SignIn
Kerala Kaumudi Online
Saturday, 10 October 2026 6.23 PM IST

ഗ്യാനേഷ് കുമാറിനെ മോദി ബലിയാടാക്കും? ലക്ഷ്യം ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം

gyanesh-kumar
കേന്ദ്രമന്ത്രി അമിത്ഷായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെയും ഇന്ത്യാ മുന്നണിയുടെയും സമരത്തിന് പിന്നാലെ ഇന്ന് സിജെപിയും സമരത്തിനിറങ്ങിയിരിക്കുകയാണ്. സിജെപി സമരത്തെ നേരിടാൻ ഡൽഹിയിൽ അസാധാരണ സേനാവിന്യാസമാണ് കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നത്. ഗ്യാനേഷിനെതിരായ സമരത്തെ ചെറുത്തുതോൽപ്പിക്കാൻ സർവ സന്നാഹവും പയറ്റുന്നുണ്ടെങ്കിലും സമരം ശക്തിപ്രാപിക്കുന്നതിൽ കേന്ദ്രസർക്കാരിനും ബിജെപിക്കും കടുത്ത അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ഗ്യാനേഷിനെ ഇനിയും സംരക്ഷിക്കുന്നത് പാർട്ടിക്ക് തലവേദനയാകും എന്ന് മുതിർന്ന നേതാക്കൾക്കുതന്നെ അഭിപ്രായവുമുണ്ട്. എന്നാൽ നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും വിശ്വസ്തനായ ഗ്യാനേഷിനെ പരസ്യമായി തള്ളാൻ അവരാരും ഒരുക്കമല്ല.

എന്നാൽ ഉടൻ നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഗ്യാനേഷ് കുമാറിനെ മോദി ബലിയാടാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ബിജെപി വിരുദ്ധവികാരം അതിരുകടക്കാതിരിക്കാനുളള ഒറ്റമൂലിയെന്ന നിലയിൽ അധികം വൈകാതെ ഗ്യാനേഷിനെക്കൊണ്ട് രാജിവയ്പ്പിക്കും എന്നാണ് അവർ പറയുന്നത്. അതോടെ ഇപ്പോഴത്തെ പ്രശ്നങ്ങൾ ശമിക്കും എന്നും അവർ കണക്കുകൂട്ടുന്നു.

രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയോ പൊതുജനരോഷത്തിന് മുന്നിൽ മുട്ടുമടക്കുകയോ ചെയ്യുന്ന നേതാവല്ല നരേന്ദ്രമോദി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉൾപ്പെടെ ഇത് പലതവണ വ്യക്തമായതുമാണ്. കോളിളക്കമുണ്ടാക്കിയ ഗുജറാത്ത് കലാപത്തിന് പിന്നാലെ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി നൽകിയ സന്ദേശംപോലും മോദി അംഗീകരിച്ചില്ലെന്ന വിമർശനവും നിലനിൽക്കുന്നുണ്ട്.

2015 ജൂൺ 24ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മോദി സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. 'ഇല്ല, ബിജെപി മന്ത്രിസഭയിലെ മന്ത്രിമാർ രാജിവയ്ക്കില്ല. ഇത് യുപിഎ സർക്കാരല്ല, എൻഡിഎ സർക്കാരാണ്' എന്നാണ് രാജ്‌നാഥ് സിംഗ് അന്ന് പറഞ്ഞത്. മൂന്നുകാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ കർഷകരുടെ ആവശ്യം അംഗീകരിച്ചതും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജിയുമായിരുന്നു ഇതിനൊരു അപവാദം.

യുപിക്ക് എന്താ പ്രത്യേകത?

ഉത്തർപ്രദേശ് കൈവിടാതിരിക്കാനാണ് ഗ്യാനേഷിനെ ബലിയാടാക്കാൻ മോദി ഒരുങ്ങുന്നതത്രേ. യുപി പിടിച്ചാൽ ഡൽഹി പിടിച്ചുവെന്നാണ് പൊതുവെ പറയാറ്. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ബിജെപിയുടെ ഉറച്ച കോട്ടയായിരുന്ന അവിടെ ഇപ്പോൾ കാര്യങ്ങൾ വിചാരിച്ചപോലെയല്ല. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്കായിരുന്നു മേൽക്കൈ. സമാജ്‌വാദി പാർട്ടിക്ക് 37 സീറ്റുകൾ ലഭിച്ചപ്പോൾ ബിജെപിക്ക് 33 സീറ്റുകൾ മാത്രമാണ് കിട്ടിയത്.

ഹിന്ദുത്വരാഷ്ട്രീയം മാത്രം ഉയർത്തിക്കാട്ടി എല്ലാക്കാലത്തും ജയിച്ചുകയറാനാവില്ലെന്ന തിരിച്ചറിവാണ് ഈ ഫലം ബിജെപിക്ക് നൽകിയത്. ഉത്തർപ്രദേശ് ബിജെപിയുടെ മുഖമായ യോഗി ആദിത്യനാഥ് 2017 മാർച്ചുമുതൽ സംസ്ഥാന മുഖ്യമന്ത്രിയാണ്. ഇവിടെ ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇതിനൊപ്പം അയോദ്ധ്യയിലെ കാണിക്കക്കൊള്ളയും പാർട്ടിക്ക് തലവേദയനയുണ്ടാക്കുന്നുണ്ട്. കോക്രോച്ച് പാർട്ടിയുടെ സ്വാധീനത്താൽ യുവാക്കളിൽ ചെറുതല്ലാത്ത പക്ഷം ബിജെപിക്ക് എതിരുമാണ്. ഈ സാഹചര്യങ്ങൾ മറികടക്കണമെങ്കിൽ പൂഴിക്കടകൻ തന്നെ പയറ്റേണ്ടിവരും. ആ പൂഴിക്കടകനായിരിക്കും ഗ്യാനേജിന്റെ രാജി എന്നാണ് നിരീക്ഷകരുടെ പക്ഷം.

ഗ്യാനേഷിന്റെ രാജിയോടെ ആരോപണവിധേയരെ സംരക്ഷിക്കില്ല എന്ന തോന്നൽ ഉണ്ടാക്കിയെടുക്കാൻ ബിജെപിക്കാവും. ധർമേന്ദ്ര പ്രധാന്റെ രാജിയും അയോദ്ധ്യാ കാണിക്കക്കൊള്ളയിൽ ആരോപണവിധേയരെ മാറ്റിയതും ആ തോന്നലിന് ബലംനൽകും. അതിലൂടെ വലിയ പരിക്കില്ലാതെ ഉത്തർപ്രദേശ് കൈപ്പിയിടിൽ ഒതുക്കിനിർത്താനാവുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

കോൺഗ്രസിന് വളക്കൂറാവുമോ‌?

കോൺഗ്രസ് മുക്തഭാരതം എന്ന ലക്ഷ്യത്തിനാണ് ബിജെപിയുടെ ശ്രമം. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും കോൺഗ്രസ് ഇപ്പോൾ തീർത്തും അപ്രസക്തമാണ്. എന്നാൽ ധർമേന്ദ്ര പ്രധാനും ഗ്യാനേഷിനും എതിരായ സമരങ്ങൾ കോൺഗ്രസിനും ഇടതുപക്ഷത്തിനും പുത്തനുണർവ് നൽകിയിട്ടുണ്ട്. ഇത് ആപത്താണെന്ന് ബിജെപിക്കറിയാം. ഇനിയും കോൺഗ്രസിന് വളരാൻ അവസരം നൽകാതിരിക്കാനാവും അവരുടെ ശ്രമം. ഗ്യാനേഷിനെ ബലിയാടാക്കുന്നതിനുപിന്നിൽ ഇതുകൂടിയുണ്ടാവും.

ഡൽഹിയിലെ യുദ്ധ സന്നാഹത്തിന് പിന്നിലെ ലക്ഷ്യമെന്താണ്?

ഗ്യാനേഷിന്റെ രാജിക്കുവേണ്ടി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഇന്ത്യാസഖ്യ സമരം കേന്ദ്ര സർക്കാരിനെയും സുരക്ഷാ ഏജൻസികളെയും മുൾമുനയിൽനിർത്തിയിരുന്നു. സിജെപിയുടെ പ്രതിഷേധത്തിന്റെ അവസ്ഥ ഇതായിരിക്കില്ല എന്ന് അവർക്കറിയാം. ധർമേന്ദ്രപ്രധാന്റെ രാജിക്കായി നടത്തിയ സിജെപി സമരത്തെ പൊലീസ് കൈകാര്യംചെയ്ത രീതി വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. പൊലീസിനെതിരെ ലൈംഗികരോപണംപോലും ഉയർന്നു.

ഇനിയും അത്തരത്തിൽ കാര്യങ്ങൾ കൈവിട്ടുപോയാൽ വിമർശനത്തിന്റെയും ആരോപണങ്ങളുടെയും മുനനീളുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുനേരേയായിരിക്കും. യുപി ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കേ ഡൽഹി തെരുവിൽ ഉയരുന്ന ഓരോ ആരോപണത്തിന്റെയും അവിടെ വീഴുന്ന ഓരോതുളളി ചോരയുടെയും പ്രത്യാഘാതം വലുതായിരിക്കും എന്ന് മറ്റാരെക്കാളും മോദിക്കും അമിത്ഷായ്ക്കും അറിയാം. അതൊഴിവാക്കാണ് യുദ്ധസമാന സന്നാഹങ്ങളോടെ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നത്.

English Summary

Following protests by the Congress and INDIA bloc demanding the resignation of Chief Election Commissioner Gyanesh Kumar, the CJP has also launched a protest today. The central government has deployed an unusually large security force in Delhi to handle the CJP protest.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GYANESH KUMAR CONTROVERSY, NARENDRA MODI UP ELECTION, UTTAR PRADESH ASSEMBLY ELECTION 2027, GYANESH KUMAR MODI NEWS, GYANESH KUMAR MALAYALAM NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360