SignIn
Kerala Kaumudi Online
Monday, 12 October 2026 5.09 AM IST

'പൊതിഞ്ഞു പിടിച്ച്' തിരുത്തലും, ചേനക്കാര്യവും

k

'സ്വന്തം കണ്ണിൽ കുന്തം വച്ചുകൊണ്ടാണ് മറ്റുള്ളവന്റെ കണ്ണിലെ കരടിനെക്കുറിച്ച് ആരോപിക്കുന്നത്'. പറയുന്നത് പാലക്കാട്ടെ സി.പി.എം മുൻ ജില്ലാസെക്രട്ടറി സുരേഷ് ബാബു. ആരെ ഉദ്ദേശിച്ചാണെന്നും പറയാം. ലൈംഗികാരോപണ കേസിൽ എം.എൽ.എ സ്ഥാനവും,യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും തെറിച്ച രാഹുൽ മാങ്കുട്ടത്തിലിനെയും, സഖാവിന്റെ ഭാഷയിൽ രാഹുലിന്റെ 'ഹെഡ് മാസ്റ്റർ' ഷാഫി പറമ്പിൽ എം.പിയെയും കുറിച്ച്.

'ചെകുത്താൻ വേദമോതുന്നു' എന്നാണ് ഇതുകേട്ട് പാലക്കാട്ടെ കോൺഗ്രസുകാർ പറയുന്നത്. മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പീ‌ഡനക്കേസിൽ ഏറ്റവും കൂടുതൽ വിമർശനമുയർത്തിയതും ഇതേ സഖാവാണ്. ഒരാഴ്ച മുമ്പുവരെ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന സുരേഷ് ബാബുവിനെ 'മുൻ സെക്രട്ടറി'യാക്കിയത് തെറ്റുതിരുത്തലിന്റെ ഭാഗമായി നടന്ന വിപുലീകൃത ജില്ലാകമ്മിറ്റി യോഗം.നടപടി പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ. അത് പാർട്ടി പ്രവർത്തകർക്കും നാട്ടുകാ‌ർക്കുമറിയാം. പക്ഷേ,പാർട്ടി നേതാക്കൾക്ക് മാത്രം അറിയില്ല.

പുതിയ ജില്ലാ സെക്രട്ടറി ചെന്താമരാക്ഷൻ മുതൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വരെയുള്ള നേതാക്കൾക്ക് ഒരു പിടിയുമില്ല.മാത്രമല്ല, സുരേഷ് ബാബുവിനെതിരെ ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ലെന്നും ഗോവിന്ദൻ മാഷ്. സ്ത്രീ പീഡനക്കേസുകളിൽ ഇരകൾക്ക് വേണ്ടി ചാടിവീഴുന്ന പാർട്ടി വനിതാ നേതാക്കളിൽ പലർക്കു മൗനം. സ്ത്രീപീഡകർ ആരായാലും നടപടിയെടുക്കണമെന്ന് എങ്ങും തൊടാതെ പി.കെ.ശ്രീമതി പറഞ്ഞപ്പോൾ, അങ്ങനെയൊരു പരാതിയുള്ളതായി കെ.കെ.ശൈലജയ്ക്ക് കേട്ടറിവ് പോലുമില്ല!.

ഒടുവിൽ സുരേഷ് ബാബു തന്നെ പത്രക്കാരോട് വെളിപ്പെടുത്തി.'വ്യക്തിപരമായ കാരണങ്ങളാൽ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.പാർട്ടി അതംഗീകരിച്ചു'. പച്ചവെള്ളം ചവച്ചുകുടിക്കുന്ന നേതാക്കളും അതാവർത്തിച്ചു.തിരുത്തൽ പ്രക്രിയയിൽ ഒരു ജില്ലാ സെക്രട്ടറി മാത്രം തെറിച്ചത് എന്തെങ്കിലും കാരണം കൊണ്ടാവാമെന്ന് വി.ശിവൻകുട്ടിയെപ്പോലുള്ള ചില നേതാക്കൾ മാത്രം പറഞ്ഞു. തീയില്ലാതെ പുകയുണ്ടാവില്ല!.

കഴിഞ്ഞ ഏപ്രിലിൽ പാർട്ടി ജില്ലാകമ്മിറ്റി ഓഫീസിൽ വച്ചാണ് ജില്ലാ സെക്രട്ടറിയായിരുന്ന സുരേഷ് ബാബു തന്നോട് മോശമായി പെരുമാറിയതെന്നാണ് അഭിഭാഷക കൂടിയായ വനിതാ നേതാവ് സംസ്ഥാന സെക്രട്ടറിക്ക് ഉൾപ്പെടെ പരാതി നൽകിയത്.എന്നാൽ തിരഞ്ഞെടുപ്പ് ഘട്ടമായതിനാൽ അതിനുശേഷം അന്വേഷിച്ച് നടപടിയെടുക്കാമെന്നായിരുന്നു

നേതാക്കളുടെ ഉറപ്പ്.തിരഞ്ഞെടുപ്പ് ഫലം വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടാകാതിരുന്നതിനെ തുട‌ർന്ന് യുവതി പിണറായി വിജയന് ഉൾപ്പെടെ ഡിജിറ്റൽ തെളിവുകളോടെ പരാതി നൽകി.‌

നടപടിയെടുത്തില്ലെങ്കിൽ വനിതാ നേതാവ് നിയമ നടപടിക്ക് മുതിരുമെന്ന ഘട്ടം വന്നപ്പോഴാണ് നേതാക്കൾ ഉണർന്നത്. ഒടുവിൽ പിണറായി വിജയൻ നേരിട്ട് ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷമാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നുമാറ്റാൻ നിർദ്ദേശിച്ചത്.മാറ്റിയതിന്റെ കാരണം പാർട്ടി നേതാക്കൾ മൂടിവയ്ക്കുന്നത് ആരോപണവിധേയന്റെ അപേക്ഷ മാനിച്ചാണത്രെ. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുമെന്നുവരെ കേട്ടതാണ്. പിന്നീട് അനക്കമില്ല.

ഉന്നത നേതാക്കൾക്ക് വേണ്ടപ്പെട്ടവരെ 'പൊതിഞ്ഞു പിടിച്ചുള്ള' തെറ്റുതിരുത്തൽ പഴയ തെറ്റുകളുടെ തനിയാവർത്തനമെന്നാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന വിമർശനം. 'പൊതിഞ്ഞു പൊതിഞ്ഞ്' പാർട്ടി ഒരു പരുവത്തിലായി. സ്ത്രീ പീ‌ഡനക്കേസിൽ ആരോപണവിധേയനായ പി.ശശിക്കെതിരെ പാർട്ടി കടുത്ത നടപടിയെടുത്തു.അതേ പി.ശശി സംസ്ഥാന കമ്മിറ്റിയിൽ തിരിച്ചെത്താനും, മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയാവാനും അധിക കാലം വേണ്ടി വന്നില്ല.

മുൻ എം.എൽ.എ പി.കെ.ശശിയെ സമാന ആരോപണത്തിന്റെയും,സാമ്പത്തിക ക്രമക്കേടിന്റെയും പേരിൽ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. എന്നിട്ടും, പാർട്ടിയിൽ നിന്ന് പുറത്ത് പോകുന്നതുവരെ അദ്ദേഹം കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് തുടർന്നതും ആരുടെ പിൻബലത്തിലെന്ന് രഹസ്യമല്ല.അതേസമയം,നേത‌ൃത്വത്തിന്റെ 'കരിമ്പട്ടിക'യിൽപ്പെട്ട സുരേഷ് കുറുപ്പിനെയും, ടി.ശശിധരനെയും പോലുള്ള നിസ്വാർത്ഥരായ നേതാക്കൾക്ക് ചവിട്ടിത്താഴ്ത്തപ്പെടാൻ വിധി.അവർക്ക് ഒരിക്കലും പാർട്ടിയിൽ ഉയർത്തെഴുന്നേൽപ്പില്ല.

സുരേഷ് ബാബുവിനെ സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ ,പടക്കം പൊട്ടിച്ച് ആഘോഷിച്ചത് പാലക്കാട്ടെ സി.എം.പിക്കാർ. അതും,സി.പി.എമ്മിൽ നിന്ന് പുറത്തു പോയ പി.കെ.ശശിയുടെ നേതൃത്വത്തിൽ. സുരേഷ് ബാബുവിന്റെ ചിത്രമുള്ള പ്ലക്കാർഡിന് മുകളിൽ പൂവൻ കോഴിയെ പിടിച്ചായിരുന്നു കോൺഗ്രസുകാരുടെ പ്രകടനം. മാങ്കൂട്ടത്തിൽ വിഷയത്തിൽ സി.പി.എം പ്രവർത്തകർ ചെയ്തതുപോലെ.'പ്രതി പൂവൻ കോഴി'.

ആനക്കാര്യത്തിനിടയിൽ ഒരു ചേനക്കാര്യം.വോട്ട് ചോരി ആരോപണം ഉന്നയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും അതിന് ഒത്താശ നൽകിയതായി പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും,ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ ഡൽഹിയിൽ പ്രതിപക്ഷം സമരം ആളിക്കത്തിക്കുകയാണ്. സമരത്തിന് നേതൃത്വം നൽകി രാഹുൽഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും.

ആ സമരാഗ്നിക്കിടയിലാണ് കേരളത്തിലെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ പരാതിയും പൊക്കിപ്പിടിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് നേതാക്കളെ കാണാൻ തിരുവനന്തപുരത്ത് നിന്ന് ഡൽഹിക്ക് വണ്ടി കയറിയത്. പരാതി പറയാൻ പറ്റിയ സമയം.പരാതി ഇതാണ്. മുഖ്യമന്ത്രി, മുന്നണി കൺവീനറായ തന്നെ ഒരു കാര്യവും അറിയിക്കുന്നില്ല. യു.ഡി.എഫ് യോഗം വിളിക്കാൻ സമ്മതിക്കുന്നില്ല. മുന്നണിയിലെ രണ്ട് നേതാക്കൾക്ക് ക്യാബിനറ്റ് പദവി നൽകാനുള്ള തീരുമാനം താൻ അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ്.സഹികെട്ടാണ് കൺവീനർ പൊട്ടിത്തെറിച്ചത്.

അതും, സതീശൻ സർക്കാർ നാലുമാസം മാത്രം പിന്നിടുമ്പോൾ. നാഥിനില്ലാ കളരിയായ കെ.പി.സി.സി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ചുകൂട്ടി അദ്ദേഹം മുഖ്യമന്ത്രിയെ വിമർശിച്ചത് കടുംകൈയായിപ്പോയെന്ന് പാർട്ടിയിലെ എതിർപക്ഷം. ഡൽഹിയിലെത്തിയ അടൂർ പ്രകാശ് എം.പിയെന്ന നിലയിൽ ഗ്യാനേഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്തു.പക്ഷേ,

തിരക്കിനിടയിൽ രാഹുൽഗാന്ധിയെ ഒരു മിന്നായം പോലെ കാണാനേ പറ്റിയുള്ളൂ.പിന്നെ എങ്ങനെ പരാതി പറയും.

ഒടുവിൽ കോൺഗ്രസ് പ്രഡിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയെ കണ്ടു. അദ്ദേഹം പരാതിക്കത്ത് വാങ്ങിവച്ചു. പരാതി കേരളത്തിൽതന്നെ പരിഹരിക്കാൻ ഉപദേശിച്ചു. പരസ്പരം കൈകൊടുത്ത് പിരിഞ്ഞു. ആ കൂടിക്കാഴ്ചയുടെ ചിത്രം പുറത്തുവിടാൻ ഹൈക്കമാൻഡ് തയ്യാറായത് വിജയത്തിന്റെ തുടക്കമെന്ന് അടൂർ പക്ഷം.കെ.പി.സി.സി നേതൃയോഗം വിളിച്ച് കാര്യങ്ങൾ

ചർച്ച ചെയ്യാൻ തീരുമാനിച്ചതും അവർ ചൂണ്ടിക്കാട്ടുന്നു.. 'പോന മച്ചാൻ അപ്പടി തിരുമ്പി വന്താനെന്ന് എതിർപക്ഷം'. അടൂർ വിടുന്ന മട്ടില്ല. സതീശനും.

നുറുങ്ങ്

സി.പി.ഐ ഇല്ലായിരുന്നെങ്കിൽ സി.പി.എം ഇതിനകം ഇടതുമുന്നണിയെ പി.എംശ്രീക്ക് പണയപ്പെടുത്തിയേനെ എന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

♦ആന മെലിഞ്ഞെന്ന് കരുതി തൊഴുത്തിൽ കെട്ടാൻ സി.പി.എം ശ്രമിക്കരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION