ന്യൂഡൽഹി: ഇന്ത്യ നവീകരണത്തിനും വികസനത്തിനും മുൻതൂക്കം നൽകുമ്പോൾ പാകിസ്ഥാൻ, അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പിന്തുണ നൽകുന്ന നിലപാട് തുടരുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കാർഗിൽ വിജയ ദിനാചരണത്തിന്റെ ഭാഗമായി ലഡാക്കിലെ ദ്രാസിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യ ഡേറ്റാ സെന്ററുകൾ നിർമ്മിക്കുമ്പോൾ പാകിസ്ഥാൻ തീവ്രവാദവൽക്കരണ കേന്ദ്രങ്ങളാണ് നിർമ്മിക്കുന്നത്. ഇന്ത്യ യുപിഐയിലൂടെ ലോകത്തെ ബന്ധിപ്പിക്കുമ്പോൾ പാകിസ്ഥാൻ ഹവാല വഴിയുള്ള ഭീകരവാദബന്ധമാണ് ശക്തിപ്പെടുത്തുന്നത്. ഇന്ത്യ സെമി കണ്ടക്‌ടറുകൾ നിർമ്മിക്കുമ്പോൾ പാകിസ്ഥാൻ ചാവേർ ഭീകരവാദികളെയാണ് സൃഷ്‌ടിക്കുന്നത്'- രാജ്‌നാഥ് സിംഗ് പറഞ്ഞു.
ബഹിരാകാശമേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങളും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ ബഹിരാകാശത്തിയ്‌ക്ക് ഉപഗ്രഹങ്ങൾ അയയ്‌ക്കുമ്പോൾ പാകിസ്ഥാൻ അതിർത്തിക്കപ്പുറത്തേക്ക് ഭീകരരെ അയയ്‌ക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും ഇന്ത്യ ലോകത്തിന് സോഫ്‌റ്റ്‌വെയർ നൽകുമ്പോൾ പാകിസ്ഥാൻ ഭീകരവാദമാണ് വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പുരോഗതിക്ക് തടസം സൃഷ്‌ടിക്കുന്നവിധമുള്ള പ്രവർത്തനങ്ങളിൽനിന്ന് പാകിസ്ഥാൻ വിട്ടുനിൽക്കണമെന്നും രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നൽകി. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഇന്ത്യയ്‌ക്കെതിരായി നടക്കുന്ന ഏതൊരു നീക്കത്തിനും ഊഹിക്കാവുന്നതിനപ്പുറമുള്ള മറുപടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സായുധസേന അതിന് പൂർണസജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനുമായി ഇനി ഏതെങ്കിലും തരത്തിലുള്ള ചർച്ച നടക്കുന്നുണ്ടെങ്കിൽ അത് പാകിസ്ഥാൻ അധീന കാശ്‌മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന കേന്ദ്രസർക്കാർ നിലപാട് രാജ്‌നാഥ് സിംഗ് ആവർത്തിച്ചു.
Defence Minister Rajnath Singh criticised Pakistan for supporting cross-border terrorism while India focuses on innovation and development. Speaking at Kargil Vijay Diwas in Dras, he highlighted India’s progress in technology, space and semiconductors, and warned that the armed forces are prepared to respond to any threat to the country’s progress.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |