
കഴക്കൂട്ടം: കണിയാപുരം ജംഗ്ഷനിലും സമീപ പ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന ഗതാഗത കുരുക്കിനും,നിയമലംഘനങ്ങൾക്കും ശാശ്വത പരിഹാരം കാണുന്നതിനായി അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർച്ചനയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക ട്രാഫിക് കമ്മിറ്റി യോഗം ചേർന്നു.പൊലീസും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ പ്രദേശത്തെ ഗതാഗത സംവിധാനം കൂടുതൽ സുഗമമാക്കുന്നതിനുള്ള തീരുമാനങ്ങളെടുത്തു.
തീരുമാനങ്ങൾ
1) കണിയാപുരം മുതൽ റെയിൽവേ ക്രോസ് വരെയുള്ള ഭാഗങ്ങളിൽ,റോഡിന്റെ ഒരു വശത്ത് മാത്രമെ പാർക്കിംഗ് അനുവദിക്കൂ.'നോ പാർക്കിംഗ്" ബോർഡുകൾ ഉടൻ സ്ഥാപിക്കും.
2) കണിയാപുരം ജംഗ്ഷനിൽ നിന്ന് ചിറയിൻകീഴ് ഭാഗത്തേക്ക് പോകുന്ന റോഡിലെയും, റെയിൽവേ ക്രോസിന് സമീപത്തെ ഇരുവശങ്ങളിലെയും ബസ് സ്റ്റോപ്പുകൾ ഗതാഗത തടസം സൃഷ്ടിക്കാത്ത രീതിയിൽ അല്പം മുന്നോട്ട് മാറ്റി സ്ഥാപിക്കും
3) വിദ്യാർത്ഥികളുടെ സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായി ആലുംമൂട് യു.പി.എസ്,എൽ.പി.എസ് തുടങ്ങിയ മേഖലകളിൽ വേഗപരിധി നിശ്ചയിച്ചുകൊണ്ടുള്ള ബോർഡുകളും സ്കൂൾ സോൺ ബോർഡുകളും സ്ഥാപിക്കും
4) ആലുംമൂട് സ്കൂളുകളുടെ മുമ്പിൽ ഓട്ടോറിക്ഷകൾ നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്നത് തടയും
5) ഹോംഗാർഡുമാരുടെ സേവനമില്ലാത്ത സമയങ്ങളിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കണ്ടെത്താനും,അനധികൃത പാർക്കിംഗിന് പിഴ ചുമത്തുന്നതിനുമായി പഞ്ചായത്ത് ഓഫീസിലേക്ക് തിരിയുന്ന കണിയാപുരം ജംഗ്ഷനിൽ അത്യാധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും
റോഡ് സുരക്ഷയും കാൽന്നടയാത്രക്കാരുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ പൊതുജനങ്ങൾ സഹകരിക്കണം.
അർച്ചന, പ്രസിഡന്റ്,
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |