ന്യൂഡൽഹി: വൈറലായ 'ആദ്യ രാത്രി കോച്ച്' വാർത്തകളിൽ ഇടം പിടിച്ചതിന് പിന്നാലെ ട്രെയിനിൽ നിന്നുള്ള മറ്റൊരു അസാധാരണ വീഡിയോയും ഓൺലൈനിൽ ചർച്ചയാകുകയാണ്. ഇത്തവണ, കോച്ചിനുള്ളിൽ മതപരമായ ചടങ്ങ് നടത്തുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എക്സിൽ, പ്രത്യക്ഷപ്പെട്ട വീഡിയോയിൽ ഒരു പൂജാരി കോച്ചിന്റെ തറയിൽ ആരാധനാ ചടങ്ങുകൾ നടത്തിക്കൊണ്ടിരിക്കുന്നതാണ്. ഒപ്പം വെള്ള വസ്ത്രങ്ങൾ ധരിച്ച നിരവധി ഭക്തരാണ് പൂജയിൽ പങ്കെടുത്തത്. ഇതോടെ ഓടുന്ന ട്രെയിനിനുള്ളിൽ മതപരമായ ആചാരങ്ങൾ അനുവദനീയമാണോ എന്ന ചോദ്യവും ഉയർന്നു.
എന്നാൽ വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് നോർത്തേൺ റെയിൽവേ രംഗത്തെത്തി. സ്വകാര്യമായി ബുക്ക് ചെയ്ത ഒരു സലൂൺ കോച്ചിലാണ് ആചാരങ്ങൾ നടന്നതെന്നും ഐആർസിടിസി വഴിയുള്ള വാണിജ്യപരമായ ബുക്കിംഗിലൂടെയാണ് ആ കോച്ച് അനുവദിച്ചതെന്നും നോർത്തേൺ റെയിൽവേ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു. സാധാരണ യാത്രയ്ക്ക് ഉപയോഗിക്കുന്ന കോച്ച് അല്ല ഇത്. ഉന്നത ഉദ്യോഗസ്ഥർക്കും വിഐപികൾക്കും വേണ്ടി രൂപകൽപ്പന ചെയ്ത ഒരു സ്വകാര്യ, ആഡംബര കോച്ചാണ് ട്രെയിനിലെ സലൂൺ കാർ. എയർ കണ്ടീഷൻ ചെയ്ത കിടപ്പുമുറികൾ, അടുക്കള, സ്വീകരണമുറി, ഡൈനിംഗ് റൂം, അറ്റാച്ച്ഡ് വാഷ്റൂമുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
Hello @AshwiniVaishnaw, was this approved by @RailMinIndia? If so, What is the procedure? pic.twitter.com/9VUJP53lJQ
— Mohammed Zubair (@zoo_bear) July 12, 2026
റെയിൽവെ അറിയിച്ചത് അനുസരിച്ച്, മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് ജൂലായ് എട്ടിനാണ് ഈ കോച്ച് ബുക്ക് ചെയ്തത്. ട്രെയിൻ നമ്പർ 12926 പശ്ചിം എക്സ്പ്രസിന്റെ കോച്ചുകൾക്കൊപ്പമാണ് ഇത് ചേർത്തിരിക്കുന്നത്. ജൂലായ് പത്തിന് ന്യൂഡൽഹിയിൽ നിന്നും മുംബയിലേക്കായിരുന്നു യാത്ര. അതേസമയം, യാത്രക്കാരുടെ സുരക്ഷയും ട്രെയിൻ പ്രവർത്തനങ്ങളും തങ്ങളുടെ മുൻഗണനയായി തുടരുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |