SignIn
Kerala Kaumudi Online
Saturday, 11 July 2026 12.49 PM IST

സൊമാറ്റോ ബോയിയിൽ നിന്ന് കോക്ക്പിറ്റിലേക്ക്

zomoto-boy

തൃശൂർ: സ്വപ്നങ്ങൾക്ക് പ്രായപരിധിയില്ല. പ്രതിസന്ധികൾക്ക് മുന്നിൽ മുട്ടുമടക്കാതിരുന്നാൽ ആകാശത്തോളം ഉയരെ പറക്കാം.കൊടുങ്ങല്ലൂർ സ്വദേശി ഹൈസിൽ ജെബിന്റെ ജീവിതം സാക്ഷി. പത്ത് വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ കൊമേഴ്‌സ്യൽ പൈലറ്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ഈ 29കാരൻ. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ജെബിൻ, ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ സൊമാറ്റോ ഡെലിവറി ബോയിയായും കണക്ക് അദ്ധ്യാപകനായും ജോലി ചെയ്താണ് വരുമാനം കണ്ടെത്തിയിരുന്നത്. ദുബായിൽ ടൈപ്പിസ്റ്റായിരുന്ന പിതാവിന്റെ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. 2020ൽ കൊവിഡ് കാലത്ത് പിതാവിന് ഹൃദയാഘാതം സംഭവിച്ചതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. ഇതോടെ കൊച്ചിയിൽ സൊമാറ്റോ ഡെലിവറി ബോയിയായി ജോലിക്കുകയറി. പിന്നീട് ബംഗളൂരുവിലെ എഡ്ടെക് എന്ന കമ്പനിയിൽ ഗണിത അദ്ധ്യാപകനായി. പിതാവിനെ പരിചരിക്കാൻ ജോലി ഉപേക്ഷിച്ചെങ്കിലും 2021 ജൂണിൽ മരിച്ചു. 27 വയസ് പൂർത്തിയായതോടെ വ്യോമസേനയിൽ പൈലറ്റാകാനുള്ള പ്രായപരിധിയും കഴിഞ്ഞു. നിലവിൽ കൊടുങ്ങല്ലൂരിൽ അമ്മയോടൊപ്പം താമസിക്കുന്ന ജെബിന്റെ സഹോദരൻ യു.കെയിലും സഹോദരി കൊച്ചിയിലും പഠിക്കുകയാണ്.

 കഠിനാദ്ധ്വാനം മുറുകെപ്പിടിച്ച്
കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് ലക്ഷ്യമിട്ട് ഫിലിപ്പീൻസിലെ ഫാസ്റ്റ് ഏവിയേഷൻ അക്കാഡമിയിൽ പ്രവേശനം നേടി. വിദ്യാഭ്യാസ വായ്പയ്ക്കായി രണ്ട് വർഷത്തോളം ബാങ്കുകൾ കയറിയിറങ്ങി. ഒടുവിൽ 2024 ഡിസംബറിൽ ഫിലിപ്പീൻസിലെത്തി കഠിന പരിശീലനം പൂർത്തിയാക്കി ഈ വർഷമാദ്യം പ്രൈവറ്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കി.

 ലക്ഷ്യങ്ങൾക്കിടയിൽ ചെറിയ പ്രായസങ്ങൾ വരുമ്പോൾ പലരും വഴിയിൽ വെച്ച് സ്വപ്നങ്ങൾ ഉപേക്ഷിക്കാറുണ്ട്. പക്ഷേ അത് ശരിയല്ല. ലക്ഷ്യബോധത്തോടെ മുന്നോട്ടുപോയാൽ വിജയം തീർച്ചയായും നമ്മെ തേടിയെത്തും.

- ഹൈസിൽ ജെബിൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL