആർ പ്രകാരം പുറമേരി കൃഷിഭവൻ പരിധിയിലാണ് ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായത്. ഇവിടെ മാത്രം 338 കർഷകരുടെ 6.19 ഹെക്ടർ ഭൂമിയിലെ 15.23 ലക്ഷം രൂപയുടെ വിളകൾ നശിച്ചു. ചാത്തമംഗലത്ത് 12.40 ലക്ഷം രൂപയും മരുതോങ്കരയിൽ 12.36 ലക്ഷം രൂപയും നൊച്ചാട്ടിൽ 7.28 ലക്ഷം രൂപയും മുക്കത്ത് 7.05 ലക്ഷം രൂപയുമാണ് നഷ്ടം. കൂടരഞ്ഞി, വില്യാപ്പള്ളി, ബാലുശ്ശേരി, കൂരാച്ചുണ്ട്, നന്മണ്ട, കുറ്റ്യാടി, വേളം, പെരുമണ്ണ, തിരുവമ്പാടി മേഖലകളിലും വലിയ തോതിൽ കൃഷിനാശം രേഖപ്പെടുത്തി.
വന്യജീവി ആക്രമണത്തിൽ മരണം, പരിക്ക്, വീടുകൾക്കും മറ്റ് സ്വത്തുക്കൾക്കും നാശം, കന്നുകാലികളെ നഷ്ടപ്പെടൽ തുടങ്ങിയ സംഭവങ്ങളും നിരവധിയാണ്. വന്യമൃഗങ്ങൾ മാത്രമല്ല, കാലാവസ്ഥയും കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാവുകയാണ്. കഴിഞ്ഞ എട്ടുമാസത്തിനിടെ വരൾച്ചയിൽ 195 കർഷകർക്ക് 28.82 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കനത്ത മഴയിൽ 15,980 കർഷകരുടെ 2,943.61 ഹെക്ടർ ഭൂമിയിലെ കൃഷി നശിപ്പിച്ചു. മഴക്കെടുതിയിൽ മാത്രം 3210.58 ലക്ഷം രൂപയുടെ കൃഷിനാശമാണുണ്ടായത്.

വാഴയാണ് കൂടുതൽ

വാഴ കർഷകരെയാണ് വന്യമൃഗ അക്രമണം ഏറ്റവും കൂടുതൽ ബാധിച്ചത്. കുലച്ചതും കുലയ്ക്കാത്തതുമായ വാഴകൾ കൂട്ടത്തോടെ നശിച്ചു. മുള്ളൻപന്നിയും കാട്ടുപന്നിയുമാണ് കൃഷി നശിപ്പിക്കുന്നതിൽ മുന്നിൽ. രാത്രിയിൽ കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ കാർഷികവിളകൾ ഇളക്കിമറിച്ചിടുന്ന സ്ഥിതിയാണ്. നഗരപ്രദേശങ്ങളിലും കർഷകർക്ക് ആശ്വാസമില്ല. തെരുവുനായ്ക്കൾ പോലും കൃഷിയിടങ്ങളിൽ കയറി വിളകൾ പിഴുതെറിയുന്നു. വന്യമൃഗങ്ങളെ തടയാൻ വേലികൾ സ്ഥാപിച്ചിട്ടും ഫലമില്ല.

വന്യമൃഗ അക്രമണം: 135.29 ലക്ഷം
വരൾച്ച: 28.82 ലക്ഷം
മഴക്കെടുതി: 3210.58 ലക്ഷം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL