SignIn
Kerala Kaumudi Online
Monday, 07 September 2026 6.08 PM IST

ഇന്ത്യ-ചൈന അതിർത്തി തർക്കം: പ്രതിനിധി ചർച്ചയുടെ പ്രസക്തി

k

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം ഇരുശക്തികളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകുന്നതിന് ഏറ്റവും പ്രധാന തടസമാണ്. വ്യക്തമായി നിർണയിക്കപ്പെടാത്തതുമായ ഏകദേശം 3,488 കിലോമീറ്റർ നീളമുള്ള ഹിമാലയൻ അതിർത്തി, പരസ്പരവിരുദ്ധമായ ഭൂപ്രദേശ അവകാശവാദങ്ങൾ, യഥാർത്ഥ നിയന്ത്രണരേഖയെക്കുറിച്ചുള്ള വ്യത്യസ്ത ധാരണകൾ, മുൻകാല സൈനിക ഏറ്റുമുട്ടലുകളുടെ പാരമ്പര്യം എന്നിവ തർക്കത്തെ സങ്കീർണമാക്കുന്നു. 1962ലെ യുദ്ധവും 2020ലെ ഗൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലും മറ്റു നിരന്തര സംഘർഷങ്ങളും ഇരു രാജ്യങ്ങൾക്കിടയിൽ ആഴത്തിലുള്ള തന്ത്രപരമായ അവിശ്വാസത്തിന് കാരണമായി.

ഈ സാഹചര്യത്തിൽ, 2026 ഓഗസ്റ്റ് 25ന് ബീജിംഗിൽ നടന്ന 25​ാമത് പ്രത്യേക പ്രതിനിധി ചർച്ച അതിർത്തിയിൽ സമാധാനവും സ്ഥിരതയും നിലനിറുത്തുക, പരിഹാരത്തിനുള്ള ചട്ടക്കൂട് സംബന്ധിച്ച ചർച്ചകൾ തുടരുക, നിർണയ​മാനേജ്‌മെന്റ് ചർച്ചകൾ വേഗത്തിലാക്കുക, നയതന്ത്ര​സൈനിക സംവിധാനങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുക, രണ്ട് അധികയോഗകേന്ദ്രങ്ങളും രണ്ട്‌ഹോട്ട്‌ലൈൻ ചാനലുകളും സ്ഥാപിക്കുക, വ്യാപാരം, തീർത്ഥാടനം, ജനകൈമാറ്റം ശക്തിപ്പെടുത്തുക, നദീജല ആശയവിനിമയം തുടരുക, 26​ാമത് പ്രതിനിധി ചർച്ചകൾ 2027ൽ ഇന്ത്യയിൽ നടത്തുക തുടങ്ങിയ എട്ട് കാര്യങ്ങളിൽ ധാരണയിലെത്തി. അങ്ങനെ സംഘർഷത്തിൽ നിന്ന് സംവാദത്തിലേക്കും സ്ഥിരതയിലേക്കും സഹകരണത്തിലേക്കും നീങ്ങുകയാണ് ലക്ഷ്യം.


ഇന്ത്യയും ചൈനയും അതിർത്തിയെക്കുറിച്ച് അടിസ്ഥാനപരമായി വ്യത്യസ്തമായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്. ഇന്ത്യ അക്സായ് ചിൻ പ്രദേശത്ത് അവകാശവാദം ഉന്നയിക്കുമ്പോൾ, ചൈന അരുണാചൽ പ്രദേശത്തെ 'സാങ്നാൻ' അഥവാ തെക്കൻ ടിബറ്റ് എന്ന് വിശേഷിപ്പിച്ച് അവകാശപ്പെടുന്നു. ദുഷ്‌കരമായ ഹിമാലയൻ ഭൂപ്രകൃതി, വ്യത്യസ്ത ഭൂപടങ്ങൾ, പരസ്പരം അംഗീകരിച്ച എൽ.എ.സിയുടെ അഭാവം എന്നിവ സാധാരണ അതിർത്തി പട്രോളിംഗുകൾപോലും സംഘർഷസാദ്ധ്യതയുള്ളതാക്കുന്നു.

അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിറുത്തുന്നത് ഉഭയകക്ഷി ബന്ധങ്ങളുടെ മൊത്തത്തിലുള്ള പുരോഗതിക്ക് അനിവാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. അതേസമയം, ചർച്ചകൾക്ക് പിന്തുണ നൽകുന്ന ചൈന അതിർത്തി പ്രശ്നം മുഴുവൻ ഉഭയകക്ഷി ബന്ധത്തെയും നിയന്ത്രിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ഈ വ്യത്യസ്ത സമീപനങ്ങൾ പലപ്പോഴും അതിർത്തി പ്രശ്നത്തെ വിശാലമായ ഉഭയകക്ഷി ബന്ധങ്ങളിൽ നിന്ന്‌വേർതിരിച്ച് കൈകാര്യം ചെയ്യുന്നത് ദുഷ്‌കരമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് 25​ാമത് SR ചർച്ചകൾക്ക് പ്രാധാന്യം ലഭിക്കുന്നത്. നീതിയുക്തവും യുക്തിസഹവും ഇരുപക്ഷത്തിനും സ്വീകാര്യവുമായ പരിഹാരമെന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തി ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധതയും ചർച്ചകൾ ആവർത്തിച്ചു. ഉടനടി അതിർത്തി പരിഹാരം സാദ്ധ്യമാകില്ലെങ്കിലും തുടർച്ചയായ ഉന്നതതല സംവാദം അഭിപ്രായവ്യത്യാസങ്ങൾ കുറയ്ക്കാനും തെറ്റായ വിലയിരുത്തലുകൾ ഒഴിവാക്കാനും ഭാവിയിലെ പരിഹാരത്തിന് ആവശ്യമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാനും സഹായിക്കും.

സാമ്പത്തികവും

മറ്റ് ബന്ധങ്ങളും
അതിർത്തി തർക്കത്തിന്റെ പ്രത്യാഘാതം സൈനികമേഖലയ്ക്ക് മാത്രമായി പരിമിതപ്പെട്ടിട്ടില്ല. 2020ലെ ഏറ്റുമുട്ടലുകൾക്കുശേഷം ചൈനീസ് നിക്ഷേപങ്ങൾ, സാങ്കേതികവിദ്യ, ബിസിനസ്, ഡിജിറ്റൽ സഹകരണം തുടങ്ങിയമേഖലകളിൽ ഇന്ത്യ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എന്നിരുന്നാലും ചൈന ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളിലൊന്നായി തുടരുന്നു. 2025-26ൽ ഇന്ത്യ-ചൈന വ്യാപാരം ഏകദേശം 14.3 ലക്ഷംകോടിയായിരുന്നു. രാഷ്ട്രീയ​തന്ത്രപരമായ ബന്ധങ്ങൾ വഷളായിരിക്കുമ്പോഴും സാമ്പത്തിക പരസ്പരാശ്രിതത്വം തുടരുവാൻ നിർബന്ധിതരാണ്.

നേരിട്ടുള്ള വിമാന സർവീസുകൾ, വിസ, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ബിസിനസ് യാത്രകൾ തുടങ്ങിയമേഖലകളിലെ നിയന്ത്രണങ്ങളും തടസങ്ങളും ജനങ്ങൾ തമ്മിലുള്ള ബന്ധത്തെയും ബാധിച്ചിട്ടുണ്ട്. അതിനാൽ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നത് ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്നതിലെ പ്രധാന ഘടകമാണ്.

തന്ത്രപരമായ ആവശ്യം
ആഗോള ശക്തിസന്തുലിതാവസ്ഥയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ-അമേരിക്ക ബന്ധത്തിലെ വർദ്ധിച്ചുവരുന്ന അനിശ്ചിതത്വം, ഇന്ത്യ തന്ത്രപരമായ വഴക്കം നിലനിറുത്തുകയും ഏതെങ്കിലും ഒരു വൻശക്തിയെ മാത്രം അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നു.

മാറിക്കൊണ്ടിരിക്കുന്ന ഈ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ, പ്രാദേശിക സ്ഥിരത, സാമ്പത്തിക സഹകരണം, ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണം എന്നിവ ഉറപ്പാക്കുന്നതിന് ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കുന്നത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. എന്നാൽ ഹിമാലയൻ അതിർത്തിയിലെ സൈനിക വിന്യാസവും അടിസ്ഥാനസൗകര്യ വികസനവും വലിയ വിഭവങ്ങൾ ആവശ്യപ്പെടുന്നതിനൊപ്പം ആണവായുധശേഷിയുള്ള രണ്ട് രാജ്യങ്ങൾക്കിടയിലെ സംഘർഷം രൂക്ഷമാകാനുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു. അതിനാലാണ് അതിർത്തി തർക്കത്തിന് പരിഹാരം കാണേണ്ടത് ഇന്ത്യയുടെ തന്ത്രപരമായ ആവശ്യമാകുന്നത്.

മുന്നോട്ടുള്ള വഴി
അതിർത്തി പ്രശ്നത്തിന് അന്തിമ പരിഹാരം കണ്ടെത്താൻ ഏറെ സമയംവേണ്ടിവന്നേക്കാം. എന്നാൽ മറ്റൊരു സൈനിക പ്രതിസന്ധി ഉണ്ടാകാതിരിക്കുക എന്നതായിരിക്കണം അടിയന്തര ലക്ഷ്യം. സൈനിക പിന്മാറ്റം, സംഘർഷം കുറയ്ക്കൽ, വിശ്വാസനിർമ്മാണ നടപടികൾ, സൈനിക അധികാരികൾ തമ്മിലുള്ള മെച്ചപ്പെട്ട ആശയവിനിമയം, അതിർത്തിയുടെ വ്യക്തതയും അന്തിമ നിർണയവും എന്നിവ അനിവാര്യമാണ്.

25​-ാമത് പ്രത്യേക പ്രതിനിധി ചർച്ചകൾ 2027ൽ ഇന്ത്യയിൽ അടുത്ത റൗണ്ട് നടത്താനുള്ള ധാരണയിലൂടെ തുടർസംവാദത്തിനുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അതിർത്തി പ്രശ്നം വെറും ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള തർക്കമല്ല; അത് പരസ്പര വിശ്വാസത്തിന്റെ പ്രശ്നം കൂടിയാണ്. അതിനാൽ, വിശ്വാസം പുനഃസ്ഥാപിക്കാനും വ്യാപാരം, പ്രാദേശിക സഹകരണം, ബഹുമുഖവേദികളിലെ ഏകോപനം, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവ വികസിപ്പിക്കാനും കഴിയുന്ന കൂടുതൽ സ്ഥിരതയുള്ള ബന്ധത്തിലേക്കുള്ള വഴിത്തിരിവായി ഈ ചർച്ചകൾ മാറേണ്ടതുണ്ട്. പ്രത്യേക പ്രതിനിധികളുടെ 25​ാമത് റൗണ്ട് ചർച്ചകളിലെ എട്ട് പ്രധാന തീരുമാനങ്ങൾ ഈ ശ്രമങ്ങളെ ശക്തിപ്പെടുത്തും


(കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് പ്രൊഫസറും കാര്യവട്ടം ക്യാമ്പസ് ഡയറക്ടറുമാണ് ലേഖകൻ. ഫോൺ: 9447145381)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY