ലിസ്ബൺ: പോർച്ചുഗൽ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാമ്പ് വിട്ടുപോയ സംഭവത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആറുമാസം വരെ വിലക്ക് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. പരിശീലകൻ ജോർജ് ജീസസുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കഴിഞ്ഞ മാസം ദേശീയ ടീമിന്റെ ക്യാമ്പ് വിട്ടതാണ് റൊണാൾഡോയ്ക്ക് തിരിച്ചടിയായത്.
മൂന്നാഴ്ച നീണ്ട അന്താരാഷ്ട്ര ഇടവേളയിൽ പോർച്ചുഗൽ കളിച്ച നേഷൻസ് ലീഗ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് റൊണാൾഡോ കളിച്ചത്. ഡെൻമാർക്കിനെതിരായ മത്സരത്തിൽ പോർച്ചുഗൽ രണ്ട് ഗോളുകൾക്ക് വിജയിച്ചു. എന്നാൽ ആ മത്സരത്തിൽ റൊണാൾഡോയെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പരിശീലകനുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതും താരം ക്യാമ്പ് വിട്ടതും. തുടർന്ന് തന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയിൽ താരം ഖേദം പ്രകടിപ്പിച്ചിരുന്നു. ആരാധകരോടും സഹതാരങ്ങളോടും ക്ഷമ ചോദിച്ച താരം തനിക്ക് പിഴ ചുമത്തണമെന്നും ആവശ്യപ്പെട്ടു.
പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക നിയമപ്രകാരം ന്യായമായ കാരണമില്ലാതെ ദേശീയ ടീമിന്റെ പരിശീലനത്തിനോ മത്സരത്തിനോ മറ്റ് ഔദ്യോഗിക പ്രവർത്തനങ്ങൾക്കോ ഹാജരാകാതിരിക്കുകയോ ക്യാമ്പ് വിട്ടുപോകുകയോ ചെയ്യുന്ന താരത്തിന് ഒരുമാസം മുതൽ ആറുമാസം വരെ വിലക്ക് ലഭിക്കാം. ഇതിനുപുറമേ പിഴയും ചുമത്താം. എത്ര മാസം വരെയായിരിക്കും വിലക്ക് എന്നുള്ള അന്തിമ തീരുമാനം എടുക്കുന്നത് റൊണാൾഡോയുടെ ഭാഗം കൂടി കേട്ടശേഷമായിരിക്കും.
താരത്തിന് ആശ്വാസമാകാൻ സാദ്ധ്യതയുള്ളത് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 244 ആണ്. കുറ്റാരോപിതനായ വ്യക്തി ആരോപിക്കപ്പെട്ട കാര്യങ്ങൾ പൂർണമായും അംഗീകരിച്ചുകഴിഞ്ഞാൽ ശിക്ഷയുടെ കാലയളവ് പകുതിയായി കുറയ്ക്കാൻ ഈ വ്യവസ്ഥ അനുവദിക്കുന്നുണ്ട്. റൊണാൾഡോ തന്റെ നടപടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതും തെറ്റ് അംഗീകരിച്ചതും താരത്തിന് അനുകൂലമായേക്കാമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. അതിനാൽ ആറുമാസം വരെ നീളുന്ന വിലക്ക് പകുതിയായി കുറയാൻ ഇടയുണ്ട്.
എന്നാൽ, അന്തിമ തീരുമാനം ഫെഡറേഷന്റെ അച്ചടക്ക സമിതിയുടേതായിരിക്കും. അതേസമയം, സംഭവത്തിൽ ശിക്ഷ ലഭിച്ചാലും പോർച്ചുഗലിനായി കളിക്കാനുള്ള ആഗ്രഹം അവസാനിച്ചിട്ടില്ലെന്ന് റൊണാൾഡോ വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം ശാരീരികക്ഷമതയും ക്ലബ് പ്രകടനവും അനുകൂലമാണെങ്കിൽ ദേശീയ ടീമിനായി കളിക്കാൻ തയ്യാറാണെന്നും താരം അറിയിച്ചിട്ടുണ്ട്.
Cristiano Ronaldo could face a ban of up to six months after reportedly leaving Portugal’s national team camp following a disagreement with coach Jorge Jesus. Portugal’s football disciplinary rules allow such a suspension for unjustified absence. However, Article 244 could reduce the punishment by half if Ronaldo fully admits the offence. The final decision rests with the federation’s disciplinary committee.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |