
ആദ്യ ലോകകപ്പ് ജേതാക്കളായ ഉറുഗ്വേ ഗ്രൂപ്പ് റൗണ്ടിൽ പുറത്ത്
അരങ്ങേറ്റക്കാരായ കേപ് വെർദേ രണ്ടാം റൗണ്ടിൽ
സ്പെയ്ൻ 1- ഉറുഗ്വേ 0
കേപ് വെർദേ 0 - സൗദി 0
ഹൂസ്റ്റൺ / വഡലഹാര : ലോകകപ്പ് ഗ്രൂപ്പ് എച്ചിൽ അവസാനമത്സരങ്ങൾ കഴിഞ്ഞപ്പോൾ വമ്പൻ ട്വിസ്റ്റ്. ആദ്യ ലോകകപ്പ് ചാമ്പ്യന്മാരായ ഉറുഗ്വേ ഒറ്റക്കളിപോലും ജയിക്കാതെ പുറത്തായപ്പോൾ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച കുഞ്ഞൻ ആഫ്രിക്കൻ രാജ്യം കേപ് വെർദേ വന്നവരവിൽതന്നെ നോക്കൗട്ടിലേക്ക് കയറി വിസ്മയമായി. കേപ് വെർദേയും ഇതിവരെ ഒരു ഒരു കളിയും ജയിച്ചിട്ടില്ലെന്നതാണ് കൗതുകം. കളിച്ചതെല്ലാം സമനിലയാക്കിയാണ് കേപ്പിന്റെ രണ്ടാം റൗണ്ട് പ്രവേശനം.
മുന്നോട്ടുപോകണമെങ്കിൽ ജയിച്ചേ മതിയാകൂ എന്ന സ്ഥിതിയിൽ ഗ്രൂപ്പിലെ അവസാനമത്സരത്തിനിറങ്ങിയ ഉറുഗ്വേയെ മുൻ ചാമ്പ്യന്മാരായ സ്പെയ്ൻ ഒറ്റ ഗോളിന് തോൽപ്പിക്കുകയായിരുന്നു. കഴിഞ്ഞകളികളിലേതുപോലെ ഗോളി ഫെർണാൻഡോ മുസ്‌ലേരയുടെ പിഴവാണ് ഉറുഗ്വേയ്ക്ക് വിനയായത്.42-ാം മിനിട്ടിൽ അലക്സ് ബയേനയാണ് സ്പെയിന് വേണ്ടി സ്കോർ ചെയ്തത്. ഇരുപകുതികളിലും ഗോളടിക്കാൻ ഉറുഗ്വേ കിണഞ്ഞ് പരിശ്രമിച്ചിരുന്നെങ്കിലും സ്പെയ്ൻ പ്രതിരോധം അനുവദിച്ചില്ല. ഇൻജുറി ടൈമിൽ പാവ് കുബാർസിയെ ഫൗൾ ചെയ്തതിന് ഉറുഗ്വേ താരം കനോബിയോയ്ക്ക് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു.
ഇതേസമയം നടന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പിഴവുകളില്ലാത്ത പ്രതിരോധത്തിലൂടെയാണ് കേപ് വെർദേയ്ക്ക് മുന്നിൽ നോക്കൗട്ടിലേക്കുള്ള വാതിൽ തുറക്കപ്പെട്ടത്. ആദ്യ മത്സരത്തിൽ സ്പെയ്നിനേയും ഗോൾരഹിത സമനിലയിൽ തളച്ചിരുന്ന കേപ് വെർദേ രണ്ടാം മത്സരത്തിൽ ഉറുഗ്വേയോട് 2-2നാണ് സമനില വഴങ്ങിയത്. നോക്കൗട്ടിലേക്ക് കടക്കണമെങ്കിൽ മികച്ച മാർജിനിൽ ജയിച്ചേ മതിയാകൂ എന്ന സ്ഥിതിയിലായിരുന്ന സൗദിയെ ആദ്യ പകുതിയിൽ അനങ്ങാൻ കേപ് പ്രതിരോധം അനുവദിച്ചില്ല. അവർ കൂടുതൽ ആക്രമണങ്ങൾക്ക് മുതിർന്നതുമില്ല.രണ്ടാം പകുതിയിൽ ജാമിറോ മൊണ്ടെയ്റോയിലൂടെ കേപ് ചില ആക്രമണങ്ങൾ നടത്തിയെങ്കിലും സൗദി ഗോളി അതെല്ലാം വിഫലമാക്കി.
മൂന്ന് കളികളിൽ രണ്ട് ജയവും ഒരു സമനിലയുമായി ഏഴുപോയിന്റ് നേടിയാണ് സ്പെയ്ൻ ഗ്രൂപ്പ് എച്ചിലെ ഒന്നാമന്മാരായത്. മൂന്നുസമനിലകളോടെ കേപ് വെർദേ മൂന്ന് പോയിന്റുമായി രണ്ടാമതെത്തിയപ്പോൾ രണ്ട് സമനിലകളും ഒരു തോൽവിയുമായി ഉറുഗ്വേ രണ്ട് പോയിന്റുമാത്രം നേടി മൂന്നാമതായി. 12 ഗ്രൂപ്പുകളിൽ നിന്ന് 8 മികച്ച മൂന്നാംസ്ഥാനക്കാരെ എടുക്കുമ്പോൾ ഉറുഗ്വേയ്ക്ക് ആ പട്ടികയിലെത്താനാവില്ല. ഒരു സമനിലയും ഒറ്റപ്പോയിന്റുമായാണ് സൗദിയുടെ മടക്കം.
1998ൽ ചിലിക്ക് ശേഷം ഗ്രൂപ്പ് റൗണ്ടിലെ എല്ലാമത്സരങ്ങളും സമനിലയാക്കി നോക്കൗട്ടിലെത്തുന്ന ആദ്യ ടീമാണ് കേപ് വെർദേ.
40 വയസിന് ശേഷം ലോകകപ്പിൽ ഒന്നിലേറെ മത്സരങ്ങളിൽ ക്ളീൻ ഷീറ്റ് കാത്തുസൂക്ഷിക്കുന്ന മൂന്നാമത്തെ ഗോളിയാണ് കേപ് വെർദേയുടെ വൊസീഞ്ഞ. പീറ്റർ ഷിൽട്ടണും ദിനോ സോഫുമാണ് മുമ്പ് നേട്ടം കരസ്ഥമാക്കിയവർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |