ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാംപൂ തുടങ്ങിയവ മാത്രമല്ല, ചർമസംരക്ഷണ വസ്‌തുക്കളും ഇന്ന് മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഇത്തരം വസ്‌തുക്കൾ 'വെജിറ്റേറിയൻ' ആണോ അതോ 'നോൺ-വെജിറ്റേറിയൻ' ആണോയെന്ന് നിങ്ങൾക്ക് അറിയാമോ? പലർക്കും ഗുരുതര ചർമ രോഗങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും വരാൻ കാരണം ഈ തിരിച്ചറിവില്ലാത്തതാണ്. എന്നാൽ, ഈ പ്രശ്‌നത്തിന് ഉടൻ പരിഹാരമാകാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
പാക്ക് ചെയ്‌ത ടോയ്‌ലറ്ററികളിലും സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും 'വെജിറ്റേറിയൻ', 'നോൺ-വെജിറ്റേറിയൻ' ചിഹ്നങ്ങൾ പാക്കേജിന്റെ പ്രധാന ഭാഗത്ത് വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് നിർമ്മാതാക്കളോടും ഇറക്കുമതിക്കാരോടും ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുകയാണ്.
മൃഗങ്ങളിൽ നിന്നുള്ള ചേരുവകളടങ്ങിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പല ഉപഭോക്താക്കളിലും ആരോഗ്യപരമായ ആശങ്കകൾ ഉയർത്തുന്നതാണ്. മൃഗങ്ങളോടുള്ള ക്രൂരത മറ്റൊരു പ്രധാന പ്രശ്‌നമാണ്. പലപ്പോഴും ഉൽപ്പന്നങ്ങൾ നിർമിക്കാനായി മൃഗങ്ങളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാറുണ്ട്. ചില ഉൽപ്പന്നങ്ങളിൽ 'ക്രൂവൽറ്റി - ഫ്രീ' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. മൃഗങ്ങളിൽ പരീക്ഷണം നടത്താത്തവയാണിത്. എന്നാൽ തേൻ, തേനീച്ചമെഴുക്, ലാനോലിൻ തുടങ്ങിയ മൃഗജന്യ ഘടകങ്ങൾ ഇവയിൽ അടങ്ങിയിരിക്കാൻ സാദ്ധ്യതയുണ്ട്.
മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനും കൊഴുപ്പും ചർമത്തിൽ അസ്വസ്ഥത, അലർജി അല്ലെങ്കിൽ മറ്റ് പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. കർശനമായ മാനദണ്ഡങ്ങൾ പാലിച്ച് ഇവ ശേഖരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്‌തില്ലെങ്കിൽ മൃഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ അടങ്ങിയിട്ടുള്ള മാലിന്യവും ബാക്‌ടീരിയയും ചർമത്തിൽ ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം.
ഭക്ഷ്യ ഉൽപ്പനങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്നതാണ് 'വെജിറ്റേറിയൻ', 'നോൺ - വെജിറ്റേറിയൻ' ചിഹ്നങ്ങൾ. മൃഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവയിൽ അത് പ്രത്യേകം ചിഹ്നത്തിലൂടെ സൂചിപ്പിക്കാറുണ്ട്. അലർജിയുള്ളവർക്ക് മാത്രമല്ല, മതപരമായ ആചാരപ്രകാരം പ്രത്യേക ഭക്ഷണക്രമം പിന്തുടരുന്ന ആളുകൾക്കും ഇത് ഉപകാരപ്പെടും.
നമ്മൾ ദിവസേന ഉപയോഗിക്കുന്ന വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളിൽ പലപ്പോഴും മൃഗങ്ങളിൽ നിന്നുള്ള ചേരുവകൾ അടങ്ങിയിരിക്കാം. എങ്ങനെ ഉൽപ്പാദിപ്പിക്കുന്നു എന്നതനുസരിച്ച് അവയിൽ ഗ്ലിസറിൻ, ടാലോ, കൊളാജൻ, കെരാറ്റിൻ, സ്‌ക്വാലെയ്‌ൻ എന്നിവ ഉൾപ്പെടാം. ഇതിൽ ചിലത് സസ്യങ്ങളിൽ നിന്നോ അല്ലാതെയോ നിർമിക്കാവുന്നവയാണ്. ചിഹ്നങ്ങൾ നിർബന്ധമാക്കുന്നതോടെ 'വെജിറ്റേറിയൻ' പച്ച നിറത്തിലുള്ള പൊട്ടും 'നോൺ - വെജിറ്റേറിയൻ' ചുവപ്പ് അല്ലെങ്കിൽ തവിട്ട് നിറത്തിലും രേഖപ്പെടുത്തിയിട്ടുണ്ടാകും. പാക്കേജിംഗിന്റെ പ്രധാന പ്രദർശന ഭാഗത്തിന്റെ മുകൾഭാഗത്തായിരിക്കും ഈ ചിഹ്നം രേഖപ്പെടുത്തിയിരിക്കുന്നത്.
ഇനിമുതൽ ഓരോ ബ്രാൻഡും ഉൽപ്പന്നങ്ങൾ നിർമിക്കുമ്പോൾ അതിലെ ചേരുവകൾ സൂക്ഷ്‌മമായി നിരീക്ഷിക്കണം. പാക്കേജിംഗ് മാറ്റണം. ചേരുവകൾ മാത്രമല്ല തയ്യാറാക്കുമ്പോൾ ഉപയോഗിക്കുന്ന മറ്റ് ഘടകങ്ങളും പരിശോധിക്കണം. വലിയ ബ്രാൻഡുകളെ മുതൽ ചെറിയ കോസ്‌മെറ്റിക്‌സ് നിർമാതാക്കളെയും ഈ മാറ്റങ്ങൾ ബാധിച്ചേക്കും. ലീഗൽ മെട്രോളജി പാക്കേജിംഗ് നിയമങ്ങൾ പാലിക്കാത്ത കമ്പനികൾക്ക് അധികാരികളിൽ നിന്ന് പിഴകളും നടപടികളും നേരിടേണ്ടി വന്നേക്കാം.
2014ൽ കൊണ്ടുവന്ന ചട്ടം 6(8)ലായിരുന്നു ഈ നിബന്ധന ഉൾപ്പെടുത്തിയിരുന്നത്. 2026 ഫെബ്രുവരിയിൽ ഈ നിബന്ധനയെ ചോദ്യംചെയ്‌തുള്ള ഒരു ഹർജി പരിഗണിക്കവെ ഡൽഹി ഹൈക്കോടതി സൗന്ദര്യവർദ്ധക വസ്‌തുക്കളുടെയും ശുചിത്വ ഉൽപ്പന്നങ്ങളുടെയും ലേബലിംഗ് സംബന്ധിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കാൻ അധികാരികളോട് നിർദേശിച്ചിരുന്നു.
തുടർന്ന് 2026 സെപ്‌തംബറിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ വിജ്ഞാപന പ്രകാരം ഈ വ്യവസ്ഥയുടെ നിയമപരമായ ഘടനയിൽ മാറ്റം വരുത്തി. ഇതനുസരിച്ച്, നിബന്ധന ചട്ടം 6(4A)(d)യിലേക്ക് മാറ്റുകയും ചട്ടം 6(8) ഒഴിവാക്കുകയും ചെയ്‌തു.
India's Ministry of Consumer Affairs has mandated that manufacturers and importers prominently display 'vegetarian' or 'non-vegetarian' symbols on all packaged toiletries and cosmetics. This decision, following Delhi High Court directives, requires a green dot for plant-based ingredients and a red/brown dot for animal-derived ones. It aims to address consumer health concerns, ethical considerations, and religious preferences.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |