SignIn
Kerala Kaumudi Online
Monday, 26 October 2026 3.06 AM IST

നിർണായക നീക്കങ്ങൾ കാത്ത് വിപണി

equity

പശ്ചിമേഷ്യൻ യുദ്ധം ഗതി നിശ്ചയിക്കും

കൊച്ചി: ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക നീക്കങ്ങളും ക്രൂഡോയിൽ വിലയിലെ മാറ്റങ്ങളും യു.എസ് ഫെഡറൽ റിസർവിന്റെ പലിശ തീരുമാനങ്ങളും നടപ്പുവാരം ഇന്ത്യൻ ഓഹരി വിപണിയുടെ ഗതി നിശ്ചയിക്കും. നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ കമ്പനികളുടെ പ്രവർത്തന ഫലങ്ങളും വിപണി നീക്കങ്ങളെ സ്വാധീനിക്കും. ഇറാനെതിരെ ഇന്ന് വീണ്ടും ആക്രമണം തുടങ്ങുമെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. സമാധാന ചർച്ചകൾക്ക് ഇനിയും സാദ്ധ്യതകളുണ്ടെന്നും അദ്ദേഹം ഇന്നലെ പറഞ്ഞു. സൗദി അറേബ്യയ്ക്ക് നേരെ ഹൂതികൾ ആക്രമണം തുടരുന്നതിനാൽ ഇന്ധന സപ്ളൈ തടസപ്പെടുമെന്ന ആശങ്കയിൽ വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് വില ബാരലിന് 114 ഡോളർ വരെ ഉയർന്നിരുന്നു. ഉയർന്ന ക്രൂഡ് വില ഇന്ത്യയിൽ നാണയപ്പെരുപ്പ സമ്മർദ്ദം ശക്തമാക്കുന്നതിനും കമ്പനികളുടെ പ്രവർത്തന ലാഭം കുറയാനും രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാക്കാനും സാദ്ധ്യതയുണ്ട്.

ഒക്ടോബർ 27, 28 തീയതികളിൽ ചേരുന്ന യു.എസ് ഫെഡറൽ റിസർവിന്റെ ധനനയ യോഗത്തിലെ തീരുമാനവും നയസൂചനകളും ആഗോള വിപണികൾ ഉറ്റുനോക്കും. ഇൻഫോസിസ് വളർച്ചാ പ്രതീക്ഷ കുറച്ചതിനെത്തുടർന്ന് ഐ.ടി ഓഹരികളിലും സമ്മർദ്ദമുണ്ടാകാം. കഴിഞ്ഞ വാരം സെൻസെക്‌സ് 1,605.44 പോയിന്റ് നഷ്‌ടവുമായി 73,123.83ലും നിഫ്റ്റി 546.15 പോയിന്റ് ഇടിവോടെ 22,600ലും അവസാനിച്ചിരുന്നു.

ജിയോ ഓഹരികൾ ലിസ്റ്റിംഗ് ഒക്ടോബർ 28ന്

രാജ്യത്തെ പ്രാഥമിക ഓഹരി വിൽപ്പന രംഗത്ത് റെക്കാഡുകളുടെ പെരുമഴ സൃഷ്‌ടിച്ച ജിയോ പ്ളാറ്റ്‌ഫോംസിന്റെ ഓഹരി എക്‌സ്ചേഞ്ചുകളിലെ ലിസ്‌റ്റിംഗ് ഒക്ടോബർ 28ന് നടക്കും. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒയിലൂടെ 30,213 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. 1.38 കോടി വാങ്ങൽ താത്പര്യമാണ് ഐ.പി.ഒയിൽ ലഭിച്ചത്. ലിസ്റ്റിംഗ് ദിനത്തിൽ 25 ശതമാനത്തിനടുത്ത് നേട്ടം ഓഹരി വിലയിലുണ്ടാകുമെന്നാണ് പ്രവചനം.

വിദേശ നിക്ഷേപം പുറത്തേക്ക്

കഴിഞ്ഞ വാരവും ഇന്ത്യയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമായി തുടർന്നു. ഒക്ടോബറിൽ ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 48,056 കോടി രൂപയാണ് പിൻവലിച്ചത്. നടപ്പുവർഷം മൊത്തം 3.08 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHARE MARKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360