SignIn
Kerala Kaumudi Online
Friday, 10 July 2026 11.14 AM IST

പാവം ഷിഗെല്ലയെ വെറുതെ സംശയിച്ചു !

dd

മുമ്പൊക്കെ കുഞ്ഞുങ്ങൾ ഒന്നോ രണ്ടോ തവണ ഛർദ്ദിക്കുകയോ വയറിളകുകയോ ചെയ്താൽ മാതാപിതാക്കൾ ഒന്നുരണ്ടു ദിവസം നാടൻ പ്രയോഗങ്ങൾ നടത്തി കാത്തിരിക്കുക പതിവായിരുന്നു. ഇപ്പോൾ കുഞ്ഞുങ്ങൾ ഛർദ്ദിച്ചു തുടങ്ങിയാൽതന്നെ 'അയ്യോ ഷിഗെല്ല വന്നേ' എന്നമട്ടിൽ ആശുപത്രിയിലേക്ക് ഒറ്റ വരവാണ്!. സംഭവം സമൂഹമാദ്ധ്യമത്തിന്റെ ഇഫക്ടാണ് !.
കുറച്ചുദിവസങ്ങളായി ഷിഗെല്ല എന്നാരോപിച്ചു കൊണ്ട് ധാരാളം പേർ കുട്ടികളെയും കൂട്ടി എന്നെ കാണാൻ വന്നുകൊണ്ടിരിക്കുകയാണ്. അതിൽ ഒരാൾ,ഒരു നാട്ടുമ്പുറത്തുകാരൻ,ഒരു ടാക്സി ഡ്രൈവർ,അനിൽകുമാർ,രണ്ടു കുട്ടികളെയും ഭാര്യയെയും കൂട്ടി കഴിഞ്ഞ ദിവസം ക്ലിനിക്കിൽ വന്നിരുന്നു.

ഒരു കുട്ടിക്ക് ഇന്നലെ തുടങ്ങിയ ഛർദ്ദി. ഒരുതവണ മാത്രം വയറിളകി. ഇത്രയും പറഞ്ഞ് അനിൽകുമാർ എന്നോട് ഒറ്റ ചോദ്യം.
'ഷിഗെല്ലയാണോ ഡോക്ടർ?'. അതിസാരത്തിന്റെ ലക്ഷണങ്ങളില്ല. മലത്തിൽ ചോരയില്ല.വയറുവേദനയില്ല.പനിയില്ല. ഒരു തവണത്തെ വയറിളക്കം. 'ഷിഗെല്ല ഇങ്ങനെയല്ല.' ഞാൻ അനിൽകുമാറിനെ ആശ്വസിപ്പിച്ചു. പുള്ളിക്ക് നല്ല ടെൻഷനുണ്ട്. എന്നാൽ ഭാര്യയ്ക്ക് അശേഷമില്ല. അവർ ചൂയിംഗ് ഗമ്മും ചവച്ചാണ് നിൽപ്പ് !. കുട്ടികൾക്ക് രണ്ടുപേർക്കും ഒട്ടും ടെൻഷനില്ല. അവർ കളിച്ചുകൊണ്ടിരിക്കുന്നു.

വൃത്തി,വെടിപ്പ്,കരുതൽ,ഒ.ആർ.എസ് തുടങ്ങിയ സ്ഥിരം ഉപദേശങ്ങൾ നൽകി അവരെ സന്തോഷത്തോടെ പറഞ്ഞയച്ചു.

പക്ഷേ പോകുന്ന പോക്കിൽ അനിൽ കുമാർ വീണ്ടും തലനീട്ടി.' ഷിഗെല്ല അല്ലെന്നുറപ്പാണല്ലോ അല്ലേ ഡോക്ടർ ', അന്നുരാത്രി പന്ത്രണ്ടുമണിക്കൊരു കോൾ. അനിൽകുമാറാണ്. ''ഡോക്ടറെ രണ്ടു കുട്ടികൾക്കും ഭയങ്കര ഛർദ്ദി,വയറിളക്കം. ഞങ്ങളിപ്പോൾ പപ്പൂസ് ആശുപത്രിയിൽ അഡ്മിറ്റാണ്...ഷിഗെല്ല ആയിരിക്കുമോ ഡോക്ടർ?''. അനിലിന് ഇപ്പോഴും അതാണറിയേണ്ടത്.

''അവിടത്തെ ഡോക്ടർ എന്തുപറഞ്ഞു?'' ഞാൻ സമാധാനപരമായി ചോദിച്ചു. ''ഞാൻ പലവട്ടം മാറിയും തിരിഞ്ഞും ചോദിച്ചിട്ടും ഷിഗെല്ലയാണെന്ന് ഡോക്ടർ സമ്മതിക്കുന്നില്ല...ഷിഗെല്ല അല്ലേ ഡോക്ടർ?''. ഞാൻ അനിലിനെ വീണ്ടും ആശ്വസിപ്പിച്ചു.''ഷിഗെല്ല ആണെങ്കിലും അല്ലെങ്കിലും നഗരത്തിലെ ഏറ്റവും വലിയ ആശുപത്രിയിലാണല്ലോ നിങ്ങൾ കിടക്കുന്നത് ? കുട്ടികൾ സുരക്ഷിതരാണ്. പേടിക്കേണ്ട.''

തിരിച്ചുവന്നു കിടക്കുമ്പോൾ ആലോചിച്ചു. ഷിഗെല്ലാപേടി കൊണ്ടായിരിക്കുമോ കാശു നോക്കാതെ അനിൽ ഇത്രയും വലിയ ആശുപത്രിയിൽ അഭയം പ്രാപിച്ചത്?......... അതോ ഇതെങ്ങാനും ഷിഗെല്ല തന്നെ ആയിരിക്കുമോ... പെട്ടെന്ന് ഞാൻ എന്നെ തന്നെ തിരുത്തി. യേയ് എന്റെ ഷിഗെല്ല ഇങ്ങനെയല്ല, എനിക്ക് കണ്ടാലറിയില്ലേ?. പിറ്റേന്ന് ഞാനതൊക്കെ മറന്ന് വൈകിട്ട് ക്ലിനിക്കിലിരുന്ന് കുട്ടികളെ കണ്ടുകൊണ്ടിരിക്കെയാണ് അനിലിന്റെ കോൾ വരുന്നത്.

'ഡോക്ടറെ ഞാനങ്ങോട്ട് വരുന്നുണ്ട്.'കാര്യം പറഞ്ഞില്ല. എന്തായിരിക്കും സംഗതി ? ടെസ്റ്റുകളിൽ ഷിഗെല്ല കണ്ടുപിടി ച്ചെന്നായിരിക്കുമോ ? എന്റെ രോഗനിർണയം തെറ്റിയെന്നു പറയാനായിരിക്കുമോ ?.അനിലിന് വേണ്ടത് ഒരു കൗൺസലിംഗാണ്. സോഷ്യൽ മീഡിയയിൽ വരുന്നതൊക്കെ വായിച്ചു തലയിൽ കയറ്റി സംശയരോഗിയായി മാറിയിരിക്കുകയാണ്. സംസാരിക്കുന്നതിനിടെ അയാളുടെ ഭാര്യ അതു സൂചിപ്പിച്ചു. 'ചേട്ടൻ എപ്പോഴും മൊബൈലിൽ അസുഖങ്ങളെക്കുറിച്ചുള്ള വീഡിയോകളാണ് കാണുന്നത്. ഷിഗെല്ല വന്നതിനുശേഷം പിന്നെ അതുതന്നെ...'

ഏതായാലും മാനസികമായി മുന്നൊരുക്കം ഒരുങ്ങി അനിലിനെയും പ്രതീക്ഷിച്ച് രോഗികളെ പരിശോധിച്ചു കൊണ്ടിരുന്നു.

ഇതിനിടയിൽ എന്റെ ക്ലിനിക്കിലെ സ്റ്റാഫ് ഒരു വിവരം അറിയിച്ചിരുന്നു. എന്നെ കാണാൻ കുട്ടികളും അമ്മയും വെയിറ്റുചെയ്ത സമയത്ത് അനിൽകുമാർ എത്തിയിരുന്നില്ല. അഞ്ചും ഏഴും വയസ്സുള്ള പിള്ളേർ എന്തോ ആവശ്യപ്പെട്ടു കരഞ്ഞുകൊണ്ടിരുന്നു. പിള്ളേരെ പുറത്തു കൊണ്ടുപോയി കുറേകഴിഞ്ഞ് അവർ തിരിച്ചുവന്നു. വന്നപ്പോൾ പിള്ളേർ എന്തോ കഴിച്ച് മുഖം തുടച്ചിരുന്നതായും സ്റ്റാഫ് പറഞ്ഞു.

ഒ.പി കഴിയാറായപ്പോൾ അതാ വരുന്നു അനിൽകുമാർ. ങേ ! കൂടെ രണ്ടു കുട്ടികളും ഭാര്യയും. വന്നുകയറിയയുടൻ അനിൽ പറഞ്ഞു. ''സാർ ഞങ്ങളെ ഇന്ന് വൈകിട്ട് ഡിസ്ചാർജ് ചെയ്തു...'' അനിലിന്റെ സംസാരത്തിലൊരു വിഷാദച്ഛായ!

''രണ്ടുപേർക്കും ഇന്ന് വയറിളക്കമില്ല. ഛർദ്ദിയും പനിയും ഒന്നുമില്ല...ഡിസ്ചാർജ് കാർഡിൽ ഷിഗെല്ല എന്നെഴുതിയിട്ടില്ല...''

''അനിലിന് അതാണോ വിഷമം?'' കളിയാക്കുന്ന മട്ടിൽ ഞാൻ ചോദിച്ചു. ''അല്ല സാർ ലക്ഷണം വെച്ച്... ഇപ്പോൾ ഷിഗെല്ല ആയിരിക്കാനല്ലേ സാദ്ധ്യത ?''

അപ്പോഴാണ് ഞാൻ അനിൽകുമാറിന്റെ ഭാര്യയുടെ നേർക്ക് ഈ ചോദ്യം ഉന്നയിച്ചത്.''എന്നെ കാണുന്നതിനുമുമ്പ് നിങ്ങൾ കുട്ടികളെയും കൊണ്ട് പുറത്തേക്ക് പോയിരുന്നോ?''''അതെ.'' വളരെ കൂളായി അവർ പറഞ്ഞു. ''എവിടാ പോയത്?'' ''പിള്ളേർ വിശക്കുന്നെന്ന് പറഞ്ഞു. ക്ലിനിക്കിന്റെ തൊട്ടടുത്ത കഫേയിൽ പോയി ഭക്ഷണം വാങ്ങിക്കൊടുത്തു.''. ''എന്തായിരുന്നു വാങ്ങിക്കൊടുത്തത്?'' ''ഷവർമ്മ.''അവർ പറഞ്ഞു.

ഉടനെ അനിൽ പ്രകോപിതനായി. ''എടീ...ഛർദ്ദിയും വയറിളക്കവുമുള്ളപ്പോഴാണോ ഈ ചവർമ്മ വാങ്ങിക്കൊടുത്തത്? ചുമ്മാതല്ല രണ്ടിനും അസുഖം കൂടിയത്. ഇതെന്നോടു പറയാത്തതെന്താ...'' അനിൽകുമാറിനെ തോളിൽ തട്ടി ഞാനാശ്വസിപ്പിച്ചു. ''സാരമില്ല. ഇനി ശ്രദ്ധിച്ചാൽ മതി... അസുഖം കൂട്ടിയത് ഷിഗെല്ലയല്ല, ഷവർമ്മയാണ്... ഇനി ഇതിന്റെ പേരിൽ വഴക്കുവേണ്ട.'' മടങ്ങുമ്പോൾ കോപവും സങ്കടവും അടക്കി അനിൽ പിറുപിറുക്കുന്നതു കേട്ടു.

'വെറുതെ ഷിഗെല്ലയെ സംശയിച്ചു. നിന്റെ ഒടുക്കത്തെയൊരു ഷവർമ്മ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY