ഗുരുവായൂർ: അഷ്ടമിരോഹിണിയിൽ കണ്ണനെ കാണാൻ പതിനായിരങ്ങൾ ഗുരുവായൂരിലെത്തി. രാവിലെ മൂന്നിന് നിർമ്മാല്യദർശനം മുതൽ ക്ഷേത്രത്തിൽ തിരക്കനുഭവപ്പെട്ടു. രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ച്ചശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും നടന്നു. കൊമ്പൻ ഇന്ദ്രസെൻ സ്വർണ്ണക്കോലമേറ്റി. രാവിലത്തെ ശീവേലിക്ക് തിരുവല്ല രാധാകൃഷ്ണൻ, ഗുരുവായൂർ സന്തോഷ് മാരാർ എന്നിവരുടെ നേതൃത്വത്തിൽ മേളവും ഉച്ചകഴിഞ്ഞ് കാഴ്ച്ചശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും അകമ്പടിയായി. വിളക്കെഴുന്നള്ളിപ്പിന് ഗുരുവായൂർ ശശി മാരാരും ഗുരുവായൂർ മുരളിയും ചേർന്നുള്ള ഇടയ്ക്ക നാഗസ്വരവുമുണ്ടായി. പ്രധാന വഴിപാടായ നെയ്യപ്പം അത്താഴപൂജയ്ക്ക് ഭഗവാന് നിവേദിച്ചു. പിറന്നാൾ സദ്യയിൽ നാൽപ്പതിനായിരത്തിലധികം ഭക്തർ പങ്കെടുത്തു.
രാവിലെ മമ്മിയൂർ ക്ഷേത്രത്തിൽ നിന്നും പെരുന്തട്ട ക്ഷേത്രത്തിൽ നിന്നും ഉറിയടി ഘോഷയാത്രകൾ ക്ഷേത്രനഗരിയിലെത്തി. ഗോപികാനൃത്തം, താലപ്പൊലികൾ, ജീവത എഴുന്നള്ളിപ്പ്, വാദ്യഘോഷങ്ങൾ എന്നിവ ഘോഷയാത്രകൾക്ക് അകമ്പടിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |