
വികസനത്തിന്റെ വമ്പൻ കുതിപ്പിൽ ആഗോളതലത്തിൽത്തന്നെ കേരളത്തിന്റ മേൽവിലാസമായിക്കഴിഞ്ഞു, വിഴിഞ്ഞം തുറമുഖം. ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം 2024 ഡിസംബറിലാണ് തുറമുഖത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുറമുഖ സേവനം പ്രയോജനപ്പെടുത്തിയ ചരക്കുകപ്പലുകളുടെ എണ്ണം ഇക്കഴിഞ്ഞ ജൂണോടെ ആയിരം കടക്കുകയും ചെയ്തു. അടുത്ത ഇരുപതുവർഷം കൊണ്ട് പൂർത്തിയാക്കാൻ തുടക്കത്തിൽ ലക്ഷ്യമിട്ടിരുന്ന വികസനത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങൾ ഒരുമിച്ചു ചേർത്ത് 2028 ഡിസംബറിൽ പൂർത്തിയാക്കാനുള്ള അതിവേഗ നടപടികളാണ് അദാനി പോർട്സ് ലിമിറ്റഡ് നിലവിൽ നടത്തുന്നത്. ഇതിനായി അദാനി ഗ്രൂപ്പ് നടത്തുന്ന നിക്ഷേപം 16,000 കോടിയുടേതാണ്. അതോടെ വിഴിഞ്ഞത്ത് കമ്പനിയുടെ ആകെ നിക്ഷേപം 30,000 കോടിയായി ഉയരും! ഇത് സംസ്ഥാനത്തിന്റെ വാണിജ്യ വികസനത്തിലും സാമ്പത്തിക മുന്നേറ്റത്തിലും ചെലുത്താനിരിക്കുന്ന സ്വാധീനം കണക്കുകളിൽ നിന്നുതന്നെ വ്യക്തം.
ഏത് വൻകിട പദ്ധതിയുടെ കാര്യത്തിലും പരിസ്ഥിതിദോഷവും പുനരധിവാസവും പ്രധാന വിഷയമായി ഉയർന്നുവരാറുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ ആകെ വിസ്തൃതി 450.59 ഹെക്ടറാണ്. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്കു പുറമേ, തുറമുഖവുമായി സമ്പർക്കത്തിൽ വരുന്നതും, വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരുമായ 21,000 കുടുംബങ്ങളെയാണ് പുനരധിവാസ പദ്ധതിയുടെ ഗുണഭോക്താക്കളായി മൂന്നുവർഷം മുമ്പത്തെ പുതുക്കിയ സർവേ അനുസരിച്ച് കണ്ടെത്തിയിരുന്നത്. 2019ൽ പദ്ധതി വിഭാവനം ചെയ്യുമ്പോൾ മുതൽ പദ്ധതിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. പദ്ധതി കാരണം പുനരധിവസിപ്പിക്കേണ്ടിവരുന്ന മത്സ്യത്തൊഴിലാളികളും തദ്ദേശീയരുമായി ബന്ധമില്ലാത്ത ചില ഏജൻസികൾ അന്യസംസ്ഥാന ലോബിയുടെ 'പണിക്കാരായി' ആദ്യഘട്ടത്തിൽ കോടതി വ്യവഹാരത്തിന് മുന്നിൽ നിന്നിരുന്ന വിവരവും പിന്നീട് പുറത്തുവന്നു. അതെന്തായാലും, വിഴിഞ്ഞം അടുത്ത ഘട്ടങ്ങളിലൂടെ മുന്നേറുമ്പോഴും തുടർവികസനത്തിന് എതിരെയും പരിസ്ഥിതി- പുനരധിവാസ പ്രശ്നങ്ങൾ ഉന്നയിച്ചും ശബ്ദങ്ങൾ ഉയരുന്നത് ഒഴിവാക്കേണ്ടതു തന്നെയാണ്.
തുറമുഖ നിർമ്മാണം കാരണം ജീവനോപാധി നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ ഇതുവരെ വിതരണം ചെയ്തത് 300 കോടിയിലധികം രൂപയാണ്. പൂർണമായ പുനരധിവാസം വൈകുന്നതിനെച്ചൊല്ലിയും, തീരമേഖലയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉന്നയിച്ചുമാണ് ഇപ്പോഴും ചില ജനകീയ സമിതികളുടെ നേതൃത്വത്തിൽ എതിർപ്പുകൾ തുടരുന്നത്. 260 കോടി ചെലവിൽ വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണം തുടങ്ങിയത് ഈയിടെയാണ്. അതിബൃഹത്തായ തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസം പൂർത്തിയാകാൻ സ്വാഭാവികമായ കാലതാമസം നേരിടുമെന്നത് നേരുതന്നെ. എന്നാൽ, സംസ്ഥാനത്തിന്റെ അഭിമാനമായ വിഴിഞ്ഞത്തിന്റെ പേരിൽ തദ്ദേശീയരിൽ നിന്ന് ഇനിയും അപസ്വരങ്ങൾ ഉയരുന്നത് എത്രയും വേഗം പരിഹരിക്കുകതന്നെ വേണം.
വിഴിഞ്ഞത്തെ വികസന സാദ്ധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്താൻ നിലവിൽ മുന്നിലുള്ള പ്രധാന തടസം ഭൂമിയുടെ ലഭ്യതക്കുറവാണ്. തുറമുഖവുമായി ബന്ധപ്പെട്ട് വേണ്ടിവരുന്ന വലിയ സംഭരണശാലകൾ മിക്കവയും ഇടംകണ്ടെത്തുന്നത് തമിഴ്നാട്ടിലാണ് എന്നതാണ് സ്ഥിതി. നിലവിലെ നിർമ്മാണ പ്രവൃത്തികൾ പൂർണവേഗത്തിൽ പൂർത്തിയാകാനും, വികസനം സുഗമമായി യാഥാർത്ഥ്യമാകാനും വേണ്ടുന്ന അന്തരീക്ഷമൊരുക്കേണ്ടത് സർക്കാരാണ്. അതിന് പുനരധിവാസ പ്രവർത്തനങ്ങളുടെ തൽസ്ഥിതി വിലയിരുത്തുകയും, അതിവേഗ പൂർത്തീകരണത്തിന് നടപടി സ്വീകരിക്കുകയും വേണം. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലെന്നല്ല, ഭാവിയിലെ മറ്റു വികസന പദ്ധതികളുടെ കാര്യത്തിലും പുനരധിവാസ പദ്ധതികൾക്ക് കൃത്യമായ ആസൂത്രണവും രൂപരേഖയും സമയബന്ധിതമായ പൂർത്തീകരണത്തിന് പ്രത്യേക സംവിധാനങ്ങളും ഉണ്ടായേ മതിയാകൂ.
Vizhinjam Port has emerged as a major global landmark in Kerala’s development journey. After successfully completing its first phase, the port began commercial operations in December 2024.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |