മാനന്തവാടി: കെ.എസ്.ഇ.ബി സ്ഥാപിച്ച ഇലക്ട്രിക് വെഹിക്കിൾ ചാർജ്ജിംഗ് സ്റ്റേഷനുകൾ കാടുകയറി നശിക്കുന്നു. തലപ്പുഴ പട്ടണത്തോടും മാനന്തവാടി മൈസൂർ റോഡിലുമുള്ള ചാർജ്ജിംഗ് സ്‌റ്റേഷനുകളാണ് കാടു കയറുന്നത്. തലപ്പുഴ ടൗണിനോട് ചേർന്ന് ഇലക്ട്രിക് പോസറ്റിൽ സ്ഥാപിച്ച ചാർജ്ജിംഗ് സ്റ്റേഷൻ പൂർണമായും കാടുകയറുന്ന അവസ്ഥയാണ്. മാത്രവുമല്ല വാഹനം നിർത്തേണ്ട സ്ഥലം പൂർണമായും ചെളിക്കുളമായതിനാൽ ഇവിടെ വാഹനം പാർക്ക് ചെയ്ത് ചാർജ്ജ് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. മൈസൂർ റോഡിൽ ആർട്ട് ഗ്യാലറിക്ക് മുൻപിലുള്ള ചാർജ്ജിംഗ് സ്റ്റേഷന്റെ അവസ്ഥയും മറിച്ചല്ല. ഇവിടെയും കാടുപിടിച്ച് കിടക്കുകയാണ്. കാടു മൂടുന്നതിനാൽ തന്നെ ചാർജ്ജിംഗ് സ്റ്റേഷൻ ഉണ്ട് എന്നത് വാഹന ഉടമകൾക്ക് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. വേണ്ടത്ര സൂചനബോർഡുകളും മറ്റുമില്ലാത്തതിനാൽ ചാർജ്ജിംഗ് കേന്ദ്രത്തിന്റെ ഉപകാരം വാഹന ഉടമകൾക്ക് ലഭിക്കുന്നില്ല. 2023ലാണ് ജില്ലയിൽ 27 ചാർജ്ജിംഗ് കേന്ദ്രങ്ങൾ ജില്ലയിൽ ആരംഭിച്ചത്. പ്രധാന പട്ടണങ്ങളിലെല്ലാം ചാർജ്ജിംഗ് പോയിന്റുകൾ സ്ഥാപിച്ചിരുന്നു. 60 കെ.ഡബ്ല്യുവിന് മുകളിൽ ഉള്ള രണ്ട് ഡി.സി ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകളും 25 പോൾ മൗണ്ടഡ് ചാർജ്ജിംഗ് സ്റ്റേഷനുകളുമാണ് അന്ന് സ്ഥാപിച്ചിരുന്നത്. മുൻപ് കാര്യക്ഷമമായി ചാർജ്ജിംഗ് കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. നിലവിൽ പല കേന്ദ്രങ്ങളും കാടുകയറിയതാൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുന്നില്ല. വാഹനങ്ങളിൽ ഭൂരിഭാഗവും ഇലട്രിക് വാഹനങ്ങൾ ഇടം പിടിക്കുമ്പോൾ അവർക്കാവശ്യമുള്ള ചാർജ്ജിംഗ് കേന്ദ്രങ്ങൾ കാര്യക്ഷമമായി ഒരുക്കുന്നില്ലെന്നതാണ് ഉപഭോക്താക്കളുടെ പരാതി. അടിയന്തിരമായി ചാർജ്ജിംഗ് കേന്ദ്രങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യണമെന്നാണ് ഇലക്ട്രിക് വാഹന ഉടമകളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |