SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.11 PM IST

സൂര്യപ്രകാശം കാണാതെ മാസങ്ങൾ, നേരിടുന്നത് വലിയ വെല്ലുവിളികൾ: ആഴക്കടലിലെ നാവികരുടെ ജീവിതം!

submarine
ഇന്ത്യൻ അന്തർവാഹിനി ഐഎൻഎസ് അരിധമൻ

ഒരു 'സബ്‌മറൈനർ' അഥവാ അന്തർവാഹിനിയിലെ നാവികൻ എന്ന് കേൾക്കുമ്പോൾ ആകർഷകമായ ജോലിയായി തോന്നാം. എന്നാൽ സമുദ്രത്തിന്റെ ആഴങ്ങളിൽ തികച്ചും കഠിനമായ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കുക എന്നത് അത്ര എളുപ്പമല്ല.രാസപ്രക്രിയയിലൂടെ നിർമ്മിച്ച വായു ശ്വസിച്ച് പുറംലോകവുമായി ബന്ധമില്ലാതെ മാസങ്ങളോളം കടലിനടിയിൽ കഴിയുന്ന നാവികരുടെ ജീവിതം അറിയേണ്ടതാണ്.

കഠിനമായ പരിശീലനം

അന്തർവാഹിനിയിലെ നാവികന്റെ ജീവിതം ആരംഭിക്കുന്നത് കഠിനമായ പരിശീലനങ്ങളോടെയാണ്. മെഡിക്കൽ പരിശോധനകൾക്ക് മുൻപ് ചില കടമ്പകൾ അവർ കടക്കേണ്ടതുണ്ട്. 'എസ്‌കേപ്പ് ട്രെയിനിംഗ് ടവർ ഡ്രിൽ' ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഏകദേശം 30 മുതൽ 40 അടി വരെ നീളമുള്ള വെള്ളം നിറച്ച ഒരു ഇടുങ്ങിയ ടോർപ്പിഡോ ട്യൂബിലൂടെ ഇഴഞ്ഞുനീങ്ങി പരിഭ്രാന്തരാകാതെ ഉപരിതലത്തിലേക്ക് നീന്തിയെത്തണം. ഇതിൽ പരാജയപ്പെടുന്നവർ എത്ര ഉയർന്ന റാങ്കിലുള്ളവരാണെങ്കിലും അയോഗ്യരാക്കപ്പെടും.

അടച്ചിട്ട മുറികളെ ഭയപ്പെടുന്നവർക്ക് ഇവിടെ നിലനിൽപ്പില്ല. അന്തർവാഹിനിയിൽ ഉണ്ടാകുന്ന ചെറിയൊരു പോറൽ പോലും അതിലുള്ള നാവികരുടെ ജീവൻ അപകടത്തിലാക്കാം. അതിനാൽ അതിനുള്ളിലെ നാവിക‌ർ മാനസികമായും ശാരീരകമായും പൂർണമായും കരുത്തരായിരിക്കണം. ഒരു അന്തർവാഹിനി ഹാർബർ വിടുന്നതിന് മുൻപ് അതിലെ കമാൻഡിംഗ് ഓഫീസറും സംഘവും ഭക്ഷണസാധനങ്ങൾ, ടോർപ്പിഡോകൾ, മറ്റ് ആവശ്യസാധനങ്ങൾ എന്നിവയുടെ ഭാരം കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. അന്തർവാഹിനി ചരിഞ്ഞുപോകാതിരിക്കാൻ ഭാരം തുല്യമായി ക്രമീകരിക്കേണ്ടതുണ്ട്. ഇതിനുശേഷമാണ് ഇത് കടലിന്റെ ആഴങ്ങളിലേക്ക് യാത്ര തിരിക്കുന്നത്.

ആഴക്കടലിലെ ജീവിതം

ഒരു സാധാരണ അന്തർവാഹിനിയിൽ ഏകദേശം 44 മുതൽ 50 വരെ ജീവനക്കാരുണ്ടാകും (11 ഓഫീസർമാരും 35-40 സൈനികരും). യന്ത്രങ്ങളുടെ നിരന്തരമായ ശബ്ദത്തിനും എപ്പോൾ വേണമെങ്കിലും മുഴങ്ങാവുന്ന അലാറങ്ങൾക്കിടയിലുമാണ് നാവികരുടെ ജീവിതം. ഒരു നാവികൻ ഡ്യൂട്ടിക്ക് കയറുമ്പോൾ ഒഴിയുന്ന കിടക്കയിൽ അടുത്തയാൾ കിടന്നുറങ്ങുന്ന 'ഹോട്ട് ബങ്കിംഗ്' രീതിയാണ് ഇവിടെയുള്ളത്. ഇവിടെ ശുദ്ധജലം വളരെ വിലപ്പെട്ടതാണ്. അതിനാൽ അളന്നു തൂക്കിയാണ് ഉപയോഗിക്കുക. പച്ചക്കറികളും പഴങ്ങളും ഒരു ആഴ്ചയേ ഫ്രഷായിരിക്കൂ. പിന്നീട് അരി, ഇറച്ചി, ഡ്രൈഫ്രൂട്ട്സ് എന്നിവയാകും ഭക്ഷണം.

കടലിനടിയിൽ ഏകദേശം 300 മുതൽ 350 മീറ്റർ വരെ താഴ്ചയിലാണ് ഇത് സഞ്ചരിക്കുന്നത്. അന്തർവാഹിനികളുടെ കൃത്യമായ സ്ഥാനം ആർക്കും കണ്ടെത്താനാകില്ലെങ്കിലും കമാൻഡ് സെന്ററിന് ഇത് ഏത് മേഖലയിലാണെന്ന് ഏകദേശ ധാരണയുണ്ടാകും. ശുദ്ധജലം പോലെതന്നെ ഏറ്റവും വിലപിടിപ്പുള്ള ഒന്നാണ് ഓക്സിജൻ. ദിവസങ്ങൾ കഴിയുന്തോറും ഉള്ളിലെ ഓക്സിജന്റെ അളവ് കുറയുന്നു. ഓക്സിജൻ ശേഖരിക്കുന്നതിനായി 45-50 ദിവസങ്ങളിൽ ഒരിക്കൽ ഇവ കടലിന്റെ ഉപരിതലത്തിലേക്ക് വരാറുണ്ട്. ശുദ്ധജലം പരിമിതമായതിനാൽ കുളിക്കുന്നതും ഷേവ് ചെയ്യുന്നതിനുമെല്ലാം കടുത്ത നിയന്ത്രണങ്ങളുണ്ട്. പലപ്പോഴും ജീവനക്കാർക്ക് തലവേദന, ശ്രദ്ധക്കുറവ്, ക്ഷീണം എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

അന്തർവാഹിനികൾക്കുള്ളിലെ ഭൂരിഭാഗം സ്ഥലത്തും യന്ത്രങ്ങൾ, ബാറ്ററികൾ, ടോർപ്പിഡോകൾ എന്നിവയാണ്. സഞ്ചരിക്കാൻ വളരെ കുറഞ്ഞ സ്ഥലം മാത്രമേ ഉണ്ടാകാറുള്ളൂ. മാത്രമല്ല സമുദ്രത്തിൽ ഓരോ 10 മീറ്റർ താഴ്ചയിലും മർദ്ദം 1 ബാർ വീതം വർദ്ധിക്കുന്നു. വലിയ ആഴങ്ങളിൽ എത്തുമ്പോൾ അന്തർവാഹിനിയുടെ ഇരുമ്പ് പാളികൾ ഈ മർദ്ദത്താൽ നേരിയ തോതിൽ ചുരുങ്ങുകയും ഭയപ്പെടുത്തുന്ന ശബ്ദങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.

പ്രധാന വെല്ലുവിളികൾ

കടലിനടിയിലെ ഓരോ മണിക്കൂറും യുദ്ധസമാനമാണ്. ആദ്യത്തെ പോരാട്ടം ജലസമ്മർദ്ദത്തോടാണ്. ചെറിയൊരു വിള്ളൽ ഉണ്ടായാൽ പോലും ഉപ്പുവെള്ളം ഉള്ളിലേക്ക് ഇരച്ചുകയറും. വെള്ളവും ഇലക്ട്രിക് വയറിംഗും ബാറ്ററികളും നിറഞ്ഞ ഈ അന്തരീക്ഷത്തിൽ തീപിടുത്തം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ജീവനക്കാർ ഭൂരിഭാഗം സമയവും ഫയർ ഡ്രില്ലുകൾക്കായാണ് ചെലവഴിക്കുന്നത്.

മറ്റൊരു പ്രധാന ഭീഷണിയാണ് ശത്രുക്കപ്പലുകൾ. ശത്രുക്കളുടെ പിടിയിൽ അകപ്പെടുമോ എന്നത് വലിയൊരു ഭീഷണിയാണ്. ഇത്തരം സന്ദർഭങ്ങളിൽ അവസാന തീരുമാനമെടുക്കേണ്ടത് അവിടുത്തെ കമാൻഡിംഗ് ഓഫീസർ മാത്രമാണ്. ശത്രുക്കളുടെ കണ്ണിൽപ്പെടാതിരിക്കാൻ രാത്രികാലങ്ങളിലാണ് അന്തർവാഹിനികളിൽ പ്രധാന പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനായി ജീവനക്കാരുടെ ദിനചര്യകൾപോലും തലതിരിഞ്ഞ രീതിയിലാകും. സൂര്യപ്രകാശം ഒട്ടും ലഭിക്കാത്തതിനാൽ ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ പൂർണമായും മാറുന്നു. 45 മുതൽ 90 ദിവസത്തെ ദൗത്യം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പേശീവേദനപോലുള്ള പ്രശ്നങ്ങൾ ഉദ്യോഗസ്ഥർക്ക് അനുഭവപ്പെടാറുണ്ട്.

അന്തർവാഹിനികളിൽ പ്രത്യേകം ഓപ്പറേഷൻ തിയേറ്ററുകൾ ഇല്ല. ജീവനക്കാർ ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന ഡൈനിംഗ് ടേബിളാണ് അടിയന്തിര ഘട്ടങ്ങളിൽ ശസ്ത്രക്രിയകൾക്കായി ഉപയോഗിക്കുന്നത്. കുടിവെള്ളം വളരെ പരിമിതമായതിനാൽ കുളിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. അന്തർവാഹിനിയിലെ ഉദ്യോഗസ്ഥർക്ക് സമ്മർദ്ദ ഹോർമോണുകൾ (കോർട്ടിസോൾ) വളരെ ഉയർന്ന അളവിലാണെന്നാണ് പഠനങ്ങൾ പറയുന്നത്.


English Summary

India has launched a long-term study to understand how extended submarine deployments affect the physical and mental health of Indian Navy personnel. Researchers will track submariners over time to improve medical care, operational readiness, and crew well-being in the challenging underwater environment.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN NAVY, SUBMARINES, NAVY OFFICERS, LIFE, SUBMARINES LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360