SignIn
Kerala Kaumudi Online
Friday, 04 September 2026 10.42 AM IST

അകമലയ്ക്ക് പ്രത്യേക കരുതൽ: റെയിൽപാളത്തിൽ ചെലവഴിച്ചത് കോടികൾ

1
1

വടക്കാഞ്ചേരി: ഷൊർണൂർ-തൃശൂർ റെയിൽ പാളത്തിൽ റെഡ് സോണിൽ ഉൾപ്പെട്ട അകമലയ്ക്ക് റെയിൽവേയുടെ പ്രത്യേക കരുതൽ. വനത്തിന് നടുവിലൂടെ പോകുന്ന പാളം അപകടങ്ങൾ പതിയിരിക്കുന്ന പ്രദേശമാണ്. മണ്ണിടിച്ചിലും വന്യമൃഗങ്ങൾ ഇറങ്ങുന്നതും ഭീതിയാകുന്നു. ട്രാക്കിൽ കൊടുംവളവുകളും കുത്തനെയുള്ള കയറ്റവും അപകടപാതയാക്കുന്നു. വന്ദേഭാരത് കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്നത് വടക്കാഞ്ചേരിക്കും മുള്ളൂർക്കരക്കും ഇടയിലാണ്. അകമല മേൽപ്പാല പരിസരത്താണ് ദൂരകാഴ്ച മറക്കുന്ന വളവുകൾ. തൃശൂർ ഭാഗത്തേക്ക് അവിടെ നിന്നാരംഭിക്കുന്ന കയറ്റം വടക്കാഞ്ചേരി വരെ നീളും. ചരക്ക് ട്രെയിനുകൾ എങ്കക്കാട് ഗേറ്റിന് കുറുകെ നിന്ന് പോകുന്നത് റോഡ് യാത്ര ദുരിതമാക്കുന്നു. 32 കിലോമീറ്ററാണ് ഷൊർണൂർ-തൃശൂർ പാളത്തിന്റെ ദൂരം. 21 ട്രെയിനുകൾ സർവീസ് നടത്തുന്നു.

സുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ല : ചെലവഴിച്ചത് കോടികൾ
അകമലയിലെ മണ്ണിടിച്ചിൽ പ്രതിരോധത്തിന് റെയിൽവേ ചെലവഴിക്കുന്നത് കോടികൾ. കഴിഞ്ഞ വർഷം ജൂലായ് 29ന് മഴയെത്തുടർന്ന് പാളത്തിലേക്ക് വെള്ളവും മണ്ണും ഇരച്ചെത്തിയിരുന്നു. ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ് അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ലോക്കോ പൈലറ്റ് അകലെ നിന്നു കണ്ടതോടെ ട്രെയിൻ നിറുത്തുകയായിരുന്നു. അന്ന് മുതൽ തുടങ്ങിയതാണ് സുരക്ഷാ ക്രമീകരണങ്ങൾ. 3 കോടി രൂപ ചെലവഴിച്ച് പാർശ്വഭിത്തി നിർമ്മാണം പൂർത്തിയാക്കി ഉലുക്ക് വലകൾ സ്ഥാപിച്ചു. കരുതൽ വർദ്ധിപ്പിക്കാൻ മേഖലയിൽ മുഴുവൻ സമയവും ഗാർഡുമാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. ഇവർക്കായി പുതിയ ഗാംഗ്ഹട്ടും സ്ഥാപിച്ചു. വളവുകളും കയറ്റങ്ങളും ഒഴിവാക്കാൻ മൂന്നാം പാത നിർമ്മാണത്തിനും പദ്ധതിയുണ്ട്. കിലോമീറ്ററിന് 100 കോടി വീതം 12,000 കോടി രൂപയുടെതാണ് പദ്ധതി. ഒട്ടും വളവില്ലാത്ത പാളമാണ് ലക്ഷ്യം. ഭാരതപുഴയ്ക്ക് കുറുകെ പുതിയ പാലനിർമ്മാണം ആരംഭിച്ചിട്ടുണ്ട്. 450 കോടിയാണ് ചെലവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL