SignIn
Kerala Kaumudi Online
Tuesday, 21 July 2026 2.26 PM IST

സ്പെയ്‌നിന്റെ ലോക വിജയം

READ ENGLISH VERSION
a
a

ലോക ഫുട്ബാളിന്റെ ചക്രവാളത്തിൽ ഒരിക്കൽക്കൂടി ചെങ്കിരണങ്ങൾ വീശി സ്പാനിഷ് സൂര്യൻ ഉദിച്ചിരിക്കുന്നു. മൂന്ന് രാജ്യങ്ങൾ ആതിഥ്യം വഹിച്ച 23-ാമത് ലോകകപ്പ് ഫുട്ബാളിന്റെ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ലയണൽ മെസിയുടെ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് സ്പെയ്‌നിന്റെ കിരീടധാരണം. അധികസമയത്തേക്ക് നീണ്ട കലാശക്കളിയുടെ 106-ാം മിനിട്ടിൽ നിക്കോ വില്യംസിന്റെ പാസിൽ നിന്ന് ഫെറാൻ ടോറസ് നേടിയ ഗോളാണ് അടുത്ത നാലുവർഷത്തേക്കുള്ള ലോകചാമ്പ്യന്മാരെ നിശ്ചയിച്ചത്. ടൂർണമെന്റിലെ തങ്ങളുടെ ആദ്യമത്സരത്തിൽ കേപ്പ് വെർദേയെന്ന അരങ്ങേറ്റരാജ്യത്തിന് മുന്നിൽ ഗോളടിക്കാൻ കഴിയാതെ സമനില വഴങ്ങിയിരുന്ന സ്പെയ്ൻ പിന്നീട് ഒറ്റമത്സരത്തിൽപ്പോലും തോൽക്കുകയോ ലീഡ് വഴങ്ങുകയോ ചെയ്യാതെയാണ് കിരീടമുയർത്തിയത്.

ലയണൽ മെസിയെന്ന ഇതിഹാസതാരത്തിന്റെ കരുത്തിലേറിവന്ന അർജന്റീനയ്ക്ക് കലാശക്കളിയിൽ സ്പാനിഷ് പ്രതിരോധം കത്രികപ്പൂട്ടിട്ടു. കൃത്യമായ ആസൂത്രണവും പന്തടക്കവും പാസിംഗ് ഗെയിമുംകൊണ്ട് അർജന്റീനഗോൾമുഖത്ത് പലകുറി കയറിയിറങ്ങി. നാലുവർഷംമുമ്പ് ഖത്തറിലെ ഫൈനൽഷൂട്ടൗട്ടിൽ രക്ഷകനായ ഗോളി എമിലിയാനോ മാർട്ടിനെസ് ഇക്കുറി 11 സേവുകളുമായി ഇരുപകുതികളിലും വിയർപ്പൊഴുക്കിയതാണ് കളി അധികസമയത്തേക്ക് നീട്ടിയത്. ഗോൾ വഴങ്ങിയാലേ ഉണരൂ എന്ന് പലകുറി തെളിയിച്ച അർജന്റീന ഫൈനലിലും ഒന്നുകിട്ടിയപ്പോൾ തിരിച്ചടിക്കാൻ ശ്രമിച്ചതാണ്. പക്ഷേ സമയവും ഭാഗ്യവും ഒപ്പമുണ്ടായിരുന്നില്ല. മികച്ച ടീം വർക്കാണ് സ്പാനിഷ് പടയോട്ടത്തിന് കരുത്തായത്. അതിന് തെളിവായാണ് മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ സ്പാനിഷ് ക്യാപ്ടൻ റൊഡ്രിയേയും മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ളൗ ഉനേയ് സിമോനെയും മികച്ച യുവതാരത്തിനുള്ള പുരസ്കാരം 19കാരൻ ഡിഫൻഡർ പാവു കുബാർസിയേയും തേടിയെത്തിയത്.

പ്രതിരോധ നിരകളെ ചിതറിച്ചുകളയുന്ന ശൈലിക്കുടമയായ കൗമാരതാരം ലാമിൻ യമാലാണ് സ്പാനിഷ് നിരയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. 10 ഗോളുകളുമായി ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ഇത് രണ്ടാം വട്ടമാണ് സ്പെയ്ൻ ലോകചാമ്പ്യന്മാരാകുന്നത്. 2010ൽ ആദ്യമായി ഫൈനലിലെത്തിയപ്പോൾ ഹോളണ്ടിനെയും ഏകപക്ഷീയമായ ഒരു ഗോളിനാണ് കീഴടക്കിയിരുന്നത്. ‌ഈ കിരീടനേട്ടം മറ്റൊരു ചരിത്രത്തിന്റേയും തനിയാവർത്തനമാണ്. 2008ൽ യൂറോകപ്പ് ജേതാക്കളായ ശേഷമായിരുന്നു സ്പെയ്‌നിന്റെ കിരീടധാരണം. ഇക്കുറിയും യൂറോകപ്പ് നേടിയാണ് സ്പാനിഷ് സംഘമെത്തിയത്.

കലാശക്കളിക്കു ശേഷം കണ്ണീരോടെ മടങ്ങേണ്ടിവന്നെങ്കിലും തുടർച്ചയായ രണ്ട് ലോകകപ്പ് ഫൈനലുകളിൽ കളിക്കുകയെന്ന അർജന്റീനയുടെ നേട്ടം ചെറുതല്ല. കഴിഞ്ഞ നാലു ലോകകപ്പുകളിൽ മൂന്നിലും ഫൈനലിലെത്തുകയും ഒരു തവണ കിരീടമുയർത്തുകയും ചെയ്ത മെസി 39-ാം വയസിലും എട്ടുഗോളുകളും നാല് അസിസ്റ്റുകളുമായി തന്റെ പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുത്തു.

മെസി, ക്രിസ്റ്റ്യാനോ, നെയ്മർ, ലൂക്കാ മൊഡ്രിച്ച് തുടങ്ങിയവരുടയൊക്കെ അവസാന ലോകകപ്പാണ് കഴിഞ്ഞുപോയത്. കണ്ണീരോടെയാണ് മടങ്ങിയതെങ്കിലും ഇവർ മൈതാനങ്ങളിൽ സൃഷ്ടിച്ച മായാജാലം എക്കാലവും ഫുട്ബാൾ പ്രേമികളുടെ മനസിൽ നിറഞ്ഞുനിൽക്കും. 48 രാജ്യങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചപ്പോഴുണ്ടായ ആശങ്കകളെ അപ്രസക്തമാക്കിയ ഈ ലോകകപ്പ് 64 രാജ്യങ്ങളിലേക്കുള്ള വികസനത്തിന് ഫിഫയ്ക്ക് ധൈര്യമേകും. ഫിഫ റാങ്കിംഗിൽ 100ന് പുറത്തുള്ള നമ്മുടെ രാജ്യത്തിനും എന്നെങ്കിലും കളിക്കാൻ കഴിയുമെന്ന പ്രതീക്ഷകൾ പൂവണിയുന്നതിന് ലോകകപ്പ് വലുതാകുന്നതാണ് നല്ലത്. ഫൈനൽ കാണാൻ സ്കൂളുകൾക്ക് അവധിനൽകി നല്ല മാതൃക കാട്ടിയ സംസ്ഥാന സർക്കാർ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും മുന്നിട്ടിറങ്ങണം.അല്ലെങ്കിൽ നമ്മുടെ ലോകകപ്പുകൾ ഫ്ളക്സ്ബോർഡുകളിലും ബിഗ്സ്ക്രീനുകളിലുമൊതുങ്ങും. മലയാളികളടങ്ങുന്ന ഒരിന്ത്യൻ ടീം ലോകകപ്പിനിറങ്ങുന്ന മുഹൂർത്തം എത്രയും വേഗം പിറക്കട്ടെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY