ന്യൂഡൽഹി : എച്ച് വൺ ബി വിസ ഫീസ് നിരക്കുകൾ വർദ്ധിപ്പിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോർട്ട്. എച്ച് വൺ ബി വിസയ്ക്കും ഒപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (ഒ.പി.ടി) പ്രോഗ്രാമിനും പുതിയ ഫീസ് ഏർപ്പെടുത്താൻ യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓപ് ഹോംലാൻഡ് സെക്യൂരിറ്റി നിർദ്ദേശം പുറത്തിറക്കി.
എച്ച് വൺ ബി വിസാ നിരക്ക് 1,03,265 ഡോളറായാണ് (98.9 ലക്ഷം രൂപ) ഉയർത്തുന്നത്. യു.എസ് ഫെഡറൽ രജിസ്റ്ററിൽ തിങ്കളാഴ്ചയാണ് ഇത് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷം സമാനമായ ഫീസ് ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് കോടതി ഇടപെടലിനെ തുടർന്ന് അത് തടയുകയായിരുന്നു. പുതിയ നിർദ്ദേശം നടപ്പിലായാൽ വിദേശ പൗരൻമാർക്ക് അമേരിക്കയിൽ ജോലി ചെയ്യുന്നതിനുള്ള ചെലവും സർവകലാശാല പഠനം പൂർത്തിയാക്കി ജോലിയിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ ചെലവും എച്ച് വൺ ബി ജീവനക്കാരെ സ്പോൺസർ ചെയ്യുന്ന തൊഴിലുടമകളുടെ ചെലവും ഗണ്യമായി വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന് കോർപ്പറേറ്റ് ഇമിഗ്രേഷൻ സേവന സ്ഥാപനമായ ഫ്രാഗോമെൻ അറിയിച്ചു.
പുതിയ തീരുമാനം ഇന്ത്യൻ പൗരൻമാർക്കാണ് ഏറെ തിരിച്ചടിയാകുന്നത്. എച്ച് വൺ ബി വിസ ഗുണഭോക്താക്കളിൽ 70 ശതമാനത്തിലധികം ഇന്ത്യക്കാരാണ്. 2024ൽ യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് 3,99,402 വിസ അപേക്ഷകൾ അംഗീകരിച്ചിരുന്നു. ഇതിൽ 71 ശതമാനവും ഇന്ത്യൻ വംശജരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |