
പത്തനംതിട്ട : ഇരുപത് രൂപയ്ക്ക് ഉച്ചയൂണ് വിളമ്പി ജനമനസിൽ ഇടംനേടിയ ജനകീയ ഹോട്ടലുകൾ നിലനിൽപ്പിനായി കേഴുന്നു. ജില്ലയിലെ 57 തദ്ദേശ സ്ഥാപനങ്ങളിലായുണ്ടായിരുന്ന 58 ജനകീയ ഹോട്ടലുകളിൽ 20 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഊണിന്റെ വിലയായ ഇരുപത് രൂപ പിന്നീട് മുപ്പതും മുപ്പത്തഞ്ചുമൊക്കെയായി മാറിയെങ്കിലും സാധനങ്ങൾക്ക് വില വർദ്ധിച്ചതോടെ ഊണ് നൽകാൻ കഴിയാത്ത സ്ഥിതിയിലെത്തി. കുടുംബശ്രീ പ്രവർത്തകരാണ് ഹോട്ടൽ ആരംഭിച്ചത്. വനിതകൾക്ക് നല്ലൊരു വരുമാന മാർഗമായിരുന്നു. ഇടക്കാലത്ത് സബ് സിഡി നിറുത്തലാക്കിയതോടെയാണ് ഹോട്ടലുകൾ കൂടുതൽ പ്രതിസന്ധിയിലായത്. ഹോട്ടൽ തുടർന്നുകൊണ്ടു പോകാൻ സാധിക്കാതെ വന്നതോടെ പലരും മറ്റു തൊഴിലുകൾ തേടി.
വിശപ്പ് രഹിത സമൂഹം
2019 - 20ൽ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് ജനകീയ ഹോട്ടലുകൾ സംസ്ഥാനത്തുടനീളം ആരംഭിക്കുന്നത്. കൊവിഡ് കാലത്ത് ഏറ്റവും അധികം ഭക്ഷണം വിതരണം നടത്തിയതും ജനകീയ ഹോട്ടലുകൾ വഴിയായിരുന്നു.
ജനകീയ ഹോട്ടലിന് റിവോൾവിംഗ് ഫണ്ടായി ഒരോ ബ്ലോക്ക് പഞ്ചായത്തും വാർഷിക പദ്ധതിയിൽ 20,000 രൂപയും ജില്ലാ പഞ്ചായത്ത് 10,000 രൂപയും വകയിരുത്തിയിരുന്നു. യൂണിറ്റിന് പ്രാരംഭ ചെലവിലേക്ക് റിവോൾവിംഗ് ഫണ്ടായി 50,000 രൂപയും ഒരു ഊണിന് സബ്‌സിഡിയായി 10 രൂപയും കുടുംബശ്രീ ജില്ലാമിഷൻ നൽകിയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഊണ് കഴിക്കാൻ ആളില്ലെങ്കിൽ ഇതൊന്നും ലഭിക്കുകയുമില്ല. നാല് അംഗങ്ങൾ ഉൾപ്പെടുന്ന യൂണിറ്റുകൾ രൂപീകരിച്ചായിരുന്നു പ്രവർത്തനം.
ജില്ലയിലെ ജനകീയ ഹോട്ടലുകൾ : 58
ഇപ്പോൾ പ്രവർത്തിക്കുന്നത് : 20
പൂട്ടിയത് : 38
സബ്‌സിഡി നിറുത്തി
ജനകീയ ഹോട്ടലുകൾക്ക് സർക്കാർ നൽകിയിരുന്ന ഊണിനുള്ള സബ്‌സിഡി നിറുത്തലാക്കിയത് തിരിച്ചടിയായി. കൊവിഡ് കാലഘട്ടത്തിലും അതിനുശേഷവും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭ്യമാക്കാൻ ഒരു ഊണിന് 10 രൂപ നിരക്കിലാണ് സർക്കാർ സബ്‌സിഡി നൽകിയിരുന്നത്. എന്നാൽ സബ്‌സിഡി കിട്ടാതായതോടെ 20 രൂപയ്ക്ക് ഊണ് നൽകാനാകാത്തത് പ്രവർത്തനത്തെ ബാധിച്ചു.
കെട്ടിട വാടക, വെള്ളം, വൈദ്യുതി ചാർജ് എന്നിവ തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം എന്നായിരുന്നു വ്യവസ്ഥയെങ്കിലും പല തദ്ദേശ സ്ഥാപനങ്ങളും ഇത് കൃത്യമായി നൽകാത്തത് ജനകീയ ഹോട്ടലിന് പൂട്ടുവീഴാൻ കാരണമായി.
ഭക്ഷണം കഴിക്കാൻ ആളില്ലെങ്കിൽ വലിയ നഷ്ടമാണ്. സാധനങ്ങൾക്ക് വില കൂടിയ സാഹചര്യത്തിൽ ഭക്ഷണം വിറ്റുകിട്ടുന്ന തുക കൊണ്ട് മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ്.
സുധ,
ജനകീയ ഹോട്ടൽ നടത്തിപ്പുകാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |