SignIn
Kerala Kaumudi Online
Monday, 21 September 2026 3.34 AM IST

വെല്ലുവിളികളെ പ്രതിരോധിക്കാൻ ആശ്രയം ഗുരുദർശനം

a

ഏകാന്തവും സുദീർഘവുമായ തപസുകൊണ്ടും കന്മഷമില്ലാത്ത ജീവിതചര്യകൊണ്ടും അധ:സ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടത്തിയ മഹായജ്ഞം കൊണ്ടും നിത്യാരാധ്യനായി മാറിയ ശ്രീനാരായണഗുരുദേവന്റെ 99-ാം മഹാസമാധി ദിനമാണിന്ന്. ഗുരുവിന്റെ ജീവിതവും ദർശനവും സ്മരിക്കാനും മറ്റുള്ളവർക്ക് പകർന്നേകാനുമുള്ള പ്രചോദനമാണ് ഗുരുജയന്തി ദിനവും സമാധിദിനവും നമുക്ക് നൽകുന്നത്. ഗുരുചൈതന്യം ആവാഹിച്ച് നമ്മുടെ അകം പ്രകാശമാനമാക്കാനാണ് ഈ ദിനവും വരുംനാളുകളും നാം വിനിയോഗിക്കേണ്ടത്.

ഗുരുസമാധിയുടെ ശതാബ്ദി വർഷമാണ് വരാൻ പോകുന്നതെന്ന ഉത്തമബോദ്ധ്യത്തോടെയാണ് നാം ഇനിയുള്ള നാളുകളെ സമീപിക്കേണ്ടത്. വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും ഭീതിദമായ അവസ്ഥയിലേക്ക് ലോകം സഞ്ചരിക്കുന്ന ഈ ഘട്ടത്തിൽ ഗുരുവരുളിയ ഏകതയുടെ ചൈതന്യപ്രസരത്തിനേ അതിനെ തടയാനാകൂ എന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്. ഗുരുദർശനത്തിന് വരുംകാലങ്ങളിലേക്കും നീളുന്ന കാഴ്ചയുടെ ദൂരദീപ്തിയുണ്ടെന്ന് ഇപ്പോഴെങ്കിലും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ജനനമരണങ്ങൾക്കപ്പുറം നിത്യസത്യമായി പ്രകാശിക്കുന്നതാണ് ഗുരുസ്വരൂപം. ജനന മരണങ്ങൾ നമ്മെ തീണ്ടുകയില്ലെന്ന് ഗുരുതന്നെ അരുൾ ചെയ്തിട്ടുണ്ട്. ജാതിരാക്ഷസന്റെ നട്ടെല്ലൊടിക്കുക, തൽസ്ഥാനത്ത് മാനവ സമത്വത്തിലധിഷ്ഠിതമായ സാമൂഹ്യക്രമം സ്ഥാപിക്കാൻ പര്യാപ്തമായ ദാർശനികവും ധാർമ്മികവുമായ അടിത്തറയൊരുക്കുക എന്നതായിരുന്നു ഗുരുവിന്റെ അവതാരലക്ഷ്യം. അത് പൂർത്തീകരിക്കപ്പെട്ടപ്പോൾ അവിടുന്ന് ആ തിരുശരീരം ഉപേക്ഷിച്ചു. ഓരോ അവതാരത്തിനും ഓരോ ഉദ്ദേശ്യം ഉണ്ടായിരിക്കും. ഉദ്ദേശ സാക്ഷാത്കാരം നേടിയ മഹാത്മാവ് സ്വശരീരത്തെ ഉപേക്ഷിക്കുന്നതാണ് മഹാസമാധി.

ശ്രീനാരായണഗുരുവിന്റെ മഹാസമാധി പ്രാപിക്കൽ അടുത്തുനിന്നു കണ്ട ശിഷ്യനായ ഗുരുപ്രസാദ് സ്വാമികൾ ഇങ്ങനെയാണ് രേഖപ്പെടുത്തിയത്: ''മഹാസമാധിയടഞ്ഞ വിവരം കാട്ടുതീപോലെ നാട്ടിലാകെ പരന്നതോടെ ജനങ്ങൾ വ്യസനാക്രാന്തരായി പരിഭ്രമിച്ച് കൂട്ടം കൂട്ടമായി വന്നുചേർന്നു. പള്ളിക്കൂടങ്ങളിലും കൈത്തൊഴിൽ ശാലകളിലും കച്ചവട സ്ഥലങ്ങളിലും അവധി അനുവദിച്ചും ക്ഷേത്രങ്ങളിൽ വിശേഷാൽ ആരാധന നടത്തി നിത്യശാന്തിക്കായി പ്രാർത്ഥിച്ചും ആ മഹാതാപത്തിൽ പങ്കുകൊണ്ടതോർത്താൽ ശ്രീനാരായണഗുരുവിനെ ജനങ്ങൾ എത്രത്തോളം വിശ്വസിച്ചാരാധിക്കുന്നുണ്ടെന്ന് ഗ്രഹിക്കാം. ഗുരുദേവ തങ്കതിരുമേനി രോഗശയ്യയെ അവലംബിച്ചിട്ട് ആറേഴു മാസമായെങ്കിലും ദേഹം ക്ഷീണിച്ചതല്ലാതെ ദിവ്യതേജസ് പ്രസരിപ്പിച്ചു കൊണ്ടിരുന്ന മുഖകാന്തിക്ക് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.

സമാധിയടയുന്നതിന് ഏതാനും ദിവസങ്ങൾക്കുമുമ്പ് രോഗോപദ്രവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങളൊക്കെ ഈശ്വരപ്രാർത്ഥനയും പാരായണവും ശുശ്രൂഷയും ചെയ്തുകൊണ്ടിരുന്നു. നിയതിയുടെ അപരിഹാര്യമായ നിയോഗം അനുസരിച്ച് ആ മഹാദീപം നമ്മുടെ കണ്ണിൻ മുമ്പാകെ മറഞ്ഞു. സമാധി സമയം സ്വാമി സന്നിധിയിൽവച്ച് ശ്രീവിദ്യാനന്ദ സ്വാമികൾ യോഗവാസിഷ്ടം ജീവന്മുക്ത പ്രകരണം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. മോക്ഷപ്രാപ്തിയെ വിവരിക്കുന്ന ആ ഭാഗം കേട്ടുകൊണ്ട് ധ്യാനനിഷ്ഠനായാണ് ഗുരുദേവൻ മഹാസമാധി പൂകിയത്. മരണത്തിൽ ദു:ഖിക്കുന്നത് അനാവശ്യമാണെന്ന് തൃപ്പാദങ്ങൾ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഗുരുവിന്റെ മഹാസമാധി വാർത്ത നാടെങ്ങും പരന്നതോടെ ശിവഗിരിയിലേക്ക് ജനസഹസ്ര പ്രവാഹവും അനുശോചന സന്ദേശപ്രവാഹവും ഉണ്ടായി. നാരായണഗുരുവിന്റെ മഹാസമാധി അനുബന്ധച്ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്കായി തിരുവിതാംകൂർ സർക്കാർ പ്രത്യേക ഉത്തരവിലൂടെ വിദ്യാലയങ്ങൾക്ക് അവധി നൽകി''.

ജാതിരാക്ഷസന്റെ നട്ടെല്ലൊടിക്കുക, തൽസ്ഥാനത്ത് മാനവ സമത്വത്തിലധിഷ്ഠിതമായ സാമൂഹ്യക്രമത്തെ സംസ്ഥാപനം ചെയ്യുക, അതിന് പര്യാപ്തമായ ദാർശനികവും ധാർമ്മികവുമായ അടിത്തറയൊരുക്കുക എന്നതായിരുന്നു ഗുരുവിന്റെ ലക്ഷ്യം. അത് പൂർത്തീകരിച്ചപ്പോൾ അവിടുന്ന് ആ തിരുശരീരം ഉപേക്ഷിച്ചു. ശരീരം ത്യജിക്കുന്നതിന് നിമിത്തമായത് ഗുരുവിന്റെ ഉദരസംബന്ധമായ അസുഖമായിരുന്നു.

രോഗശയ്യയിൽ കിടക്കുന്ന ഗുരുവിനെ അന്നത്തെ ദിവാൻ പേഷ്ക്കാരായിരുന്ന മഹാകവി ഉള്ളൂർ എസ്.പരമേശ്വരയ്യർ സന്ദർശിച്ച വേളയിൽ മഹാകവി ചോദിച്ചു. 'അങ്ങ് അനേകംപേരുടെ രോഗം മാറ്റുന്നുവല്ലോ അവിടുത്തെ രോഗവും അങ്ങേക്ക് മാറ്റിക്കൂടയോ? അവിടുന്ന് ഏറെക്കാലം ജീവിച്ചിരിക്കണം. അവിടുന്ന് ഒന്ന് സങ്കൽപ്പിച്ചാൽ മതിയല്ലോ.' ഗുരു പറഞ്ഞു, 'ശരീരമല്ലയോ, ഇത് പോകേണ്ട സമയമായി. ഇതുകൊണ്ട് ഇനി പ്രയോജനമില്ല.'

ആത്മീയതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും മനോഹര സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം. ഭാരതത്തിന്റെ സാംസ്‌കാരിക നഭോമണ്ഡലത്തിൽ മാറ്റങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച ഗുരു, വിദ്യകൊണ്ട് സ്വതന്ത്രരാവാനും കർമ്മംകൊണ്ട് അഭിവൃദ്ധിനേടാനും സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനം നൽകി. അദ്വൈതം ജീവിതമതമായി സ്വീകരിച്ച ശ്രീ നാരായണഗുരു അതെങ്ങനെ പ്രയോഗിക ജീവിതത്തിൽ പകർത്തണമെന്ന് ജീവിച്ച് ബോദ്ധ്യപ്പെടുത്തി.

ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ പൊട്ടിച്ചെറിയാനും പരസ്പര സഹകരണത്തിലൂടെ മുന്നേറാനും ഒരു ജനതയെ ഉപദേശിച്ചു. സമൂഹം നേരിടുന്ന വെല്ലുവിളികളെ തന്റെ കർമ്മങ്ങളും ഉപദേശങ്ങളുംകൊണ്ട് മറികടക്കാൻ ഇപ്പോഴും അദൃശ്യ സാന്നിദ്ധ്യമായി നിന്നുകൊണ്ട് സഹായിക്കുകയാണ് ഗുരു. സാമൂഹികവും സാമ്പത്തികവുമായ അവശതകളിൽപെട്ട് സ്വാഭിമാനം ചോർന്നുപോയ ഒരു സമൂഹത്തെ ഉയിർത്തെഴുന്നേൽപ്പിക്കാനും, വെല്ലുവിളികളെ പ്രതിരോധിക്കാനുമുള്ള കരുത്തും കാഴ്ചപ്പാടും കൈവരിക്കാനും ഗുരുദർശനം സഹായിച്ചു.

ഗുരുദർശനം

വേദപുസ്തകം

അധ:സ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നൽകി മുഖ്യധാരയിലേക്കുയർത്തിയ ഗുരുദർശനം ഇന്നും കാലിക പ്രസക്തമാണ്. വിദ്യയിലൂടെ മാത്രമേ നവോത്ഥാനം പ്രാപ്യമാക്കാനാകൂ എന്നുതിരിച്ചറിഞ്ഞ ഗുരു, അവർണർക്കായി വിദ്യാലയങ്ങൾ തുറന്നു. 'വിദ്യ കൊണ്ട് സ്വതന്ത്രരാവുക, സംഘടിച്ച് ശക്തരാകുക' എന്ന് സമൂഹത്തോടായി ഗുരു പറഞ്ഞു. വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു.

മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്വചിന്തയും ഗുരുവിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരായ പോരാട്ടമായിരുന്നു ഗുരുവിന്റെ ജീവിതം. ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർക്കായി ദേവാലയങ്ങൾ ഉണ്ടാക്കിയപ്പോഴും വിദ്യ നഷ്ടപ്പെട്ടവർക്കായി വിദ്യാലയങ്ങൾ ഉണ്ടാക്കിയപ്പോഴും ഗുരു മുന്നിൽകണ്ടത് സമൂഹത്തിന്റെ സാഹോദര്യമായിരുന്നു. കേരളമൊട്ടുക്കും 43ഓളം ക്ഷേത്രങ്ങൾ ഗുരു പ്രതിഷ്ഠിച്ചു.

വർത്തമാന കാലഘട്ടത്തിൽ നാം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ ഗുരുദർശനത്തെ ആശ്രയിക്കുകയാണ് ഏക പോംവഴി. ജീവിച്ചിരുന്നപ്പോഴും മഹാസമാധിയായ ശേഷവും ശ്രീനാരായണഗുരുവിനെപ്പോലെ ഇത്രയേറെ ആരാധനയ്ക്കും പഠനത്തിനും വിധേയമായ മറ്റൊരു മഹദ് വ്യക്തി ലോകചരിത്രത്തിൽ അപൂർവമാണ്. ജീവിതത്തെ ഉത്തരോത്തരം മനോഹരമാക്കാനുള്ള ഉത്തമമായ പ്രവർത്തനശൈലിയുടെ വേദപുസ്തകമാണ് ഗുരുദർശനം.

അറിവിനും തൊഴിലിനും ഗുരു പ്രാധാന്യം നൽകി. കേരളം ഇന്നുഭവിക്കുന്ന ഒട്ടുമിക്ക സ്വാതന്ത്ര്യങ്ങളുടെയും ആദിമൂലം ഗുരുദേവ ചിന്തകളാണെന്ന തിരിച്ചറിവ് നവീകരിക്കാനുള്ള പാവനമായ സന്ദർഭമാണ് ഈ സമാധിദിനാചരണം.

ഗുരുദർശനത്തിന്റെ പ്രാധാന്യം

'ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സ‌ർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്'. ഗുരു ഇങ്ങനെ അരുളിയിട്ട് വർഷങ്ങൾ കടന്നുപോയെങ്കിലും മനുഷ്യൻ നന്നാവുന്നതിന്റെ ലക്ഷണങ്ങളല്ല ഇന്നുകാണുന്നത് എന്നത് ആരെയും ആശങ്കയിലാഴ്ത്തുന്നതാണ്. നാം നേടിയെന്നവകാശപ്പെടുന്ന നവോത്ഥാന മൂല്യങ്ങൾ പിന്നോട്ടടിക്കപ്പെടുകയാണ്. എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന് ഗുരു അരുളിയ സത്യം മനുഷ്യർക്ക് ഇതേവരെ ബോദ്ധ്യപ്പെട്ടില്ലെന്ന സൂചനയല്ലേ ഇതുനൽകുന്നത്?

മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന ഗുരുവരുൾ എത്രപേർ മനസിലാക്കി? ഏത് മതസ്ഥരും ആകട്ടെ, നന്നാവേണ്ടത് മനുഷ്യനാണെന്ന ഗുരുവചനം കേരളത്തിന് അന്യമാകുകയാണോ? ഒരുപീഡ എറുമ്പിനും വരുത്തരുതെന്ന ഗുരുവിന്റെ സംഗീതസ്വര സപ്തകം നാം സ്വന്തം ഹൃദയത്തിൽ ഉൾക്കൊണ്ടോ എന്നത് ചിന്തനീയമാണ്. ഗുരുദർശനത്തിന് വരുംകാലങ്ങളിലേക്കും നീളുന്ന കാഴ്ചയുടെ ദീപ്തിയുണ്ടെന്ന് ഇപ്പോഴെങ്കിലും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ സമകാലിക യാഥാർത്ഥ്യത്തിലാണ് ഗുരുദർശനത്തിന്റെ അവബോധം അനിവാര്യമാകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY