
സാർവലൗകികമായ ധർമ്മത്തിന്റെ അടിസ്ഥാന സമസ്യകളെ അഭിസംബോധന ചെയ്യുന്നതാണ് രാമായണം. പ്രായഭേദമന്യേ പരസ്പരാദരങ്ങളുടെ പൂരകമാണ് പുരാണചരിത്രങ്ങളിൽ കാണുക. രാമായണത്തിൽ ഇത് സുതരാം പ്രകടമാണ്. എന്താണ് മാതൃകയെന്ന് ശ്രീരാമൻ നമ്മെ പഠിപ്പിക്കുന്നു. ധർമ്മത്തിനുവേണ്ടിയുള്ള കർമ്മമെന്നല്ലാതെ ഒന്നും സ്വേച്ഛയനുസരിച്ച് സ്വാർജ്ജിതമാക്കണമെന്നു രാമൻ ഒരിടത്തും ചിന്തിച്ചിട്ടുപോലുമില്ല. ശ്രീരാമൻ ഒരിടത്തും ആരെയും വധിച്ചിട്ടില്ല; മോക്ഷപ്രാപ്തി നല്കിയിട്ടേയുള്ളു. ഒന്നും പിടിച്ചെടുക്കുകയല്ല, ധർമ്മസംസ്ഥാപനത്തിനായി അർഹിക്കുന്ന കൈകളിൽ ഏൽപ്പിക്കുക മാത്രമായിരുന്നു ശ്രീരാമധർമ്മം എന്നും.
പണ്ട് ദേവന്മാരും അസുരന്മാരും തമ്മിൽ ഘോരയുദ്ധംനടന്നു. യുദ്ധത്തിൽ അസുരന്മാർ പരാജിതരാവുകയും ഒട്ടേറെപ്പേർ വധിക്കപ്പെടുകയുമുണ്ടായി. രാക്ഷസകുലത്തിൽ പുത്രപത്നിമാരുടെ കണ്ണീർകണ്ട് പുത്രദുഃഖത്തിലാണ്ട അസുരമാതാവായ ദിതിയെ ഏറെ കോപിഷ്ഠയാക്കി. ദേവമാതാവായ അദിതിക്ക് ഈ വക ദു:ഖങ്ങളൊന്നുമില്ലല്ലോ എന്നചിന്ത അതിന്റെ ആഴം വർദ്ധിപ്പിച്ചു. അവർ ഉടനെതന്നെ അസുരഗുരുവായ ശുക്രാചാര്യരോട് സങ്കടം ബോധിപ്പിച്ചു.
ദിതിയുടെ സങ്കടംകണ്ട് ശുക്രമാതാവായ പുലോമയ്ക്ക് മനസലിഞ്ഞു. പതിവ്രതയായ പുലോമ ദേവനിഗ്രഹത്തിനായി തപഃധ്യാനത്തിലാണ്ടു. പരിഭ്രാന്തനായ ദേവേന്ദ്രൻ ബ്രഹ്മനിർദ്ദേശത്താൽ വൈകുണ്ഠനാഥനെച്ചെന്നു കണ്ടു. ഇരുവരും ശുക്രാചാര്യരെക്കണ്ട് പുലോമയെ തപോവിമുഖയാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അതിനു വഴങ്ങാത്തതുകണ്ട് മഹാവിഷ്ണു സുദർശനത്താൽ പുലോമയുടെ കഴുത്തറുത്തു.
തന്റെ പത്നിയുടെ വിയോഗമറിഞ്ഞ് കോപാഗ്നിയിലാണ്ട ഭൃഗുമഹർഷി തനിക്ക് ഭാര്യാദുഃഖം വിധിച്ച പാലാഴിനാഥനും അപ്രകാരം സംഭവിക്കട്ടെ എന്ന് ശപിച്ചു. മുനിപത്‌നിയുടെ പാതിവ്രത്യ ശക്തി ദേവനിഗ്രഹത്തിനു കാരണമാവുന്നതിൽനിന്നും തടുക്കുകമാത്രമേ നിഗ്രഹത്തിലൂടെ ഉദ്ദേശിച്ചുള്ളുവെന്നും മുനിയുടെ കൈവശമുള്ള മൃതസഞ്ജീവനി വഴി പുനർജ്ജനി നൽകണമെന്നുമാണ് മനസിൽ കരുതിയതെന്നും മഹാവിഷ്ണു മുനിയോടുണർത്തിച്ചു. മുനിപത്നിയെ ജീവിപ്പിക്കണമെന്നുകൂടി ലക്ഷ്മീപതി അറിയിച്ചു.
കാര്യമറിയാതെ പ്രവർത്തിച്ചതിൽ വിഷമിച്ച ഭൃഗുമഹർഷി അപ്രകാരം മുനിപത്നിയെ മോചിപ്പിച്ചു. ശാപഫലത്തിനായി താൻ ദശരഥപുത്രനായി ജനിച്ച് ഭാര്യാവിയോഗം അനുഭവിച്ചുകൊള്ളാമെന്നു മഹാവിഷ്ണു അറിയിച്ചു. രാമധർമ്മമായ രാവണ നിഗ്രഹമെന്ന നന്മയ്ക്കും അത് കാരണമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |