തൃശൂർ: രോഗികൾക്ക് രോഗമുക്തി നേടി അതിവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ അനുയോജ്യമായ അന്തരീക്ഷം തൃശൂർ പടിഞ്ഞാറെക്കോട്ടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരുക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഇതിനായി 14 ഏക്കറിലധികം വരുന്ന സ്ഥലം ഫലപ്രദമായി വിനിയോഗിക്കണമെന്നും അദ്ദേഹം അറിയിച്ചു. അമിക്കസ് ക്യൂറി റിപ്പോർട്ടിന്റെയും ഹർജികളുടെയും അടിസ്ഥാനത്തിൽ മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച ശേഷം ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് ബസന്ത് ബാലാജി, അമിക്കസ് ക്യൂറിമാരായ അഡ്വ. രാംകുമാർ നമ്പ്യാർ, അഡ്വ. സത്യശ്രീപ്രിയ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആശുപത്രിയിലെ വിവിധ വാർഡുകൾ സന്ദർശിച്ച ജഡ്ജിമാർ, ഫയർ എൻജിനുകൾക്ക് പ്രവേശിക്കാവുന്ന വിധത്തിൽ പ്രധാന കവാടം പുതുക്കിപ്പണിയണമെന്നും ചുറ്റുമതിൽ നിർമ്മിക്കണമെന്നും കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും നിർദ്ദേശിച്ചു. രോഗമുക്തിക്ക് അന്തേവാസികൾക്ക് പ്രകൃതിയുമായി ഇടപഴകാനുള്ള സൗകര്യം അത്യാവശ്യമാണെന്നും യോഗത്തിൽ വിശദീകരിച്ചു. ജീവനക്കാരുടെ കടുത്തക്ഷാമമാണ് സ്ഥാപനം നേരിടുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബേബി ലക്ഷ്മി ഡിവിഷൻ ബെഞ്ചിന് മുൻപാകെ വ്യക്തമാക്കി. തസ്തികകൾ പുതുക്കി നിശ്ചയിക്കുന്നതിന് ആവശ്യമായ ജീവനക്കാരുടെ വിവരങ്ങൾ ഡിവിഷൻ ബെഞ്ച് ചോദിച്ചറിഞ്ഞു. രാവിലെ പത്തരയോടെ എത്തിയ സംഘം വൈകിട്ട് മൂന്നോടെയാണ് മടങ്ങിയത്.
ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, സാമൂഹിക നീതി വകുപ്പ് സെക്രട്ടറി, അസി. കളക്ടർ എ.സി. പ്രീതി, സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി സി.ഇ.ഒ ദീപക്, തൃശൂർ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് ചെയർപേഴ്‌സൺ കെ.പി. ജോൺ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി, സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫീസർ കെ.ആർ. പ്രദീപൻ, എ.ഡി.എം എം. സന്ദീപ്, അഡി. ഡയറക്ടർ ഒഫ് ഹെൽത്ത് സർവീസസ് ഡോ. സന്ദീപ്, തൃശൂർ തഹസിൽദാർ കെ.വി. സനൽകുമാർ, പ്രൊബേഷൻ ഓഫീസർ ആർ. രോഹിണി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുജ അലോഷ്യസ്, തൃശൂർ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. വി.ആർ. കീത്ത് ഷീൽഡ് തുടങ്ങിയവർ സംബന്ധിച്ചു.
തൃശൂർ മാനസികാരോഗ്യ കേന്ദ്രം
ആകെ ഉൾക്കൊള്ളാവുന്ന രോഗികൾ: 361
നിലവിലെ അന്തേവാസികൾ: 199 (145 പുരുഷന്മാർ, 54 സ്ത്രീകൾ)
ജീവനക്കാരുടെ കണക്ക്
ആവശ്യമുള്ള തസ്തികകൾ: 203
നിലവിലുള്ള ജീവനക്കാർ: 182
ഒഴിവുകൾ: 21
ജീവനക്കാരുടെ കുറവ്
തസ്തിക:..................ഒഴിവുള്ളത് (ആകെ തസ്തിക)
ഡെപ്യൂട്ടി സൂപ്രണ്ട്:...1 (1)
കൺസൾട്ടന്റ് (സൈക്യാട്രി):..1(4)
സീനിയർ നഴ്സിംഗ് ഓഫീസർ (ഹെഡ്):...2 (13)
സ്റ്റാഫ് നഴ്സ് ഗ്രേഡ് 1 & 2:..1 (57)
ലാബ് അറ്റൻഡർ:..1(1)
സെക്യൂരിറ്റി:.2 (2)
പ്ലംബർ, പമ്പ് ഓപറേറ്റർ:.1 (1)
ഹോസ്പിറ്റൽ അറ്റൻഡർ ഗ്രേഡ് 1:.7 (7)
ഹോസ്പിറ്റൽ അറ്റൻഡർ ഗ്രേഡ് 2:..1 (27)
ബാർബർ:.1 (1)
ബൈൻഡർ:.1 (1)
പി.ടി.സി:.2 (2)
പ്രധാന പ്രതിസന്ധികൾ
1. സീനിയർ നഴ്‌സിംഗ് സൂപ്രണ്ട്, അറ്റൻഡർമാർ, സെക്യൂരിറ്റി, കുക്ക് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.
2. പ്രതിമാസം ആയിരത്തിലേറെ പേർ ഐ.ക്യു ടെസ്റ്റിനായി എത്തുന്ന ആശുപത്രിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തിക ഒഴിഞ്ഞുകിടക്കുന്നു.
3. പാചകക്കാരൻ ഇല്ലാത്തതിനാൽ ഗ്രേഡ് 2 അറ്റൻഡർമാരാണ് ഭക്ഷണം പാകം ചെയ്യുന്നത്.
4. മെഡിക്കൽ കോളേജിലേക്ക് രോഗികളെ കൊണ്ടുപോകുമ്പോൾ അറ്റൻഡർമാരെയും സെക്യൂരിറ്റിയെയും കൂട്ടിന് അയക്കേണ്ടി വരുന്നത് ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു.
5. ബാർബർ, സെക്യൂരിറ്റി, അറ്റൻഡർമാർ, അലക്കുകാർ ഇല്ലാത്തതിനാൽ രോഗികളെ പരിചരിക്കുന്നതിനും ബെഡുകൾ ഒരുക്കുന്നതിലും പ്രയാസം.
മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കേസുകളിൽ വരുന്ന ഉത്തരവുകളിൽ തന്റെ സന്ദർശനം പ്രതിഫലിക്കും. പണമില്ലാത്തത് കൊണ്ടാണ് പലരും സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. അവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാൻ കഴിയണം.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഹൈക്കോടതി ജഡ്ജി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |