ഹാനോയ്: വിയറ്റ്‌നാമിൽ മലയാളി ദമ്പതികളടക്കം 15 ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ബോട്ടിന്റെ ക്യാപ്‌റ്റൻ അറസ്റ്റിൽ. 57കാരനായ ക്യാപ്റ്റനെ അറസ്റ്റ് ചെയ്‌തതായി ആൻ ഗിയാംഗ് പ്രവിശ്യയിലെ പൊലീസാണ് അറിയിച്ചത്. ക്യാപ്‌റ്റന്റെ ഭാഗത്ത് നിന്ന് നിയമലംഘനം ഉണ്ടായെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. ബോട്ടിലെ ജീവനക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമായതായി പൊലീസ് വ്യക്തമാക്കി.
അതേസമയം, കാലാവസ്ഥ അതീവ മോശമായതാണ് ബോട്ട് അപകടത്തിൽപ്പെടാൻ കാരണമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. സംഭവസമയത്ത് മഴ ഉണ്ടായിരുന്നില്ലെങ്കിലും ശക്തമായ തിരമാലകൾ ഉണ്ടായെന്നാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത നാവികരെ ഉദ്ധരിച്ച് ഒരു പ്രാദേശിക മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഈ സമയത്ത് വിനോദസഞ്ചാരികളുമായെത്തിയ മറ്റ് ബോട്ടുകളും കടലിലുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.
32 ഇന്ത്യൻ വിനോദസഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. 17പേരെ രക്ഷപ്പെടുത്തി. ഇതിൽ ഒരാൾ ഫൂക്കോക്കിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകടത്തിൽ രക്ഷപ്പെട്ടവരെല്ലാം നാട്ടിലേക്ക് തിരിച്ചു. മരിച്ച 15പേരുടെയും മൃതദേഹം ഇന്ന് മുംബയിലെത്തിക്കുമെന്ന് എംബസി അറിയിച്ചു. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മൃതദേഹങ്ങൾ എത്തിക്കുക. മുംബയിൽ നിന്ന് ഓരോ സംസ്ഥാനത്തേക്കും എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും.
കൊല്ലം കൊട്ടാരക്കര സ്വദേശിയും വിക്ടറി ഗ്രൂപ്പ് ഉടമയുമായ എ.വി തോമസ്, ഭാര്യ ലൗനി എന്നിവരാണ് മരിച്ച മലയാളികള്‍. ഇക്കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ടായിരുന്നു അപകടം. മിൻ ഹുയത് ഫു ക്വേക്ക് ട്രേഡിംഗ് ടൂറിസം കമ്പനിയുടെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. എൻഗോയ് ദ്വീപിൽ നിന്ന് അൽ താേയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെ യാത്ര തുടങ്ങി 400മീറ്റർ പിന്നിട്ടപ്പോഴായിരുന്നു അപകടം. ബാേട്ട് തലകീഴായി മറിയുകയായിരുന്നു. ജീവനക്കാരുടെ ഭാഗത്ത് അശ്രദ്ധയുണ്ടായെന്നും ചികിത്സ ലഭിക്കാൻ വൈകിയെന്നുമാണ് രക്ഷപ്പെട്ടവർ പറയുന്നത്.
A boat captain has been arrested in Vietnam after a tourist boat accident that killed 15 Indian tourists, including a Malayali couple. Police said safety violations and crew negligence contributed to the tragedy. Seventeen people were rescued, while the victims' bodies are being repatriated to India.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |