മാനന്തവാടി: തവിഞ്ഞാൽ യവനാർകുളത്തെ മിനി സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയയാൾ പൊലീസിന്റെ പിടിയിൽ. മലപ്പുറം കീഴാറ്റൂർ പട്ടിക്കാട് കാരാടാൻ വീട്ടിൽ മൊയ്തീൻ കുട്ടി (49)യെയാണ് തലപ്പുഴ എസ്.ഐ. കെ. ശ്രീതു അറസ്റ്റു ചെയ്തത്. തലപ്പുഴ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ചേർന്ന് ശനിയാഴ്ചയാണ് പെരിന്തൽമണ്ണയിൽനിന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്. കോൺട്രാക്ടർ ജോലിയുമായി ബന്ധപ്പെട്ടാണ് മൊയ്തീൻകുട്ടി വയനാട്ടിലെത്തിയത്. ജൂലായ് 30 ന് അർധരാത്രിയാണ് സൂപ്പർ മാർക്കറ്റിന്റെ പിൻവശത്തെ വാതിൽ തകർത്ത് അകത്ത് കയറി മേശയിൽ സൂക്ഷിച്ച 18000 രൂപയും രണ്ടായിരം രൂപയോളം വില വരുന്ന സാധനങ്ങളും മോഷ്ടിച്ചത്. എസ്.ഐ. കെ. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.ജെ. ജിൽജിത്ത്, കെ.കെ. അനസ്, എം.സി. വിജയൻ എന്നിവരും കേസന്വേഷനത്തിൽ പങ്കെടുത്തു. മൊയ്തീൻകുട്ടിയെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |