
നവതി നിറവിൽ പ്രൊഫ. പി.ഒ.ജെ.ലബ്ബ
പ്രിൻസിപ്പൽ എന്നോർക്കുമ്പോൾ മനസിൽ ആദ്യം തെളിയുന്ന പ്രകാശപൂർണ്ണമായൊരു മുഖമുണ്ട്. 1992ന് മുൻപ് ടി.കെ.എം എൻജിനിയറിംഗ് കോളേജിന്റെ ശ്വാസമായി മാറിയ, അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മനസിൽ തെളിയുന്ന ലബ്ബാ സാർ എന്നു വിളിക്കുന്ന പ്രൊഫ. പി.ഒ.ജെ.ലബ്ബ എന്ന ഗുരുശ്രേഷ്ഠന്റെ. എൻജിനിയറിംഗ് പാഠ്യപദ്ധതിയുടെ ഡിസൈൻ നിർണയം, സിലബസ് പരിഷ്കരണം, അക്കാഡമിക് പരീക്ഷാ-സെമസ്റ്റർ രീതികളുടെ സംഘാടനം, പുതിയ എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ തുടക്കം എന്നിവയിലൊക്കെ സർവകലാശാലാ-ഭരണതലങ്ങളിൽ സമാനതകളില്ലാത്ത പങ്കുവഹിച്ച പ്രമുഖനാണ് പ്രൊഫ. ലബ്ബ.
സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ മേഖലയെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച വ്യക്തിത്വങ്ങളിൽ ഏറ്റവും ശ്രദ്ധേയൻ. തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജിൽനിന്ന് ബിരുദവും ബോംബെ ഐ.ഐ.ടിയിൽനിന്ന് എം.ടെക് ബിരുദവും കരസ്ഥമാക്കിയ ശേഷമാണ്, അറുപതുകളുടെ തുടക്കത്തിൽ അദ്ദേഹം ടി.കെ.എം എൻജിനിയറിംഗ് കോളേജിലെത്തുന്നത്.
ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗം പ്രൊഫസറായും വകുപ്പുതലവനായും സേവനമനുഷ്ഠിച്ച ലബ്ബാസാർ 1978ൽ പ്രിൻസിപ്പലായി ചുമതലയേറ്റു. അതിനാൽ, 1977ൽ അവിടെ വിദ്യാർത്ഥിയായി ചേർന്ന എനിക്ക് അദ്ദേഹത്തിന്റെ ക്ലാസിലിരിക്കാനുള്ള ഭാഗ്യമുണ്ടായില്ല. എങ്കിലും, വിദ്യാർത്ഥിയായും പിന്നീട് സഹപ്രവർത്തകനായ അദ്ധ്യാപകനായും ആ തണലിൽ കഴിഞ്ഞ പതിനഞ്ച് സംവത്സരങ്ങളിലെ ഓരോ ദിവസവും എനിക്ക് മഹത്തായ ഓരോ പാഠങ്ങളായിരുന്നു.
അദ്ധ്യാപകരില്ലാത്ത ക്ലാസുകൾ ശ്രദ്ധയിൽപ്പെട്ടാൽ ലബ്ബാസാർ ഉടൻ അവിടെയെത്തും. തുടർന്ന് നടത്തുന്നത് മനോഹരമായ മോട്ടിവേഷൻ ക്ലാസായിരിക്കും. ഒരു ഇന്റർവ്യൂവിനെ എങ്ങനെ നേരിടണം, പെരുമാറ്റരീതികൾ എങ്ങനെയായിരിക്കണം തുടങ്ങി ജീവിതവിജയത്തിനാവശ്യമായ വലിയ അറിവുകളാണ് അദ്ദേഹം കുട്ടികൾക്ക് പകർന്നുനൽകിയിരുന്നത്.
എന്നും വഴികാട്ടി
നമ്മുടെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസരംഗത്തിന്റെ ഉന്നതിക്കായി ഇത്രയേറെ സംഭാവനകൾ നൽകിയ മറ്റൊരു വ്യക്തിത്വമില്ലെന്നുതന്നെ പറയാം. പ്രതിസന്ധികളിൽ തന്റെ സഹപ്രവർത്തകരെ കൈവിടാതിരിക്കാനും സാർ എപ്പോഴും ശ്രദ്ധിച്ചിരുന്നു. കോളേജിൽ പിന്നീടുവന്ന പ്രിൻസിപ്പൽമാർക്കെല്ലാം സാറിന്റെ ആ വലിയ മാതൃക എന്നും ഒരു വഴികാട്ടിയായിരുന്നു. ലബ്ബസാർ പ്രിൻസിപ്പലായിരുന്ന ആ പതിനാറു വർഷങ്ങൾ ടി.കെ.എം എൻജിനിയറിംഗ് കോളേജിന്റെ ചരിത്രത്തിലെ സുവർണ കാലഘട്ടമായിരുന്നു.
സാറിന്റെ പ്രസംഗങ്ങൾ ഒരു കാവ്യാനുഭൂതി പോലെയായിരുന്നു. വിവിധ സർവകലാശാലകളിൽ ഡീൻ, സെനറ്റ് അംഗം, സിൻഡിക്കേറ്റ് അംഗം എന്നീ പദവികൾ അലങ്കരിച്ച അദ്ദേഹം, നിരവധി കലാലയങ്ങളുടെ ഗവേണിംഗ് ബോഡി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിക്കലിനു ശേഷവും AICTE മെമ്പർ, AICTE കൺസൾട്ടന്റ് എന്നീ ചുമതലകൾ വഹിച്ചു. ISTE വൈസ് പ്രസിഡന്റായും, എനർജി കൺസർവേഷൻ സൊസൈറ്റി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. IEEE, IE, ISTE എന്നിവയിലെ സീനിയർ മെമ്പറാണ്. കൊല്ലം ഗാന്ധി പീസ് ഫൗണ്ടേഷൻ വൈസ് ചെയർമാനായും കൊല്ലം പബ്ലിക് ലൈബ്രറി ട്രഷററായും, ഗ്രീൻ എനർജി ഫോറത്തിന്റെ അദ്ധ്യക്ഷനായും കർമ്മപഥം മുന്നോട്ട് കൊണ്ടുപോകുന്നു.
സഹധർമ്മിണി ഫാത്തിമ, മകൻ ഡോ.അൻസാരി (റിട്ട. ചീഫ് സയന്റിസ്റ്റ്, NIIST), മകൾ ഹസീനയും (മുൻ ഡെപ്യൂട്ടി ഡയറക്‌ടർ, LBS കൊല്ലം) അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ആശ്രാമത്തുള്ള വസതിയിൽ കഴിയുന്ന ലബ്ബ സാർ, വിവിധ സാമൂഹിക -വിദ്യാഭ്യാസ വേദികളിൽ സജീവമായി ഇന്നും തന്റെ കർമ്മനിരതമായ വിശ്രമജീവിതം തുടർന്നുപോരുന്നു. നവതി നിറവിൽനിൽക്കുന്ന ലബ്ബാസാറിന് പൂർണ ആരോഗ്യവും ആയുസും നേരുന്നു.
(ടി.കെ.എം.എൻജിനിയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ് വിഭാഗം മുൻ മേധാവിയാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |