
പാലോട്: നന്ദിയോട്-പെരിങ്ങമ്മല പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വന്യമൃഗശല്യം നിയന്ത്രണാതീതമായി തുടരുന്നു. സന്ധ്യയായാൽ കൃഷിയിടങ്ങളിൽ കാട്ടുപന്നി,ആന,മ്ലാവ്, കാട്ടുപോത്ത് എന്നിവയുടെ വിളയാട്ടമാണ്. കൃഷിയിടത്തിലിറങ്ങുന്ന പന്നിക്കൂട്ടം റബ്ബർ,വാഴ,മരിച്ചീനി,പച്ചക്കറികൾ തുടങ്ങി കണ്ണിൽക്കാണുന്നതെല്ലാം നശിപ്പിച്ചിട്ടേ തിരികെ മടങ്ങൂ. കുരങ്ങുകളും കൃഷി നശിപ്പിക്കുന്നുണ്ട്.
ആക്രമണവുമായി കാട്ടുപന്നികൾ
പുലർച്ചെ റബർ ടാപ്പിംഗിനെത്തുന്നവർ പന്നികളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ഞാറനീലി, ഇലഞ്ചിയം, പനങ്ങോട് ഭാഗങ്ങളിൽ പന്നിയുടെ ആക്രമണത്തിന് ഇരകളായ സ്കൂൾ വിദ്യാർത്ഥികളും ഏറെയാണ്. ആദിവാസി മേഖലയിൽ വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്കൂളുകളിൽ എത്തുന്നവരാണ് ആക്രമണത്തിന് ഇരയാവുന്നത്.
കാലൻകാവ്,നാഗര,ഓട്ടുപാലം,പച്ച,വട്ടപ്പൻകാട്,കരിമ്പിൻകാല, സെന്റ് മേരീസ്,ഇടവം,പേരയം,ആനകുളം തുടങ്ങിയ ഭാഗങ്ങളിൽ പകൽ സമയങ്ങളിലും പന്നികൾ കൂട്ടത്തോടെയെത്തുന്നുണ്ട്. അറവുമാലിന്യം ഭക്ഷിക്കാനാണ് ഇവയെത്തുന്നത്.
റോഡിൽ അറവുമാലിന്യം
നന്ദിയോട് വിതുര റൂട്ടിൽ നവോദയ സ്കൂളിന് സമീപവും താന്നിമൂട് കുടവനാട് റോഡിലുമാണ് കൂടുതലായി സാമൂഹ്യവിരുദ്ധർ അറവുമാലിന്യങ്ങൾ തള്ളുന്നത്.ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും പരിഗണിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |