
കോഴഞ്ചേരി : പിറന്നാൾ ദിനത്തിൽ കണ്ണനൊപ്പം അഷ്ടമി രോഹിണി വള്ളസദ്യ കഴിക്കാൻ ആറന്മുളയിലെത്തിയ ഭക്തസഹസ്രങ്ങൾക്ക് ജന്മസാഫല്യം. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം ആനക്കൊട്ടിലിൽ നെൽപ്പറ നിറച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് 52 പള്ളിയോട കരനാഥന്മാരും 52 നെൽപ്പറ സമർപ്പിച്ചു. തൂശനിലയിൽ വെറ്റ പുകയിലയും ദക്ഷിണയും സമർപ്പിച്ചു. തുടർന്ന് ആദ്യം ക്ഷേത്രക്കടവിലെത്തിയ മംഗലം, മേലുകര പള്ളിയോടങ്ങളെ ദേവസ്വം അധികാരികളും പള്ളിയോട സേവാസംഘം ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. മേലുകര പള്ളിയോടക്കരക്കാർ മന്നം ട്രോഫിയുമായാണ് പള്ളിയോടത്തിൽ എത്തിയത്. വാദ്യമേളങ്ങളും ,കഥകളി കൃഷ്ണവേഷവും ,ഗരുഡൻ പറവയുമായി മേലുകര കരക്കാർ വഞ്ചിപ്പാട്ട് പാടി ക്ഷേത്രത്തിന് വലംവച്ചതോടെ ആറന്മുള ഉണർന്നു. ക്ഷേത്രത്തിന് പുറത്ത് കൃഷ്ണവേണി , പാഞ്ചജന്യം , വിനായക തുടങ്ങിയ ഓഡിറ്റോറിയങ്ങളിലും സദ്യ ഒരുക്കിയിരുന്നു. ആറന്മുള പാർത്ഥൻ കാറ്റേഴ്‌സ് ഉടമ അനിഷ് ചന്ദ്രന്റെ നേതൃത്വത്തിലാണ് സമൂഹസദ്യ തയ്യാറാക്കിയത്. ശ്രീവത്സം കാറ്ററിംഗ് ഉടമ ശ്രീരാജിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിന് പുറത്തും സദ്യ ഒരുക്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, നിർവഹണ സമിതി അംഗം ക്യാപ്റ്റൻ രവീന്ദ്രൻ നായർ, ജി.കൃഷ്ണകുമാർ , മുൻ എം.എൽ.എ മാലേത്ത് സരളാദേവി, ദേവസ്വം അഡ്മിനിസ്‌ട്രറ്റീവ് ഓഫീസർ ജയലക്ഷ്മി, പത്തനംതിട്ട എ.ഡി.എം രാജലക്ഷ്മി, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാസജിവ് ഭാസ്കർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |