വാടാനപ്പള്ളി: പൊക്കുളങ്ങര ബീച്ചിൽ നടക്കാനിറങ്ങിയ ആളുടെ നാലര പവന്റെ സ്വർണമാലയും ഏലസും ആക്രമിച്ച് കവർന്ന കേസിൽ മൂന്ന് പേർ പിടിയിൽ. വാടാനപ്പള്ളി ബീച്ച് സ്വദേശി വിളക്കുപറമ്പിൽ വീട്ടിൽ അമീർ (24), ഗണേശമംഗലം എം.എൽ.എവളവ് സ്വദേശി പടിഞ്ഞാറെ വീട്ടിൽ ഫഹദ് (24), വാടാനപ്പള്ളി ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ നിഷാദ് (43) എന്നിവരെയാണ് വാടാനപ്പള്ളി അറസ്റ്റുചെയ്തത്. ഏങ്ങണ്ടിയൂർ പൊക്കുളങ്ങര സ്വദേശി വടക്കുംഞ്ചേരി വീട്ടിൽ വിദേവിനാണ് (44) ആക്രമത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ജൂൺ 26ന് വൈകീട്ടായിരുന്നു സംഭവം. ബീച്ചിൽ നടക്കുകയായിരുന്ന വിദേവിനോട് പ്രതിയായ നിഷാദ് താൻ കടലിൽ ചാടുന്നത് വീഡിയോ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വിദേവ് മൊബൈലിൽ വീഡിയോ പകർത്തി. ഇതുകണ്ട് സ്ഥലത്തെത്തിയ ഫഹദ്, ആളുകൾ കടലിൽ ചാടുന്നത് ഏതുനിമിഷവും വീഡിയോയിലാക്കുകയാണോ എന്ന് ചോദിച്ച് തർക്കമുണ്ടാക്കുകയും തുടർന്ന് മൂവരും ചേർന്ന് വിദേവിനെ ആക്രമിച്ച് കഴുത്തിലുണ്ടായിരുന്ന മാലയും ഏലസ്സും മോഷ്ടിക്കുകയായിരുന്നു. 3പ്രതികളും മുൻപും വാടാനപ്പള്ളി സ്റ്റേഷൻ പരിധിയിൽ അടിപിടി കേസുകളിൽ പ്രതികളാണ്. പ്രതികളെ റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി പ്രമോദ്,കയ്പമംഗലം എസ്.എച്ച്.ഒ ബിജിത്ത് ടി,വാടാനപ്പള്ളി എസ്.ഐ വിഷ്ണു രാമചന്ദ്രൻ,എസ്.ഐ ഗോകുൽ,എ.എസ്.ഐ ഖാജാ ഹുസൈൻ,ജി.എ.എസ്.ഐ ബൈജു, ജി.എസ്.സി.പി.ഒ ഫിറോസ്,സി.പി.ഒമാരായ അഖിൽ,നൗഫൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |